വിദേശത്ത് മെഡിക്കൽ പഠനം: ‘നീറ്റ്’ നിർബന്ധമാക്കും
വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നതിന് ‘നീറ്റ്’ നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ‘നീറ്റ്’ വിജയിച്ചാൽ മാത്രമേ വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്ക് എൻ.ഒ.സി ( No Objection Certificate ) ലഭിക്കു. വിദേശത്തു പഠിച്ചു വരുന്നവരുടെ നിലവാരം കുറഞ്ഞതായി കണ്ടതിനാലാണ് ആരോഗ്യ മന്ത്രാലയം ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾ സ്വാധീനവും പണവുമുപയോഗിച്ച് വിദേശ രാജ്യങ്ങളിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്നത് തടയാൻ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിദേശ മെഡിക്കൽ കോളജുകളിൽനിന്ന് ബിരുദം സമ്പാദിക്കുന്നവരിൽ ഭൂരിഭാഗം പേരും, ഇന്ത്യയിൽ പ്രക്ടിസ് ചെയ്യാൻ കേന്ദ്രസർക്കാർ നടത്തുന്ന എഫ്.എം.ജി.ഇ (Foreign Medical Graduate Examination ) പരീക്ഷയിൽ പരാജയപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എഫ്.എം.ജി.ഇ പരീക്ഷ പാസായത് 13.09 ശതമാനം മുതൽ 26.9 ശതമാനം വരെ വിദ്യാർഥികൾ മാത്രമാണ്. വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ ഇല്ലാത്തതും വിദ്യാർഥികളുടെ നിലവാരം കുറയാൻ ഇടയാക്കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലെയും മെഡിക്കൽ വിദ്യാഭ്യാസത്തിൻറെ നിലവാരവും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് മെഡിക്കൽ പഠനത്തിന് ‘നീറ്റ്’ നിർബന്ധമാക്കുന്നതിലൂടെ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ ഇന്ത്യയിൽ ജോലിക്കായി തിരിച്ചെത്തുേമ്പാൾ മികച്ച നിലവാരം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.. ഇൗ വർഷം 11.5 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി നടത്തിയ ‘നീറ്റിൽ’ 7.5 ലക്ഷം വിദ്യാർഥികൾ പെങ്കടുത്തിരുന്നു.