ലാസ്റ്റ്ഗ്രേഡ് പരീക്ഷ: ഒക്ടോബർ 7, 28 തീയതികളിൽ

Share:

സംസ്ഥാനത്ത് വിവിധ കമ്പനികളിലേക്കും ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷാതിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 7, 28 തിയതികളിലാണ് പരീക്ഷ.
ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ പി എസ് സി പരീക്ഷ നടത്തുന്നത്. മൂല്യനിര്‍ണയശേഷം രണ്ടു പരീക്ഷകളുടെയും ചോദ്യങ്ങളുടെ സ്വഭാവം അനുസരിച്ച് മാര്‍ക്ക് ശാസ്ത്രീയമായി ക്രമീകരിക്കും. തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെ കൂട്ടിച്ചേര്‍ത്ത് ഏകീകൃത റാങ്ക്പട്ടികയായിരിക്കും പ്രസിദ്ധീകരിക്കുക. നിലവില്‍ റാങ്ക്പട്ടിക ഇല്ലാത്തതിനാല്‍ ഈവര്‍ഷം പട്ടിക പ്രസിദ്ധീകരിക്കാനും പി എസ് സി  തീരുമാനിച്ചിട്ടുണ്ട്. മുമ്പ് കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് ഏകീകൃത റാങ്ക്പട്ടിക പി എസ് സി  പ്രസിദ്ധീകരിച്ചിരുന്നു.

ഇത്തവണ 11,83328 പേരാണ് ലാസ്റ്റ്ഗ്രേഡ് പരീക്ഷയെഴുതുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3,70,592 പേരുടെ വര്‍ധന.
ആദ്യഘട്ടമായ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകര്‍ക്കും 28ന് കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്കുമാണ് പരീക്ഷ. പകല്‍ 1.30 മുതല്‍ 3.15 വരെയായിരിക്കും സമയം.

പൊതുവിജ്ഞാനം, ജനറല്‍ സയന്‍സ്, ലഘുഗണിതം എന്നിവയാണ് ഇത്തവണത്തെയും സിലബസ്. മലയാളത്തിനുപുറമെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരവരുടെ മാതൃഭാഷയില്‍ ചോദ്യങ്ങള്‍ ലഭിക്കും.

ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളുടെ ഏറ്റവുംവലിയ പ്രത്യേകതയാണ് ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക്. റാങ്കു പട്ടികയില്‍ കടന്നുകൂടാന്‍പോലും 80 ശതമാനത്തിലേറെ മാര്‍ക്ക് നേടേണ്ടതായുണ്ട്. തൊണ്ണൂറുശതമാനത്തിനും മേലെ മാര്‍ക്കുനേടിയാലേ നല്ലൊരു റാങ്ക് ഉറപ്പാക്കാനാവൂ. ചില ജില്ലകളില്‍ കട്ട് ഓഫ് മാര്‍ക്ക് 95 പിന്നിട്ട ചരിത്രവുമുണ്ട്.

ചെറിയ പിഴവുകള്‍പോലും ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ വിജയത്തിന് തടസ്സമാവാമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കഠിനാധ്വാനവും ശ്രദ്ധയും മാത്രമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിൽ മുൻനിരയിൽ എത്താനുള്ള മാർഗ്ഗം. തെറ്റുകൂടാതെ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയെ മതിയാവൂ. വളരെ വിപുലമായ തയ്യാറെടുപ്പുകള്‍ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് വേണ്ടതുണ്ട് എന്നതിലേക്കാണിത് വിരൽ ചൂണ്ടുന്നത്.

ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്‌ക്കൊരുങ്ങുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദ്യങ്ങൾ ആകാൻ സാധ്യതയുണ്ട്. നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷാവിജയത്തില്‍ പരമപ്രധാനമാണ്.

കേരളചരിത്രം, സംസ്‌കാരം, നവോത്ഥാനം, ഭൂമിശാസ്ത്രം, ജില്ലകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. കേരളരാഷ്ട്രീയത്തിലെ നാഴികക്കല്ലുകള്‍, വേറിട്ട വ്യക്തിത്വങ്ങള്‍, വര്‍ഷങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയും ചോദ്യത്തിലുണ്ടാകാം.

പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ കഴിഞ്ഞകാലങ്ങളിലെ ലാസ്റ്റ്‌ഗ്രേഡ് ചോദ്യപ്പേപ്പറുകള്‍ നിശ്ചയമായും വായിച്ചിരിക്കണം. പരീക്ഷയിലെ ചോദ്യങ്ങളുടെ രീതിയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാന്‍ ഇത് സഹായകമാകും. മുന്‍ ചോദ്യപ്പേപ്പറുകളിലെ അഞ്ച് ശതമാനം ചോദ്യങ്ങള്‍ വരെ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളില്‍ ആവര്‍ത്തിക്കാറുണ്ട്.
മുന്‍ചോദ്യപ്പേപ്പറുകള്‍ വായിക്കുന്നതിലൂടെതന്നെ പരീക്ഷയ്ക്കുവരാന്‍ പോകുന്ന പല ചോദ്യങ്ങളും മനസ്സിലാക്കാനാവും. ചോദ്യങ്ങള്‍ വന്നിരിക്കുന്ന മേഖലകളെ സൂക്ഷ്മമായി മനസ്സിലാക്കാനും കഴിയും.
ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ വിജയികളെ തീരുമാനിക്കുന്നത് പൊതുവിജ്ഞാനമാണെന്നുതന്നെ പറയാം. ആകെ ചോദ്യങ്ങളില്‍ 80 എണ്ണവും പൊതുവിജ്ഞാനത്തില്‍നിന്നുമാണ് വരിക.
പൊതുവിജ്ഞാനത്തിന് ഇത്രയധികം പ്രാധാന്യമുള്ള മറ്റൊരു പി.എസ്.സി. പരീക്ഷയും ഇല്ല.  ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന സംഭവവും ചോദിക്കാം. പരമാവധി പൊതുവിജ്ഞാനമേഖലകളിലൂടെ പരീക്ഷയ്ക്കുമുന്‍പ് കടന്നുപോകാന്‍ ശ്രദ്ധിക്കണം.
കണക്കിലെ പത്തോളം വരുന്ന അടിസ്ഥാനക്രിയകളാണ് ലാസ്റ്റ്‌ഗ്രേഡ് ചോദ്യങ്ങളായി വരിക. കണക്കില്‍ പരമാവധി മാര്‍ക്കുകള്‍ നേടുക എന്നതാവണം ഉദ്യോഗാര്‍ഥിയുടെ ലക്ഷ്യം. കണക്കിലെ അടിസ്ഥാനക്രിയകള്‍ പലവട്ടം ആവര്‍ത്തിച്ച് ചെയ്ത് ഹൃദിസ്ഥമാക്കുന്നതാണ് നല്ലത്. സംഖ്യാശ്രേണികള്‍, ശതമാനം, അനുപാതം, ലാഭം നഷ്ടം, വലിയ സംഖ്യകളുടെ ക്രിയകള്‍ എന്നിവയും അറിഞ്ഞിരിക്കണം.
സ്വയംചിട്ടപ്പെടുത്തിയ പഠനരീതിയിലൂടെ നടത്തുന്ന മുന്നേറ്റമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകം. കൃത്യമായ പഠനപദ്ധതിയിലൂടെ രണ്ടുമാസത്തെ മാസത്തെ ശ്രമംകൊണ്ടുതന്നെ ലാസ്റ്റ്‌ഗ്രേഡ് ഉദ്യോഗം നേടിയെടുത്ത ഏറെപ്പേരുണ്ട്.

പഠനത്തിന്റെ എല്ലാ ഘട്ടത്തിലും ഗൗരവം നിലനിര്‍ത്താനും ചിട്ടയായ പഠനം ഉറപ്പുവരുത്താനും കഴിഞ്ഞാൽ സർക്കാർ സർവീസിൽ ജോലിനേടാം എന്നതിൽ സംശയം വേണ്ട.

Share: