“മന്ത്രിസ്ഥാനം വലിയ ഉത്തരവാദിത്വം” : അല്‍ഫോണ്‍സ് കണ്ണന്താനം

470
0
Share:

മന്ത്രിസ്ഥാനം വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യങ്ങളോട് പ്രതികരിച്ചു. ടൂറിസം വകുപ്പിൻറെ സ്വതന്ത്ര ചുമതലയ്ക്ക് പുറമെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പും അദ്ദേഹത്തിന് ലഭിച്ചു.

“ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്തെ ബിജെപിയില്‍ നിന്ന് പലരും ഇതറിഞ്ഞ് വിളിക്കുകയും നല്ലത് വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമാണ്”. ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനായിട്ട് ജീവിക്കുക എന്നതാണ്. ഏതു വകുപ്പ് എന്നുള്ളത് പ്രധാനമല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കണ്ണന്താനമുള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാരാണ് പുതുതായി അധികാരമേറ്റത് . നരേന്ദ്രമോദി സർക്കാരിലെ ആദ്യത്തെ മലയാളി സാന്നിധ്യമാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനം. “നമ്മെയും, രാജ്യത്തേയും സ്‌നേഹിച്ചാല്‍ മാത്രമേ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയൂ” വിനോദസഞ്ചാരത്തിൻറെ സ്വതന്ത്ര ചുമതലയുള്ള അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും മുന്‍ ഐഎഎസ് ഓഫീസറുമായ അല്‍ഫോണ്‍സ് കണ്ണന്താനം, സമ്പൂർണ്ണ സാക്ഷരതക്കും വികസനത്തിനും നൽകിയ സംഭാവനകൾ കൂടി കണക്കിലെടുത്താണ് കേന്ദ്ര മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ നൽകിയിരിക്കുന്നത്.

1979-ൽ എട്ടാം റാങ്കോടെ ഐ.എ.എസ് നേടിയ അല്‍ഫോണ്‍സ് കണ്ണന്താനം, കോട്ടയം ജില്ലാ കളക്ടര്‍ , വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ഡല്‍ഹി വികസന അതോറിറ്റി കമ്മിഷണര്‍ , കേരളാ സ്റ്റേറ്റ് ലാണ്ട് യൂസ് ബോർഡ് കമ്മീഷണർ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുത്തിട്ടുള്ള അദ്ദേഹം , ആത്മവിശ്വാസത്തിൻറെയും കഠിനാധ്വാനത്തിൻറെയും പ്രതീകമായി. സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെയാണ് രാജി വെച്ച് രാഷ്ട്രീയത്തിലെത്തുന്നത്. കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് 2006-ൽ കേരള നിയമസഭയിൽ എത്തി. കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ്‌ ‘ഇന്ത്യ; മാറ്റത്തിൻറെ മുഴക്കം’.

42% മാർക്കോടെ പത്താംതരം പാസായ അൽഫോൺസ് കണ്ണന്താനത്തിൻറെ വിജയകഥ ഏതൊരു ചെറുപ്പക്കാരനും മാതൃകയാകേണ്ടതാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ കണ്ണന്താനം പരിഷ്കാരമൊന്നും എത്തിയിട്ടില്ലാത്ത മണിമല ഗ്രാമത്തിൽ മലയാളം മീഡിയം സ്കൂളിലാണ് പഠിച്ചത് . കെ ജെ അൽഫോൻസ് കണ്ണന്താനം എന്ന് മുഴുവൻ പേര്. 64 വയസ്സായി. 1953-ൽ ജനനം. 2011 ൽ ബി ജെ പിയിലെത്തി. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനത്തും. ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോൾ വിവാഹം. ഭാര്യ ഷീല. രണ്ട് മക്കൾ ആകാശ്, ആദർശ്. പിതാവ് കെ വി ജോസഫ്. അമ്മ ബ്രിജിത്ത് ജോസഫ്.

കണ്ണന്താനത്തെ ഗോവയില്‍ നിന്ന് രാജ്യസഭാംഗമാക്കാനാണ് തീരുമാനം. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിന്റെ ഒഴിവുണ്ട്.

വാണിജ്യ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനാണ് പുതിയ പ്രതിരോധ മന്ത്രി. ആദ്യമായാണ് ഒരു വനിത പ്രതിരോധ മന്ത്രിയാകുന്നത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഏറെക്കാലമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചുവരികയായിരുന്നു. നിര്‍മ്മലയ്ക്ക് പുറമെ, സഹമന്ത്രിമാരായിരുന്ന പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരെ കാബിനറ്റ് മന്ത്രിമാരായി ഉയര്‍ത്തി. നിര്‍മ്മല കൈകാര്യം ചെയ്തിരുന്ന വാണിജ്യ വകുപ്പ് സുരേഷ് പ്രഭുവിന് നല്‍കി.

മുന്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സുരേഷ് പ്രഭു വഹിച്ചിരുന്ന റെയില്‍വെ വകുപ്പ് ഏറ്റെടുക്കും. കല്‍ക്കരി വകുപ്പിന്റെ ചുമതലയും വഹിക്കും. ധര്‍മ്മേന്ദ്ര പ്രധാന് പെട്രോളിയം പ്രകൃതി വാതക വകുപ്പിന് പുറമെ നൈപുണ്യവികസന വകുപ്പിന്റെ അധിക ചുമതല നല്‍കി. മുക്താര്‍ അബ്ബാസ് നഖ്‌വി ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഉമാഭാരതി കൈകാര്യം ചെയ്തിരുന്ന ജലവിഭവം, ഗംഗാ ശുചീകരണം, നദീ വികസനം എന്നീ വകുപ്പുകളുടെ ചുമതല കൂടി നല്‍കി. കുടിവെള്ളം, ശുചീകരണം എന്നീ വകുപ്പുകളില്‍ ഉമാഭാരതി തുടരും. തുറമുഖ സഹമന്ത്രിയെന്നതിന് പുറമെ പൊന്‍ രാധാകൃഷ്ണന്‍ ധനകാര്യ വകുപ്പ് സഹമന്ത്രിയുമാകും. സന്തോഷ് ഗാംഗ്‌വാറാണ് തൊഴില്‍ മന്ത്രി.

76 അംഗ മന്ത്രിസഭയാണ് ഇപ്പോഴത്തേത്. നേരത്തെ 73 അംഗങ്ങളായിരുന്നു. പരമാവധി 81 മന്ത്രിമാരെ ഉള്‍പ്പെടുത്താം.

Share: