മനശ്ശക്തി പരീക്ഷ -1

Share:

പി എസ് സി നടത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷയിലെ പ്രധാനപ്പെട്ട ഒരിനമാണ് ‘മനശ്ശക്തി പരീക്ഷ.
പരീക്ഷാർത്ഥികൾ വളരെ ഭീതിയോടെ സമീപിക്കുന്ന വിഷയവും. എന്നാൽ മനശ്ശക്തി നിർണ്ണയിക്കാൻ നടത്തുന്ന ടെസ്റ്റുകളെ ക്കുറിച്ചും അവയുടെ മാതൃകകളെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞുവെച്ചാൽ ഏതു കൊച്ചുകുഞ്ഞിനും അത് എളുപ്പത്തിൽ ചെയ്തു തീർക്കാമെന്നുള്ളത് ഒരു വസ്തുതയാണ്. ചിലപ്പോൾ ഉദ്യോഗാർഥിയുടെ ബുദ്ധിശക്തിയെയും പരിജ്ഞാനത്തെയും പരിഹസിക്കും വിധം വളരെ ലളിതവും എളുപ്പവുമായിരിക്കും അത്തരം ചോദ്യങ്ങൾ. ഇടക്കാലത്തു മത്സരപ്പരീക്ഷകളിലെ ഈ ചോദ്യ സമ്പ്രദായത്തെ ക്കുറിച്ചു വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.

എന്നാൽ ഈ ചോദ്യങ്ങളിലെ ‘ഗുട്ടൻസ്’ എന്ത് എന്നറിയുന്നവർക്ക് മാത്രമേ ഈ എളുപ്പം അനുഭവപ്പെടു. ഉദാഹരണത്തിന് അക്ഷര പരമ്പര പൂരിപ്പിക്കാനാവശ്യപ്പെടുന്ന ചോദ്യം തന്നെയെടുക്കാം:
Simple Order Series , Alternate Order Series , Circular Sequence Series , Opposite Order Series , Skipping Letter Series എന്നിങ്ങനെ കേട്ടാൽ എന്തോ സങ്കീർണ്ണതകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഇവക്ക് നാമകരണം ചെയ്തിട്ടുള്ളത്. പേരുകേട്ടാൽ ആനക്കാര്യമെന്നു തോന്നുന്ന ഇവയിൽ, അറിഞ്ഞുവെച്ചാൽ ചേനക്കാര്യം പോലുമില്ല എന്നതാണ് വാസ്തവം. അക്ഷരങ്ങളുടെ Simple Order Series (ലളിതക്രമ പരമ്പര ) എന്തെന്ന് നോക്കുക. ചോദ്യപേപ്പറിൽ ചോദ്യം പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെ ആയിരിക്കും:
DEF : GHI :: MNO : ?
അറിയാവുന്നവന് അര നിമിഷം പോലും വേണ്ടാത്തതും അറിയാത്തവൻ അമ്പരന്ന് പോകുന്നതുമായ ചോദ്യമാണിത്. ഇതിൽ ഉത്തരം കണ്ടെത്താൻ അപാര ബുദ്ധിശക്തി ആവശ്യമില്ല. അക്ഷരമാലാക്രമം മാത്രം പിന്തുടരുന്ന രീതിയെയാണ് Simple Order Series (ലളിത ക്രമ പരമ്പര )എന്ന സമ്പ്രദായം കൊണ്ട് വിവക്ഷിക്കുന്നത്. ചോദ്യചിഹ്നമിട്ടിരിക്കുന്നിടത്തു PQR എന്ന് മാത്രം എഴുതി ചേർത്താൽ തീരുന്ന പ്രശ്നമേ ഇതിലുള്ളു.
( മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസുകളിൽ നിന്ന് ഇത്രയും ലളിതമായ ചോദ്യങ്ങൾ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട് എന്നോർക്കുക. പക്ഷെ ചോദ്യങ്ങളുടെ അടിസ്ഥാനം ഇത് തന്നെയാണ്. അക്ഷരങ്ങളും അക്കങ്ങളും ഇടകലർത്തി അവ തമ്മിലുള്ള വിദൂര ബന്ധങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുന്ന വിധമാണ് ഇപ്പോൾ ചോദ്യങ്ങൾ തയ്യാറാക്കുന്നത് )
ഒന്നിടവിട്ടുള്ള അക്ഷരക്രമത്തെയാണ് Alternate Order Series എന്ന് പറയുന്നത്. നിസ്സാരമായ ഒരുദാഹരണം കൊണ്ട് അത് വ്യക്തമാക്കാം.
ACE : GIK :: MOQ : ?
ചോദ്യ ചിഹ്നമുള്ളിടത്തു SUW എന്ന് മാത്രമെഴുതിയാൽ ഉത്തരം ശരിയായി. കാര്യം മനസ്സിലായില്ലേ? എല്ലാ മൂന്നക്ഷരങ്ങളും ഒന്നിടവിട്ടുള്ളവയാണ്. അതേ മാതൃകയിൽ പോകുമ്പോൾ അവസാനം വരേണ്ടത് ഏതെന്നു കണ്ടെത്തിയാൽ മാത്രം മതി.

പരമ്പരയിലെ അക്ഷരമാല Z ൽ അവസാനിക്കുകയും വീണ്ടും A യിലേക്ക് തിരിച്ചുവന്നു തുടരേണ്ടിവരികയും ചെയ്യുന്ന സമ്പ്രദായത്തെ യാണ് Circular Sequence Series എന്നുപറയുന്നത്. ഒരുദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം.
ABC : MNO ::XYZ : ?
ഉത്തരം കണ്ടുപിടിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോ? A B C കഴിഞ്ഞു M N O യിലേക്ക് ഒൻപത് അക്ഷരങ്ങളുടെ വിടവുണ്ട്. X Y Z കഴിഞ്ഞു അക്ഷരമാല പൂർത്തിയായതിനാൽ വീണ്ടും A യിലേക്ക് തിരിച്ചുവന്ന് ഒൻപത്തക്ഷരങ്ങളുടെ വിടവ് വിട്ട് പരമ്പര പൂർത്തിയാക്കുമ്പോൾ J K L എന്ന് ഉത്തരം കിട്ടുന്നു. ഈ പ്രാഥമിക ടെക്‌നിക് അറിഞ്ഞിരിക്കണമെന്നേയുള്ളു.

വിപരീത ക്രമ പരമ്പര ( Opposite Order Series ) ആണ് അടുത്തത് .അക്ഷര മാല ക്രമത്തിൽ തീർത്തും വിപരീതമായി അക്ഷരങ്ങളെ നിരത്തി അവസാനത്തെ ചോദ്യചിഹ്നം പൂരിപ്പിക്കാനാണ് ഇതിൽ ആവശ്യപ്പെടുന്നത്.
ലളിതമായ ഒരുദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം.
CBA : ONM :: ZYX : ?
A B C എന്നതിന് നേരെ വിപരീതമായി എഴുതിയതാണ് C B A എന്നത് സാമാന്യ ബുദ്ധി മാത്രമാണല്ലോ? അടുത്ത മൂന്ന് വിപരീത ക്രമ അക്ഷരങ്ങൾ തുടങ്ങുന്ന ‘A ‘ യിൽ നിന്ന് ( ആദ്യത്തെ മൂന്ന് അക്ഷരങ്ങളുടെ തുടക്കത്തിൽ നിന്ന് ) 12 – മത്തെ അക്ഷരമായ M ലാണ് M N O എന്നത് വിപരീതമായി എഴുതിയിരിക്കുന്നത്. അതുപോലെ Z Y X നേയും എടുത്താൽ, അതിൻറെ ശരിയായ രൂപം X Y Z എന്നാണ്. X ൽ നിന്ന് 12 – മത്തെ അക്ഷരത്തിൽ തുടങ്ങി മുന്നോട്ടുള്ള മൂന്നക്ഷരങ്ങൾ വിപരീതത്തിൽ എഴുതിയാൽ ഉത്തരമായി L K J എന്ന് കിട്ടുന്നു.
ഉത്തരം ശരിയല്ലേ എന്ന് കണക്ക് കൂട്ടി നോക്കൂ.
ഇത് അല്പം കൂടി എളുപ്പത്തിൽ ചെയ്യാം.’C’ യിൽ നിന്ന് 12 -മത്തെ അക്ഷരമാണ് ‘ O ‘ അതുപോലെ ‘Z ” ൽ നിന്നും 12 -മത്തെ അക്ഷരം കണക്കുകൂട്ടി വിപരീത ദിശയിലെഴുതിയാലും ശരിയായ ഉത്തരം കിട്ടും. ‘Z ” ൽ നിന്നും 12 -മത്തെ അക്ഷരം ‘ L ‘ ആണ്. ‘ L ‘ ൽ നിന്ന് മൂന്നക്ഷരം വിപരീത ദിശയിൽ എഴുതുമ്പോഴും ഉത്തരമായി L K J എന്ന് കിട്ടുന്നു.

ഈ വകുപ്പിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന മറ്റൊരു സമ്പ്രദായമാണ് Skipping Letter Series അഥവാ അക്ഷരങ്ങൾ ഒരേ ക്രമത്തിൽ ഇടവിട്ടുള്ള പരമ്പര. അക്ഷരങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചിതമായ ഒരു മാനദണ്ഡവുമുണ്ടായിരിക്കും. ഒരുദാഹരണം:
BFJ : CGK :: QUY : ?
‘B ‘ യുടെ അടുത്ത മൂന്നക്ഷരങ്ങളായ C D E എന്നിവ വിട്ട് F ഉം അതിൻറെ അടുത്ത മൂന്നക്ഷരങ്ങളായ GHI എന്നിവ വിട്ട് ‘J’ യും ആദ്യത്തെ ഗ്രൂപ്പിൽ ആദ്യ ഭാഗമായി എഴുതിയിരിക്കുന്നു. ‘B’ യുടെ അടുത്ത അക്ഷരമായ ‘C’ യിൽ നിന്ന് തുടങ്ങി ഇതുപോലെ മൂന്നക്ഷരം വിട്ടാണ് ആദ്യ ഗ്രൂപ്പിൽ രണ്ടാമത്തെ ഭാഗം എഴുതിയിരിക്കുന്നത്. ഇതേ മാതൃക പിന്തുടർന്ന് രണ്ടാം ഗ്രൂപ്പിൽ ‘ Q ‘ വിൽ തുടങ്ങി മൂന്നക്ഷരങ്ങൾ വീതം വിട്ട് U,Y എന്നിങ്ങനെ എഴുതിയിരിക്കുന്നു.മാതൃക പിന്തുടർന്ന് നാം ഉത്തരം കണ്ടെത്തുമ്പോൾ ‘ Q ‘ വിൻറെ അടുത്ത അക്ഷരമായ ‘R ‘ ൽ തുടങ്ങി മൂന്നക്ഷരങ്ങൾ വീതം വിട്ട് രണ്ടക്ഷരങ്ങൾ എഴുതേണ്ടി വരുന്നു. അപ്പോൾ R V Z എന്നതാണ് ഉത്തരമെന്ന് കാണാം.

ഈ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൂട്ടികലർത്തിക്കൊണ്ടും , ഏതെന്ന് എളുപ്പത്തിൽ പിടികിട്ടാത്ത വിധവും ചിലപ്പോൾ പരീക്ഷക്ക് ചോദ്യം വരാം.
ഈ അടിസ്ഥാന തത്വങ്ങൾ വ്യക്തമായി മനസ്സിലാക്കി വെച്ചാൽ മാത്രമേ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാകൂ.
( തുടരും)

– രവി

Share: