മതങ്ങൾക്കെതിരെയുള്ള മതം -ജസ്റ്റിസ്‌ . വി.ആർ. കൃഷ്‌ണയ്യർ 

470
0
Share:
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ജസ്റ്റിസ് കൃഷ്ണയ്യർ ‘കരിയർ മാഗസി’നിൽ എഴുതിയ ലേഖനത്തിന് ഇന്നും പ്രസക്തിയുള്ളതിനാൽ പുനഃ പ്രസിദ്ധീകരിക്കുന്നു.
രു രാഷ്ട്രത്തിനു സ്വാതത്ര്യം ലഭിക്കുമ്പോൾ അത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ് .
മതേതരത്വത്തിൻ്റെയും  സോഷ്യലിസത്തിൻ്റെയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ പിന്നോക്കാവസ്ഥ ഉന്മൂലനം ചെയ്യാനുമുള്ള ബാദ്ധ്യതയാണ് ഇന്ത്യൻ സ്വാതത്ര്യത്തിൻ്റെ പ്രതി ബദ്ധത മതങ്ങൾ വിവേക രഹിതമായ ഏകാധിപത്യ പ്രവണതയിലൂടെ തങ്ങളുടെ ദൈവങ്ങളെ മാത്രമേ പൂജിക്കാവൂ എന്നും മറ്റുള്ളവയെല്ലാം നശിപ്പിക്കപ്പെടേണ്ടതാണെന്നുമുള്ള അന്ധമായ വിശ്വാസം അനുയായികളിൽ കുത്തിച്ചെലുത്തുകയാണെങ്കിൽ നാശവും ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ശിഥിലീകരണവുമായിരിക്കും അതിൻ്റെ അനന്തരഫലം.
മതങ്ങളുടെയും ദൈവങ്ങളുടെയും ബാഹുല്യവും ദൈവാരാധനയും വർഗ്ഗീയവികാരങ്ങളും പാരമ്പരാഗതമായുള്ള സൗഹൃദവും ആദരവിനും ആരാധനക്കും നിദാനമായിട്ടുള്ള വിഗ്രഹങ്ങളും ഇന്നും നിലനിൽക്കുന്ന സംസ്ക്കാരത്തിൻ്റെ  ഉദാഹരണങ്ങളാണ്.സംയുക്തമായ ദൈവിക പൈതൃകത്തിലേക്കുള്ള മഹത്തായ പ്രതീക്ഷയായിരിക്കും അത്.ബുദ്ധി ശൂന്യമായി ഇന്നത് അവഗണിക്കപ്പെട്ടിരിക്കുന്നു. മതപരമായ വിമോചനവും പുരോഗമന പ്രവർത്തനവും രാഷ്ട്രീയമായ സൂക്ഷ്മാവബോധത്തോടും മനുഷ്യത്വപരമായ ആത്മാർത്ഥതയോടും കൂടിമാത്രം നടത്തുവാൻ അനുവദിച്ചിരുന്നുവെങ്കിൽ വർഗ്ഗീയ സംഘർഷങ്ങളും സംഘട്ടനങ്ങളും ഒരിക്കലും ഇന്ത്യയിൽ ഉണ്ടാവുകയില്ലായിരുന്നു.
ഓരോമതത്തിൻ്റെയും അടിസ്ഥാന പ്രമാണത്തിൽ അടിയുറച്ചു നിൽക്കുന്നവർ അപകടകാരികളായ മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്നുണ്ട്.ഹിന്ദുമതം ,ഇസ്ലാംമതം ,ക്രിസ്തീയമതം തുടങ്ങിയ പ്രമുഖമതങ്ങൾക്ക് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചോരക്കൊതികാട്ടുകപോലും ചെയ്യുന്ന ഒട്ടേറെ ഉപവിഭാഗങ്ങൾ ഉണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.ഈ മതവിഭാഗങ്ങൾ ലൗകിക കാര്യങ്ങളെ നിയന്ത്രിക്കുകയും മനുഷ്യനും പ്രബല ശക്തിയും തമ്മിലുള്ള ഹൃദയ സംവാദത്തിനതീതമായി പോകുന്ന സൈദ്ധാന്തികമായ ശാസനകളിലും ശിക്ഷണങ്ങളിലും സമഗ്രമായിട്ടുള്ള ലൗകിക ജീവിതക്രമം ആചാരാനുഷ്ടാനമാക്കുകയും ചെയ്യുന്നു.ഒരാൾ എന്ത് കഴിക്കണം,എന്ത് കഴിക്കാതിരിക്കണം,എങ്ങനെ വസ്ത്രം ധരിക്കണം,എങ്ങനെ ധരിക്കാതിരിക്കണം,എങ്ങനെ വിവാഹം ചെയ്യണം,എങ്ങനെ ചെയ്യാതിരിക്കണം എങ്ങനെ മുടി വളർത്തണം എങ്ങനെ ഷേവ് ചെയ്യണം എന്നു തുടങ്ങിയ ഒരായിരം ഭൗതിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് പരമാധികാരികളായ മതാധികാരികളാണ്. ഏതൊരു സമൂഹത്തിലേയും വ്യക്തികൾക്ക് ഇവയിൽ പലതും പരമ പ്രധാനങ്ങളാണ്.എന്നാൽ അവയെ നിയന്ത്രിക്കുന്നത് ഒരിക്കലും മതാചാര നിബന്ധനങ്ങളായിരിക്കരുത്. സാമൂഹ്യ  മതേതര ശാസ്ത്രീയ പരിഗണനകൾക്കായിരിക്കണം മുൻ‌തൂക്കം നൽകേണ്ടത്.’ചെയ്യേണ്ടത്’ ‘ചെയ്യരുതാത്തത്’ എന്നുള്ള ഒട്ടേറെ കുത്തക മതങ്ങളുള്ളതിനാൽ ചിലപ്പോൾ ചോരപ്പുഴയിലേക്കും രക്ത സാക്ഷിത്വത്തിലേക്കും നയിക്കുന്ന വർഗ്ഗീയ വൈരം പൊട്ടിപുറപ്പെടുന്നു.ക്ഷേത്രങ്ങളും ഗുരുദ്വാരകളും മുസ്ലിം പള്ളികളും ക്രിസ്ത്യൻ പള്ളികളും സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിയുമ്പോൾപോലും ചേരി തിരിവുകളും കുടിപ്പകയും സമൂഹത്തിലെ ഐക്യവും കെട്ടുറപ്പും നശിപ്പിക്കുന്നു.
ജാതിയും ജാതിചിന്തയും ഒരുവൻ്റെ കർത്തവ്യമെന്നവകാശപ്പെടുന്ന പ്രവൃത്തിയും വിധിനിർണ്ണയവും പരമാധികാരവും ദേശീയ ഐക്യത്തെയും ദേശ സ്നേഹപരമായ പുരോഗതിയേയും തകിടംമറിക്കുന്നു.മതാദ്ധ്യക്ഷന്മാരും കള്ളക്കടത്തുകാരും കുറ്റവാളികളും മതാന്ധരായ അനുയായികളും ഛിദ്രീകരണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്.ദൈവങ്ങളുടെ പേരിൽ കഷ്ടതകൾക്കെതിരായി ശബ്ദമുയർത്തുന്നവർ ദരിദ്രരും ദുർബ്ബലരുമാണ്.മനുഷ്യാവകാശങ്ങളെ ചോരപ്പുഴയിൽ മുക്കിത്താഴ്ത്തുന്നു.മനുഷ്യൻ്റെ മേലുള്ള  മനുഷ്യൻ്റെ ചൂഷണം മതേതരത്വവും സോഷ്യലിസവും കയ്യടക്കിയിരിക്കുന്നു.ജനാധിപപത്യത്തെ  മതങ്ങൾ അടിച്ചമർത്തുകയാണ്.
ഒരിക്കൽ ക്ഷുഭിതനായി ജവഹർലാൽ നെഹ്‌റു പറഞ്ഞു.
 “മുതിർന്നവർക്ക് നാലതിരുകൾക്കുള്ളിലും സംഘങ്ങളിലും സ്വയം ഒതുങ്ങിക്കൂടുന്ന സ്വഭാവമുണ്ട്.അവർ മതത്തിൻ്റെയും ജാതിയുടെയും വർണ്ണത്തിൻ്റെയും സമത്വത്തിൻ്റെയും ദേശത്തിൻ്റെയും പ്രദേശത്തിൻ്റെയും ഭാഷയുടെയും ആഹാരത്തിൻ്റെയും സ്വത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും വേലികൾ കെട്ടുന്നു.അങ്ങനെ അവർ സ്വയം സൃഷ്‌ടിച്ച ജയിലറകളിൽ കഴിയുന്നു .ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലും മതമെന്ന് അല്ലെങ്കിൽ സംഘടിത മതമെന്ന് അറിയപ്പെടുന്നതിൻ്റെ പരിവേഷം നമ്മിൽ ഭയം ജനിപ്പിക്കുന്നു.ഞാൻ നിരന്തരം അതിനെ അപലപിച്ചിട്ടുണ്ട്.അത് തുടച്ചു നീക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ആത്മീയ നിരക്ഷരതയിൽ മുങ്ങിയ ജനങ്ങൾക്ക് സന്യാസിമാരുടെയും പ്രവാചകന്മാരുടെയും യതിവര്യന്മാരുടെയും പാഠങ്ങളുടെ ദിവ്യസത്ത നഷ്ടമാകുകയും ശരിയായാലും തെറ്റായാലും മതത്തിൻ്റെ പവിത്രമായ അസംബന്ധത്തെ അംഗീകരിക്കുകയും മതാനുയായികൾ എനിക്കുമാത്രം ഉള്ളവരാണെന്ന തോന്നൽ ഉണ്ടാകുകയും ചെയ്യുന്ന ക്ഷയോന്മുഖമായ അവസ്ഥയിൽ മതം ക്രൂരനായ ചെകുത്താനാണ്.കിരാതവും അപലനീയവുമായ ഈ ആചാര ഭ്രംശത്തിൽ മനുഷ്യത്വം മരിക്കുന്നു.സഹിഷ്ണുതയുടെയും അനുകമ്പയുടെയും ഉദാത്തമായ ദേശീയതയുടെയും മൂല്യങ്ങൾ അസ്തമിക്കുന്നു.മതത്തിൻ്റെ  പേരിൽ ഉണരുന്ന മൃഗീയ വികാരങ്ങളിൽ മനുഷ്യൻ ആയുധങ്ങൾ എടുക്കുന്നു.സഹോദരൻ സഹോദരനെ ചുട്ടെരിക്കുന്നു.ഉന്നതമായ ആശയങ്ങളുടെ പിന്നോക്കം പാച്ചിലിൽ  ദൈവങ്ങൾ ദൈവത്തെ തോൽപിക്കുകയും മണ്ണിലെ മനുഷ്യൻ ആകാശത്തു പരിശുദ്ധ എതിരാളികളുടെ ആയുധങ്ങളായി തീരുകയും ചെയ്യുന്നു.
മനുഷ്യൻ്റെ മാന്യതകളുടെയും മതേതരമായ  ഉണർവിൻ്റെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെയും ജനാധിപത്യത്തിൻെറയും ബലിയർപ്പിക്കലാണ് അമിത ഭക്തിയുടെ വിലയെങ്കിൽ ഈ രോഗത്തിൽ നിന്നും നാം മോചിതരാകേണ്ടതാണ്.വ്യാപകമായ അന്ധവിശ്വാസങ്ങൾ,യുക്തിരഹിതമായ അമാനുഷികത്വം,ആചാരപരമായ പരമാധികാരത്തിലേക്കുള്ള വിനാശകരമായ കീഴടങ്ങൽ എന്നിവയിലാണ് ഈ രോഗത്തിൻ്റെ വേരുകൾ ആണ്ടുകിടക്കുന്നത്.ഇരു ലോകങ്ങളിലും ഒരു നല്ല ജീവിതം വാങ്ങാനുള്ള ഈശ്വരഭക്തിയും മതപരമായ മർക്കട മുഷ്‌ടിയും മതത്തിൻ്റെ ഗൂഢമായ വ്യാപാരത്തിനുള്ള ഉപാധികളാണ്.ദൈവം തൻ്റെ വിശ്വാസികളായ പ്രജകളുടെ മേൽ സാമ്രാജ്യം സ്ഥാപിക്കുമ്പോൾ മുതലാളി വർഗ്ഗം ദൈവത്തെ സർവ്വസൈന്യാധിപനായി വാഴിക്കുന്നു.മതം തൊഴിലാളി വർഗ്ഗത്തെ ഭിന്നിപ്പിക്കുകയും ചൂഷക സംവിധാനങ്ങളുടെ നിലനില്പിനുവേണ്ടി സർവ്വശക്തിയുമെടുത്തു പോരാടാൻ തയ്യാറാകുകയും ചെയ്യുന്നു.വികാരങ്ങൾ ഇളക്കിവിടുമ്പോഴും ആയുധങ്ങൾ വിതരണം ചെയ്യുമ്പോഴും ആഭ്യന്തരയുദ്ധം പോലെയുള്ള സംഭവങ്ങൾ ഉണ്ടാവുകയും പടർന്നു പിടിക്കുകയും ചെയ്യുന്നു.മതേതരത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള നമ്മുടെ ശ്രമങ്ങൾ അതോടെ പരാജയപ്പെടുകയും ജനാധിപത്യദേശീയ ചട്ടക്കൂട് ഛിന്നഭിന്നമാകുകയും ചെയ്യുന്നു.
നമ്മുടെ തെരഞ്ഞെടുപ്പുകൾ യഥാർത്ഥത്തിൽ വർഗ്ഗീയ യുദ്ധമാണ്.നമ്മുടെ പുരോഗതി കുഴിയാനയുടെ സഞ്ചാരം പോലെയാണ്.നമ്മുടെ ജനങ്ങൾ ജനതകളാകുന്നു.നമ്മുടെ ഏകദൈവം ബഹുദൈവങ്ങളാകുന്നു.നമ്മുടെ രാഷ്ട്രത്തിൽ ജാതീയതയുടെയും വർഗ്ഗീയതയുടെയും ദുർഗന്ധം വമിക്കുന്നു.നമ്മുടെ സ്വരാജ്യാഭിമാനം അതിർ കടന്നു അതിർത്തി ബന്ധങ്ങളിലേക്ക് നയിക്കുന്നു.അനേക രൂപത്തിലുള്ള ഈ വിഭാഗീയ പ്രവണത ഇപ്പോൾ തന്നെ തടഞ്ഞില്ലെങ്കിൽ രാജ്യം അപകടത്തിലായതു തന്നെ.
നമ്മുടെ ഭരണഘടനാപരമായ മതേതരത്വം കടലാസ് പുലിയെപ്പോലെ ഉറക്കത്തിലാണ്, നമ്മുടെ ദേശീയ അഖണ്ഡത വേദനിപ്പിക്കുന്ന വ്യാമോഹമായി നമ്മെ കൊഞ്ഞനം കാട്ടുന്നു.നമ്മുടെ ദേശീയ രാഷ്ട്രീയം,സജാതീയ മാനുഷികത്വവും സാമൂഹ്യ-സാമ്പത്തികനീതിയും ആത്മീയ-ഭൗതിക സമന്വസവും കൊത്തിയരിഞ്ഞ മാംസക്കഷണങ്ങളാക്കുന്നതാണിതിന് കാരണം. ഖുറാനും ബൈബിളും ഗുരുഗ്രന്ഥസാഹിബും വേദങ്ങളുടെ കഴുത്തറപ്പൻ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനും നമ്മുടെ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാന തത്വങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.ഈ പ്രക്രിയ തിരുത്തുകയും ദൈവങ്ങളുടെ പേരിലുള്ള ചൂഷണം വെളിപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ നമുക്കു നിലനില്ക്കാൻ കഴിയുകയില്ല.
മതഭ്രാന്തും വർഗ്ഗീയതയും തൽഫലമായുണ്ടാകുന്ന നയങ്ങളും കൊലപാതക രാഷ്ട്രീയവുമെല്ലാം,എല്ലാ ദൈവങ്ങളുടെ താവളങ്ങളിൽ തിരിച്ചു പോകാനും മനുഷ്യൻ്റെ ഭൗതികജീവിതം സുരക്ഷിതമാക്കാനും ഈശ്വരനെകൊണ്ട് ആജ്ഞ പുറപ്പെടുവിക്കേണ്ടതു അനിവാര്യമാക്കിത്തീർക്കുന്നു. സത്യസന്ധനായ ഒരു മനുഷ്യൻ  ഈശ്വരൻ്റെ മഹത്തായ സൃഷ്ടിയാണ് റോബർട്ട് ബേൻസ്  പറഞ്ഞു.”സത്യസന്ധനായ ഈശ്വരൻ മനുഷ്യൻ്റെ മഹത്തായ സൃഷ്ടിയാണ് “എന്ന് റോബർട്ട് ഇംഗർ സോളും പറഞ്ഞു.
    സത്യസന്ധനായ മനുഷ്യനും സത്യസന്ധനായ ദൈവവും ഇന്ത്യൻ മണ്ണിൽ ഇതിനകം അന്യം നിന്നില്ലെങ്കിൽ അപകടത്തിൻ്റെ വക്കിലെങ്കിലുമായിരിക്കുകയാണ് വ്യക്തിപരമായ ചിന്തക്കും പ്രവർത്തിക്കും അതീതമായ കാര്യങ്ങളിൽ കടന്നാക്രമണം നടത്താതെ മതം തൻ്റെ മനസിലെ വ്യക്തിപരമായ കാര്യമാണെന്ന് ചിന്തിക്കുന്ന മന്ത്രിയും നിയമസഭാസാമാജികനും ജഡ്ജിയും നേതാവും പൊതു ജീവിതത്തിലെവിടെയുണ്ട്?
‘ഒരു വശത്തു സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങളും മറുവശത്തു വൈദികമായ കാര്യങ്ങളും തമ്മിലുള്ള വിഭജനരേഖ നിലനിർത്തുന്നതിന് മതേതരപ്രവർത്തനവും സോഷ്യലിസ്റ്റ് മാനുഷികപ്രവർത്തനങ്ങളും ഭരണ ഘടനാപരമായ വിജയത്തിനു വേണ്ടി ഒരു സമരം തന്നെ ആരംഭിക്കേണ്ടതായിട്ടുണ്ട്   മതേതരത്വമെന്നത് ഭരണ ഘടനാപരമായ വിജയത്തിനു വേണ്ടി ഒരു സമരംതന്നെ ആരംഭിക്കേണ്ടതായിട്ടുണ്ട്  മതേതരത്വമെന്നത് ഭരണഘടനാപരമായ മൗലികകാര്യമാണ് ബോർഡ് ഓഫ് എഡ്യൂക്കേഷനെതിരെ ഇവേഴ്‌സൻ്റെ കേസിൽ ജസ്റ്റിസ് യുഗോബ്ലാക്‌ നിയമപരമായ നില വ്യക്തമാക്കുന്നുണ്ട്.
‘ആദ്യത്തെ ഭരണഘടനാഭേദഗതിയുടെ മതസ്ഥാപന വകുപ്പിൻ്റെ അർത്ഥം ഏറെ ക്കുറെ ഇതാണ് സ്റ്റേറ്റ് ഗവൺമെൻറിനോ   ഫെഡറൽ ഗവൺമെൻറിനോ ഒരു പള്ളി സ്ഥാപിക്കാൻ കഴിയുകയില്ല,ഒരു മതത്തിൻ്റെയോ എല്ലാ മതങ്ങളുടെയോ സാഹചര്യത്തിന് വേണ്ടിയോ ഒരു മതത്തിനു പകരം മറ്റൊരു മതത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടോ നിയമം പാസാക്കാൻ കഴിയുകയില്ല. തൻ്റെ ഇഷ്ടത്തിനെതിരായി പള്ളിയിൽ പോകുന്നതിനോ പള്ളിയിൽനിന്നും വിട്ടു നില്ക്കുന്നതിനോ ആരിലും ശക്തിപ്രയോഗിക്കാനോ ഒരു മതത്തിൽ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഒരാളിൽ ശക്തി പ്രയോഗിക്കാനോ അയാളെ പ്രേരിപ്പിക്കാനോ കഴിയില്ല.’
(യൂഗോ.എൽ.ബ്ലാക്.ഭൂരിപക്ഷ അഭിപ്രായം – ഇവേഴ്സനും ബോർഡ് ഓഫ് എഡ്യുക്കേഷനും തമ്മിലുള്ള കേസ്-33  U. S, I. 1947 )
മതേതരത്വം കൊണ്ട് എല്ലാ മതങ്ങളിൽ നിന്നും സർവ്വ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് വന്നേക്കാം  എന്നാൽ സാമൂഹ്യസദാചാരവും പൊതുജനാരോഗ്യവും മാനുഷിക നിലവാരങ്ങളും എല്ലാമതങ്ങളുടെയും പരിധിയിൽ നിന്നും പുറത്തായെങ്കിൽമാത്രമേ രാഷ്ട്രത്തിനു മതേതരത്വം നിലനിർത്താൻ കഴിയുകയുള്ളു.
നമ്മുടെ രാഷ്ട്രപതിമാരും ഉപരാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും അതിൽ കുറഞ്ഞസ്ഥാനമാനങ്ങൾ വഹിക്കുന്നവരും  അധികാരവും പദവിയും സായുധ സംരക്ഷണവും സുഖ സൗകര്യങ്ങളും ഉപയോഗിച്ച് ദേവാലയങ്ങൾ സന്ദർശിക്കുന്നു. ഭക്തജനങ്ങളെ വിരട്ടിയോടിക്കുകയും ‘ഈശ്വരഭക്തി’ കൊണ്ടു ദേവീദേവന്മാരെ ഭയപ്പെടുത്തുകയും ഔദ്യോഗികചടങ്ങുകൾ മതപരമായ ചടങ്ങുകളാക്കുകയും വർഗ്ഗീയതയെ മതേതരത്വമായി കൂട്ടിക്കുഴക്കുകയുംമാണ് ഇതിലൂടെ ഇവർ ചെയ്യുന്നത്  രണ്ടു രീതിയിൽ ചിന്തിക്കുകയും രണ്ടു രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് നമ്മുടെ ദേശീയ ജീവിതത്തിൽ  വളരെകൂടുതലായിട്ടുണ്ട്.
ഓരോ കണ്ണിലേയും കണ്ണീരൊപ്പുവാനുള്ള ഇന്ത്യക്കാരുടെ മതേതരമായ ഉറച്ച തീരുമാനം നിയമത്തിലും കൂടുതലായി ജീവിതത്തിലും പിന്നോക്കം പൊയ്കൊണ്ടിരിക്കുന്നത് ഒരു ദേശീയവീക്ഷണത്തിൽ നോക്കിയാൽ നാം തീർച്ചയായും ലജ്ജിക്കണം  തെരഞ്ഞെടുപ്പിൽ നിന്നു മതപരമായ അഭ്യർത്ഥനയോടുകൂടിയ തെരഞ്ഞെടുപ്പു ചിഹ്‌നങ്ങളും വർഗ്ഗീയ ലേബലുകളുള്ള രാഷ്ട്രീയപാർട്ടികളെയും നിരോധിച്ചുകൂടെ? ജാതി-മതാഭിമുഖ്യമുള്ള ഗ്രൂപ്പുകളുടെ കൂട്ടുകെട്ടൊഴിവാക്കുന്നതിന് ഗാന്ധി, വ്യവസായികൾ മാർക്‌സ് എന്നിവർക്ക് വേണ്ടി എന്തുകൊണ്ടുവാദിച്ചുകൂടാ? മതേതരരാഷ്ട്രിയ സംസ്‌കാരത്തിനും പൊതുജീവിതത്തിനും വേണ്ടിയുള്ള ഒരു സമരം നമുക്ക്‌ തുടങ്ങിക്കൂടെ ?  ഓരോ ഇന്ത്യക്കാരനും, മതേതരവിരുദ്ധ രോഗത്തിനെതിരെ ഒരു മഹത്തായ പ്രസ്ഥാനത്തിലൂടെയും ജനങ്ങളുടെ കൂട്ടായ്‌മയിലൂടെയും പ്രതിരോധകുത്തിവെയ്‌പ് നടത്തികൂടെ? മതപരമായ അഴിമതിയേയും സാന്മാർഗ്ഗിക വൃത്തികേടുകളെയും പരാജയപ്പെടുത്തുന്നതിനുള്ള കാര്യങ്ങൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്, അവ ആവശ്യമാണ് ‘പക്ഷേ രാഷ്ട്രീയ കൗശലം നമ്മേയെല്ലാം മഠയരാക്കുമോ? വിക്ടർ യൂഗോ അർത്ഥമാക്കിയതിനേക്കാൾ ഉയർന്ന വീക്ഷണങ്ങളിൽ അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഞാൻ ഉപസംഹരിക്കട്ടെ  ” ഞാൻ മതങ്ങൾക്കെതിരെയുള്ള  മതത്തിനുവേണ്ടി നിലകൊള്ളുന്നു .”
“ഇന്ത്യയിലും മറ്റു സംസ്ഥാനങ്ങളിലും മതമെന്ന് അല്ലെങ്കിൽ സംഘടിത മതമെന്ന് അറിയപ്പെടുന്നതിൻ്റെ പരിവേഷം നമ്മിൽ ഭയം ജനിപ്പിക്കുന്നു.ഞാൻ നിരന്തരം അതിനെ അപലപിച്ചിട്ടുണ്ട്.അതു തുടച്ച് നീക്കാൻ ഞാൻ ആഗ്രഹിക്കുന്നു”
                                                                                                                  -ജവാഹർലാൽ നെഹ്രു 
Share: