ഫുഡ് ടെക്‌നോളജി; തൊഴിൽ സാദ്ധ്യതയേറിയ മേഖല : മന്ത്രി കെ രാജു

Share:

കെ എല്‍ ഡി ബോര്‍ഡ് കളത്തൂപ്പുഴ ഹൈടെക് ഡയറിഫാമില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും പുതിയ കാലഘട്ടത്തില്‍ തൊഴില്‍ സാധ്യതയേറിയ മേഖലകളാണ് ഫുഡ് ടെക്‌നോളജി, ഡയറി സയൻസ് തുടങ്ങിയ മേഖലകളെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു .
കുളത്തൂപ്പുഴ, തെ•ല, ആര്യങ്കാവ്, ചിതറ എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷകരെ ഉള്‍ക്കൊള്ളിച്ച് തുടങ്ങിയ സാറ്റലൈറ്റ് ഡയറി യൂണിറ്റുകളുടേയും ക്ഷീരകര്‍ഷക സഹായകേന്ദ്രത്തിന്റേയും ഉദ്ഘാടനം കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഉടൻതന്നെ ഫുഡ് ടെക്‌നോളജി, ഡയറി സയന്‍സ് എന്നിവ ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കും. ഇതോടൊപ്പം ക്ഷീരകര്‍ഷകര്‍ക്കായി സംരംഭകത്വ കോഴ്‌സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. അദ്ദേഹം പറഞ്ഞു.
ക്ഷീരമേഖലയുടെ വികസനത്തിനായി 104 കോടി രൂപയാണ് സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി ക്ഷീരമേഖലയില്‍ ഇതിന്റെ മൂന്നിരട്ടി തുക ലഭ്യമാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഫണ്ട് ക്ഷീരമേഖലയ്ക്ക് ലഭ്യമാക്കുന്നത്.
ഓരോ പഞ്ചായത്തിലും മുന്നോ നാലോ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ആയിരം മുട്ടക്കോഴിക്കുഞ്ഞുങ്ങളെവീതം നല്‍കുന്ന പദ്ധതി ധനവകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. പാലുല്‍പ്പാദനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് 17 ശതമാനം വര്‍ധന നേടാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുളളില്‍ സംസ്ഥാനം പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടും. മുട്ട, മാംസം എന്നിവയുടെ ഉദ്പാദനം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. സാറ്റലൈറ്റ് ഡയറി യൂണിറ്റ് പദ്ധതിയിലൂടെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിന് ധനസഹായം നല്‍കും. പശുക്കള്‍ക്ക് സര്‍ക്കാരിന്റെ ഗോസുരക്ഷ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കും. പശുവിന്റെ പാലുല്‍പ്പാദന, പ്രത്യുല്‍പ്പാദന വിവരങ്ങള്‍ ഫാമിലെ ഡേറ്റാബേസില്‍ രേഖപ്പെടുത്തുകയും ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് ക്ഷീരകര്‍ഷകരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആശങ്കകള്‍ അകറ്റി ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.
നാടന്‍പശു സംരക്ഷണത്തിനും തീറ്റപ്പുല്‍ പ്ലോട്ട് നിര്‍മ്മാണത്തിനുമുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നളിനി അമ്മ അധ്യക്ഷയായി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയും വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ എക്‌സ് അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എല്‍ ഡി ബോര്‍ഡ് എം ഡി ഡോ ജോസ് ജെയിംസ് സ്വാഗതം ആശംസിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അച്ചന്‍കോവില്‍ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ ആര്‍ ഷീജ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം, വെറ്റിനറി സര്‍വകലാശാല ഡയറക്ടര്‍ ഡോ ടി പി സേതുമാധവന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share: