പ്ലസ്വൺ പഠിക്കാൻ തുടങ്ങുമ്പോൾ
സംസ്ഥാന ഹയർ സെക്കൻഡറി പ്ലസ്വൺ പ്രവേശനത്തിനുള്ള ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയമായി. കുട്ടികളോടൊപ്പം രക്ഷിതാക്കളും വളരെ ശ്രദ്ധയോടെ നീങ്ങേണ്ട സമയം കൂടിയാണിത്. ഒരു കുട്ടിയുടെ ഭാവിജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പ്ലസ് വൺ ഒരുക്കുന്നത്. ഏകജാലക കേന്ദ്രീകൃത അലോട്മെൻറ് പ്രകാരമാണ് പ്രവേശനം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഒാരോ പേപ്പറിനും ഡി പ്ലസ് ഗ്രേഡോ തത്തുല്യ മാർക്കോ നേടി വിജയിച്ചവർക്കാണ് ഒാൺലൈൻ അപേക്ഷ ഇപ്പോൾ സമർപ്പിക്കാവുന്നത്.
www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി സമർപ്പിച്ച അപേക്ഷ പ്രിൻറൗട്ട് കോപ്പിയിൽ നിർദിഷ്ട സ്ഥാനത്ത് വിദ്യാർഥിയും രക്ഷകർത്താവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലുമൊരു ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് വെരിഫിക്കേഷനായി സമർപ്പിക്കണം.
അപേക്ഷാ ഫീസായി ഇതോടൊപ്പം 25 രൂപ അടക്കുകയും വേണം. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാർഥി ഒന്നിൽക്കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. എന്നാൽ, ഒന്നിലധികം റവന്യൂ ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം തേടുന്നവർ ഒാരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. സ്കൂളിൽ അപേക്ഷ സമർപ്പിച്ചാൽ അപേക്ഷയിലെ അക്നോളജ്മെൻറ് സ്ലിപ് പ്രിൻസിപ്പൽ ഒപ്പുവെച്ച് സ്കൂൾ സീലും പതിച്ച് അപേക്ഷകന് തിരികെ നൽകും. തുടർന്നുള്ള എല്ലാ അന്വേഷണങ്ങൾക്കും അക്നോളജ്മെൻറും അപേക്ഷ നമ്പറും ആവശ്യമാണ്. സ്ഥിരപ്രവേശനം ലഭിക്കുംവരെ ഇത് സൂക്ഷിക്കണം. അപേക്ഷ സമർപ്പണത്തിന് സ്കൂൾ തലത്തിലുള്ള ഹെൽപ് ഡസ്കുകളുടെ സഹായം തേടാവുന്നതാണ്.
ഗ്രൂപ്, വിഷയങ്ങൾ തെരഞ്ഞെടുക്കുേമ്പാൾ:
സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി ഹയർ സെക്കൻഡറി പഠനത്തിന് ആകെ 45 സബ്ജക്ട് കോമ്പിനേഷനുകൾ ലഭ്യമാണ്. ഗ്രൂപ്പുകളും സ്ബ്ജക്ട് കോമ്പിനേഷനുകളും വെബ്സൈറ്റിൽ പ്രൊസ്പെക്ടസിലുണ്ട്. ഒാരോ സബ്ജക്ട് കോമ്പിനേഷനിലും നാലു വിഷയങ്ങൾ അടങ്ങിയിരിക്കും.
പ്ലസ്വൺ പ്രവേശനത്തിൽ തെരഞ്ഞെടുക്കുന്ന ഇൗ വിഷയങ്ങളാണ് ഉന്നത വിദ്യാഭ്യാസവും ഭാവി ജീവിതവും നിശ്ചയിക്കപ്പെടുന്നതിൽ നിർണായകമാവുന്നത്. അതിനാൽ, കോഴ്സുകളും സബ്ജക്ട് കോമ്പിനേഷനുകളും തെരഞ്ഞെടുക്കുന്നത് അതി ശ്രദ്ധയോടെ വേണം.
അഭിരുചിക്കിണങ്ങിയ കോഴ്സ് /സബ്ജക്ട് കോമ്പിനേഷൻ തെരഞ്ഞെടുക്കാം. ഭാവിയിൽ മെഡിസിന് ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ ബയോളജി വിഷയം അടങ്ങിയ സയൻസ് സബ്ജക്ട് കോമ്പിനേഷൻ പ്ലസ്വൺ പഠനത്തിന് തെരഞ്ഞെടുക്കണം. മെഡിസിനും എൻജിനീയറിങ്ങും ലക്ഷ്യമിടുന്നവർ ബയോളജിയും മാത്തമാറ്റിക്സും അടങ്ങിയ സബ്ജക്ട് കോമ്പിനേഷൻ തെരഞ്ഞെടുത്ത് പഠിക്കണം. എൻജിനീയറിങ്ങിന് മാത്തമാറ്റിക്സ് വിഷയം അടങ്ങിയതാവണം സബ്ജക്ട് കോമ്പിനേഷൻ.
പ്ലസ്വണിന് ശേഷം മെഡിസിനോ പാരാമെഡിക്കൽ ഹെൽത്ത് സയൻസ് കോഴ്സുകളിലോ ഉപരിപഠനം നടത്തുന്നതിന് പ്ലസ്വൺ കോഴ്സിൽ ബയോളജി അടങ്ങിയ സബ്ജക്ട് കോമ്പിനേഷൻതന്നെയാണ് വേണ്ടത്.
ഫാർമസിപോലുള്ള ചില കോഴ്സുകൾക്ക് പ്ലസ്വൺതലത്തിൽ ബയോളജിക്ക് പകരം മാത്തമാറ്റിക്സ് വിഷയമെടുത്ത് പ്ലസ് വൺ വിജയിച്ചവരെയും പരിഗണിക്കും.
ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കുന്നവർക്ക് അതത് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര ബിരുദപഠനവും പിഎച്ച്.ഡിയുമൊക്കെ കരസ്ഥമാക്കി മികച്ച കരിയറിലെത്താം. പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളുണ്ട്.
പ്ലസ് വൺ ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ് ഏറ്റവും കൂടുതൽ സബ്ജക്ട് കോമ്പിനേഷനുകൾ ഉള്ളത്. 26 സബ്ജക്ട് കോമ്പിനേഷനുകൾ ഹ്യുമാനിറ്റീസ് ഗ്രൂപ്പിലുണ്ട്. ഏത് സബ്ജക്ട് കോമ്പിനേഷൻ എടുത്താലും അതിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര ബിരുദ പഠനങ്ങൾ നടത്തി അനുയോജ്യമായ കരിയർ കണ്ടെത്താനാവും.
കോമേഴ്സ് ഗ്രൂപ്പിൽ നാല് സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്. ബി.കോം, എം.കോം കോഴ്സുകളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് കോമേഴ്സ് ഗ്രൂപ്പിൽ പഠനമാകാം. ചാർേട്ടഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് കോഴ്സുകളിൽ ഉപരിപഠനത്തിന് ഏറെ അനുയോജ്യം പ്ലസ്ടു കോമേഴ്സ് ഗ്രൂപ്പുകാർക്കാണ്.
പ്ലസ് വൺ സയൻസ് ഗ്രൂപ് എടുത്ത് പഠിക്കുന്നവർക്ക് ഉപരിപഠനാർഥം ഡിഗ്രിക്ക് ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്ക് തിരിയാനാകും. എന്നാൽ, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ പ്ലസ്വൺ തെരഞ്ഞെടുത്ത് പഠിക്കുന്നവർക്ക് ശാസ്ത്ര വിഷയങ്ങളിൽ ബിരുദബിരുദാനന്തര കോഴ്സുകളിലേക്ക് തിരിയാൻ കഴിഞ്ഞെന്നുവരില്ല. ശാസ്ത്രാഭിരുചിയുള്ളവർ പ്ലസ് വൺ സയൻസ് ഗ്രൂപ് എടുത്ത് പഠിക്കുന്നതാണ് ഉത്തമം.
മാനേജ്മെൻറ്, നിയമം, ജേണലിസം, ചാർേട്ടഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് ഉൾപ്പെടെയുള്ള പ്രഫഷനൽ ബിരുദ കോഴ്സുകളിൽ ഉപരിപഠനത്തിന് പ്ലസ് വൺ ഏത് സബ്ജക്ട് കോമ്പിനേഷൻ എടുത്ത് പഠിക്കുന്നവർക്കും അവസരമുണ്ട്.
ഗ്രൂപ്പുകളും സബ്ജക്ട് കോമ്പിനേഷനുകളും തെരെഞ്ഞടുക്കുന്നതിന് സ്കൂൾതല ഹെൽപ് ഡസ്കുകളുടെ സഹായം തേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും