പരിസ്ഥിതി സംരക്ഷണം നവീന പദ്ധതികളുമായി സാക്ഷരതാ മിഷന്‍

Share:

സാക്ഷരതാ മിഷന്‍ പരിസ്ഥിതി സംരക്ഷണത്തിനായി നവീന പദ്ധതികള്‍ നടപ്പിലാക്കുന്നു. ജലസ്രോതസുകളുടെ സ്ഥിതി വിവര പഠനം, പരിസ്ഥിതി ക്ലാസുകള്‍ സംഘടിപ്പിക്കല്‍, ജൈവ വൈവിധ്യപഠനം എന്നീ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

ജനങ്ങള്‍ പൊതുവായി ഉപയോഗിക്കുന്ന കുളങ്ങള്‍, കിണറുകള്‍, തോടുകള്‍, പുഴകള്‍, കായലുകള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തുകയാണ് ആദ്യഘട്ടം. പരിസ്ഥിതി ക്ലാസുകള്‍ സംഘടിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, വിദ്യാകേന്ദ്രങ്ങള്‍, ലൈബ്രറികള്‍, തുല്യതാ പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.

ജൈവവൈവിധ്യ പഠനമാണ് അടുത്തത്. ഇതിനായി പരിസ്ഥിതി സാക്ഷരതാ സമിതികളും പരിസ്ഥിതി പഠന സംഘങ്ങളും രൂപീകരിച്ച് പ്രവര്‍ത്തിക്കും. ഇതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും പ്രേരക്മാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മേഖലാതല പരിശീലന പരിപാടികള്‍ ആരംഭിച്ചു.

കൊല്ലം മേഖലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഐ ടി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ ദിലീപ്കുമാര്‍, സേതുലക്ഷ്മി, ഷീബാബാബു, സുനിത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സോമന്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് പി ഹരിഹരന്‍ ഉണ്ണിത്താന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ പി മുരുകദാസ്, സി ശാന്ത എന്നിവര്‍ പങ്കെടുത്തു.

Share: