നൈപുണ്യ വികസനം : 60 ലക്ഷം പേര്‍ക്ക് വിദഗ്ധ പരിശീലനം

621
0
Share:

അടുത്ത നാലുവര്‍ഷത്തില്‍ 60 ലക്ഷം യുവാക്കള്‍ക്ക് വിവിധതൊഴിലുകളില്‍ വിദഗ്ധപരിശീലനം നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതിനല്‍കി. ഇതിനുപുറമേ അനൗപചാരികമായി നൈപുണ്യവികസനം നടത്തിയ 40 ലക്ഷം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. വ്യവസായ ലോകത്തിന്റെ ആവശ്യം കണക്കിലെടുത്തായിരിക്കും പരിശീലനം. നൈപുണ്യ വികസനവും സംരഭകത്വമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നയപരമായ ദിശാബോധം നല്‍കാനാണ് 2015 ലെ നൈപുണ്യ വികസന സംരഭകത്വ ദേശീയ നയം കൊണ്ട് ലക്ഷ്യമിടുന്നത്.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവരുമായി പരിശീലനം തേടുന്നവരെ കൂട്ടിയിണക്കാന്‍ ഇത് വഴിയൊരുക്കും. കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ഇതുവരെ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്. സാമൂഹിക നീതി – ശാക്തീകരണം, ആരോഗ്യ കുടുംബക്ഷേമം, പ്രതിരോധം, ഉരുക്ക് ഖനി, രാസവസ്തുക്കളും പെട്രോ കെമിക്കല്‍സും, വളം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളുമായിട്ടാണ് ധാരണാപത്രത്തിലേര്‍പ്പെട്ടിട്ടുളളത്. ഇതിന് പുറമെ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍,
ദേശീയ താപ വൈദ്യുതി കോര്‍പ്പറേഷന്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയുമായി ത്രികക്ഷി കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. നൈപുണ്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക പരാധീനത തടസ്സമാകാതിരിക്കാന്‍ ഉദ്ദേശിച്ച് രൂപം കൊടുത്തിട്ടുളളതാണ് നൈപുണ്യാ വായ്പാ പദ്ധതി.രാജ്യത്തെ മുപ്പത്തിനാല് ലക്ഷം യുവജനങ്ങള്‍ക്ക് നൈപുണ്യ വികസന പരിപാടികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷ കാലത്തേക്ക് അയ്യായിരം മുതല്‍ ഒന്നര ലക്ഷം രൂപവരെ വായ്പ നൽകും.

നൈപുണ്യ വികസനപദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പരിശീലനം നല്‍കുന്നവര്‍ക്ക് അതിന്റെ ചെലവ് സര്‍ക്കാര്‍ പിന്നീട് നല്‍കും. പരിശീലനത്തിനെത്തുന്നവര്‍ക്ക് യാത്രാച്ചെലവ്, താമസ അലവന്‍സ് എന്നിവ ലഭിക്കും.
മൊത്തം ഒരുകോടി യുവാക്കളില്‍ 25 ശതമാനംപേരെ പരിശീലിപ്പിക്കേണ്ടത് സംസ്ഥാനങ്ങളാണ്. മൊത്തം ചെലവിന്റെ 25 ശതമാനം സംസ്ഥാനസര്‍ക്കാറുകള്‍ക്ക് അനുവദിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ലഭ്യമാക്കാന്‍ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും. ‘പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന’ പ്രകാരമുള്ള ഈ പദ്ധതിയുടെ അടങ്കല്‍ 12,000 കോടി രൂപയാണ്.

Share: