തൊഴിലും പഠിപ്പും – ഡോ. സുകുമാർ അഴിക്കോട് 

714
0
Share:
ഇന്ത്യയിലുള്ള ഏതു സമാന പ്രസിദ്ധീകരണത്തോടും കിടപിടിക്കുവാൻ കഴിവുള്ള ഒരു പത്രമാണ് ‘ കരിയർ മാഗസിൻ ‘. കുട്ടികൾക്ക് ചുറ്റുപാടുമുള്ള ജീവിതത്തിൻ്റെ വർത്തമാന സ്ഥിതിയെപ്പറ്റി ശരിയായ അറിവ് നൽകുവാൻ പറ്റിയൊരു മാധ്യമമാണ് ഇത് . 

 മനുഷ്യനായി പിറന്നാൽ ഏതെങ്കിലും ഒരു തൊഴിൽ ചെയ്യാതെ ജീവിക്കാനാവില്ല. പണ്ടൊക്കെ പൂർവ്വികർ സമ്പാദിച്ചു വെച്ചതിൻ്റെ തുഞ്ചത്തു കയറിയിരുന്ന് ജോലിചെയ്യാതെ ജീവിക്കാൻ പറ്റുമായിരുന്നു. പക്ഷെ അത്തരക്കാരെ ഇന്ന് സമൂഹം പുച്ഛത്തോടെ നോക്കുന്നു. എത്ര സമ്പന്നനായാലും സമ്പത്തിനെ വിനിയോഗിക്കുന്ന തൊഴിലുകളിലേതിലെങ്കിലും ഏർപ്പെട്ടില്ലെങ്കിൽ മാന്യതയില്ല.

എല്ലാ മതങ്ങളും ആദർശ സംഹിതകളും തൊഴിലിന് മാന്യത കല്‌പിച്ചു. ഗീതയിലെ കർമ സിദ്ധാന്തം തൊഴിൽ ചെയ്യണമെന്നാണ് ചുരുക്കത്തിൽ പറഞ്ഞുവച്ചിരിക്കുന്നത്. ആകാശത്തിലെ പക്ഷി തൊഴിൽ ചെയ്യുന്നില്ലെന്നു പറയുന്നത് അത്ര ശരിയല്ല. നിരന്തരം അലഞ്ഞു പറന്ന് ധാന്യം ശേഖരിച്ച്‌ സ്വന്തം കൂടും കുഞ്ഞുങ്ങളും പുലർത്തുന്നത് അവരാണ്. രാവും പകലും മനുഷ്യൻ പ്രവർത്തിക്കണമെന്ന് യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. കർമം ആരാധനയാവുന്നത് ഇങ്ങനെയൊക്കെയാണ്.
ഏതു കർമ്മവും നന്നായി ചെയ്യണമെങ്കിൽ അതിൻ്റെ രഹസ്യങ്ങൾ അറിയണം. അവിടെയാണ് കർമ്മം ജ്ഞാനത്തിൻ്റെ സഹായം തേടുന്നതും. കർമ്മം സാമർഥ്യത്തോടെ നിറവേറ്റണം എന്ന് ഗീത അനുശാസിക്കുന്നു. അതിനാൽ കർമ്മ രഹസ്യം തുറന്നു തരുന്ന ജ്ഞാനത്തിൻ്റെ  വെളിച്ചം മനുഷ്യൻ സമ്പാദിക്കണം.

ഇന്ത്യയിൽ തൊഴിലാളികൾ മിക്കവാറും പാശ്ചാത്യരായ തൊഴിലാളികളെക്കാൾ കുറച്ചുമാത്രം ഫലം തരുന്നവരാണെന്ന ഒരപവാദമുണ്ട്. അതിനെ എതിർക്കാതെ, ആ സ്ഥിതിയെ മാറ്റാനാണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ വിദഗ് ധർ പോലും അവിദഗ് ധരാണ്. ഏറ്റവും ഉയർന്ന പരിശീലനത്തിന് ഈ നാട്ടിൽ ഇടമില്ല , സൗകര്യമില്ല , പ്രോത്സാഹനവുമില്ല .

അതാണ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി. വിദ്യ സാമ്പത്തികമായ ഉത്പാദനത്തിന് ഉതകുന്ന ഒരു ഘടകമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. പക്ഷേ നമ്മൾ അതിൻ്റെ സാധ്യതകളെ മുഴുവൻ ഉപയോഗപ്പെടുത്തുന്നില്ല. ഇന്ന് കാറ്റ് മാറി വീശുന്നുണ്ട്. സർവകലാശാലകൾ  തൊഴിൽ ബന്ധമുള്ളവയായിരിക്കണമെന്ന സത്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിന് തൊഴിലുമായി ജൈവബന്ധം വേണമെന്ന്
സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഗാന്ധിജി നമ്മെ പഠിപ്പിച്ചിരുന്നു. പക്ഷേ അത് വേണ്ടതുപോലെ നാം ഉൾക്കൊണ്ടില്ല. വളരെ വൈകിയാണ് തൊഴിലിൻ്റെ പ്രാധാന്യം നാം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നത്.

പക്ഷേ വിദ്യാലയങ്ങളും മറ്റും കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന അറിവ് വളരെ പരിമിതവും സങ്കുചിതവുമാണ്. അതിനെ വികസിപ്പിക്കാൻ ഗ്രന്ഥാലയങ്ങളെ പ്രയോജനപ്പെടുത്താനും വേണ്ടത്ര നമുക്ക് കഴിഞ്ഞിട്ടില്ല.

വളരെ ചെറുപ്പത്തിൽത്തന്നെ കുട്ടികളുടെ അടുത്ത് നവീനലോകത്തിന് ആവശ്യമായ അറിവ് ലഘുരൂപത്തിൽ  എത്തിച്ചുകൊടുക്കേണ്ടതാണ്. എൻ്റെ ചെറുപ്പത്തിൽ കരിയർ വികസനത്തിനുതകുന്ന നല്ല ചില മാസികകൾ ഞാൻ വായിക്കാറുണ്ടായിരുന്നു. തൊഴിൽ ചെയ്യുന്ന ആൾ, തൊഴിലിനെപ്പറ്റി മാത്രമല്ല, ചുറ്റുപാടുമുള്ള ജീവിതത്തെയും ലോകത്തെയും പറ്റി സാമാന്യമായ അറിവുണ്ടായിരിക്കണം.

അവിടെയാണ് തൊഴിൽ പത്രങ്ങളുടെ പ്രാധാന്യം. ഇന്ത്യയിലുള്ള ഏതു സമാന പ്രസിദ്ധീകരണത്തോടും കിടപിടിക്കുവാൻ കഴിവുള്ള ഒരു പത്രമാണ് ‘കരിയർ മാഗസിൻ’. കുട്ടികൾക്ക് ചുറ്റുപാടുമുള്ള ജീവിതത്തിൻ്റെ  വർത്തമാന സ്ഥിതിയെപ്പറ്റി ശരിയായ അറിവ് നൽകുവാൻ പറ്റിയൊരു മാധ്യമമാണ് ഇത്. രാഷ്ട്രീയമായാലും ശാസ്ത്രീയമായാലും കലയുടെയും സാഹിത്യത്തിൻ്റെയും രംഗങ്ങളായാലും, വിശ്വാസപൂർവ്വം  ആശ്രയിക്കാവുന്ന തെറ്റില്ലായ് മയും വൈവിധ്യവും പ്രയോജനപരതയും ഉള്ള അറിവിൻ്റെ  ശകലങ്ങൾ അത് പുതുമയോടെ എന്നും അവതരിപ്പിക്കുന്നു. മിക്കവാറും ഒറ്റയ്ക്കു പുറപ്പെട്ട ആ പത്രത്തിൻ്റെ മാതൃക അനുസരിച്ചു കൊണ്ട് പലതൊഴിൽ സഹായ പത്രങ്ങളും ഇന്ന് വിപണിയിലെത്തിയിട്ടുണ്ട്. കേരളത്തിലെ വലിയ പത്രങ്ങൾക്കുപോലും ഇക്കാര്യത്തിൽ വഴികാട്ടിയാകാൻ കരിയർ മാഗസിനു കഴിഞ്ഞിട്ടുണ്ട്.

വല്ലപ്പോഴും ഞാൻ ഈ പത്രത്തിലൂടെ കണ്ണോടിച്ചു പോകാറുണ്ട്. ഇന്ത്യയിലും കേരളത്തിലും വെളിയിലും നടക്കുന്ന സംഭവങ്ങൾ ഒന്നും ചോർന്നു പോകാതെ നമ്മുടെ പുതിയ തലമുറക്കെത്തിച്ചു കൊടുക്കാൻ ഈ പത്രം ചെയ്യുന്ന പ്രയത്നം ആരുടേയും അഭിനന്ദനം അർഹിക്കുന്നു. പലപ്പോഴും അത് എൻ്റെ അറിവിനെ സുനിശ്ചിതവും പൂർണ്ണവും ആക്കാൻ എനിക്ക് സഹായമായിട്ടുണ്ട്.

വരും വർഷങ്ങൾ ഈ പത്രത്തിന് കൂടുതൽ തിളക്കവും മേന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.

(കരിയർ മാഗസിൻ – ഓഗസ്റ്റ് 2000 )
Share: