തൊഴിലാളികള്‍ക്ക് ന്യായവേതനം – നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍

396
0
Share:

സംസ്ഥാനത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു സഹായകമായ നിയമ നിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ . കരട് തൊഴില്‍ നയം സംബന്ധിച്ച് സംസ്ഥാനത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ)യും ലേബര്‍ കമ്മീഷണറേറ്റും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിത്. അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്കെല്ലാം സംരക്ഷണം നല്‍കും. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമൊപ്പം ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളിസംഘടനകളുടെ പങ്ക് നിര്‍വഹിക്കപ്പെടണം. ഈ സര്‍ക്കാര്‍ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി പല തവണ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. അതിലെല്ലാം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കാന്‍ സംഘടനാ നേതാക്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഒരു സമഗ്ര തൊഴില്‍നയമുണ്ടാക്കാന്‍ സര്‍ക്കാരിന് പ്രേരണയായത് തൊഴിലാളി സംഘടനകളുടെ ഈ നിലപാടാണെന്നും മന്ത്രി പറഞ്ഞു.

നേരത്തേ പ്രസിദ്ധീകരിച്ച കരട് തൊഴില്‍ നയത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തി സമഗ്ര തൊഴില്‍ നയം രൂപപ്പെടുത്താന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെയുും മറ്റുള്ളവരുടെയും പ്രതികരണങ്ങള്‍ കൂടി പരിഗണിക്കുമെന്ന് പിന്നീട് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണ് നേതാക്കളില്‍ പലരും മുന്നോട്ടുവച്ചത്. പുതിയ തൊഴില്‍ നയം വരുമ്പോള്‍ തൊഴിലാളികളുടെ കുറഞ്ഞ ദിവസക്കൂലി 600 രൂപയെങ്കിലുമായി ഉയരുന്ന അന്തരീക്ഷം കേരളത്തിലുണ്ടാവണമെന്നാണ് സംഘടനാ നേതാക്കളുടെ നിലപാട്.

നിലവില്‍ കേരളത്തില്‍ 80 മേഖലകളില്‍ മിനിമം കൂലി നിര്‍ണയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ 22 മേഖലകളില്‍കൂടി മിനിമം കൂലി നിര്‍ണയിച്ചു. മിനിമം കൂലി നിര്‍ണയിച്ച മേഖലകളില്‍ മിനിമം കൂലി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തുകയും ചെയ്യും.

സംസ്ഥാനത്ത് സ്ത്രീ സൗഹൃദപരമായ തൊഴിലന്തരീക്ഷം ഉണ്ടാവണം. ഉത്പാദനക്ഷമതയിലൂന്നി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും തൊഴില്‍ജന്യ രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു താമസസൗകര്യം ഉറപ്പാക്കുന്നതിനുവേണ്ടി ആവാസ് പദ്ധതി നടപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണവും അവര്‍ ഏതെല്ലാം മേഖലകളില്‍ ജോലിചെയ്യുന്നുവെന്നും തിട്ടപ്പെടുത്തുകയും അവര്‍ക്ക് തൊഴില്‍ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. തൊഴില്‍ വകുപ്പിനെ ശാസ്ത്രീയമായി പുന:ക്രമീകരിക്കും. വകുപ്പിലെ അനാശാസ്യപ്രവണതകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കും. ക്ഷേമനിധി ബോര്‍ഡുകളുടെ പുന: സംഘടന പൂര്‍ത്തീകരിക്കും. തോട്ടം മേഖലയ്ക്ക് മതിയായ പരിഗണന നല്‍കും.

തൊഴിലാളി സംരക്ഷണത്തിന് ആവശ്യമെങ്കില്‍ നിലവിലെ നിയമങ്ങളില്‍ ഭേഗദതി വരുത്തും. അതിന് പൊതു അഭിപ്രായ സമന്വയമുണ്ടാക്കും. ഭിന്നശേഷിക്കാര്‍, വിധവകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് പൊതുവില്‍ സംരക്ഷണം നല്‍കും.

കേരളത്തില്‍ പുതുതായി 18 ഇ.എസ്.ഐ. ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ അംഗീകാരമായി. ഇതിലേക്ക് 162 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തൊഴില്‍നയം പ്രാവര്‍ത്തികമാക്കാനാവശ്യമായ ഉത്തരവുകളുണ്ടാകാന്‍ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ തൊഴിലാളി സംഘടനകളുടെ സഹകരണമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ലേബര്‍ കമ്മീഷണര്‍ കെ.ബിജു, തൊഴിലും നൈപുണ്യവും വകുപ്പ് അഡീ. സെക്രട്ടറി ടോം ജോസ്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം കെ. രവിരാമന്‍, മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കിലെ എക്‌സി. ഡയറക്ടര്‍ കിരണ്‍ ജെ.എന്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ സംബന്ധിച്ചു.

Share: