തിരുവനന്തപുരം ഇന്നവേഷന്‍ ഹബ്

500
0
Share:

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ലോകോത്തര സംവിധാനങ്ങളോടെ ഇന്നവേഷന്‍ ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഇവിടെ ശാസ്ത്രജ്ഞനാകാം. ദേശീയ ഇന്നവേഷന്‍ കൗണ്‍സിലിന്‍െറ സഹായത്തോടെ ശാസ്ത്രാഭിരുചിയുള്ളവരില്‍ നൂതനാശയങ്ങള്‍ വികസിപ്പിക്കാനും പുതിയ പഠനങ്ങള്‍ തയാറാക്കാനുമാണ് ഒരുകോടി മുതല്‍ മുടക്കില്‍ 3000 ച. അടി വിസ്തീര്‍ണത്തില്‍ ഇന്നവേഷന്‍ ഹബ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഹബ് രൂപവത്കരിക്കുന്നത്. കഴിഞ്ഞ മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ കാലത്ത് ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അനുവദിച്ച രണ്ട് ഹബ്ബുകളിലൊന്നാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലുള്ളത്. കമ്പ്യൂട്ടറില്‍ രൂപകല്‍പന ചെയ്യുന്നവയുടെ മാതൃക നിര്‍മിക്കാനുള്ള സൗകര്യം, വിവിധ വസ്തുക്കളുടെ നിര്‍മാണ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന വിഡിയോകള്‍, അതിനൂതന ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍, സ്മാര്‍ട്ട് ക്ളാസ് റൂം എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാല്‍ സമൃദ്ധമാണ് ഇന്നവേഷന്‍ ഹബ്.
ശാസ്ത്രമേഖലയെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്കും ഹബ്ബിലത്തെി ആശയങ്ങള്‍ പങ്കുവെക്കാം. ആശയങ്ങള്‍ കടലാസില്‍ എഴുതി ഹബ്ബിന് മുന്നിലെ ‘ഐഡിയ ബോക്സി’ലിട്ടാല്‍ മതി. ആശയങ്ങള്‍ പ്രാവര്‍ത്തികമാണെന്നും അത്തരമൊരു കണ്ടുപിടിത്തത്തിന് സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ടാല്‍ ഹബ്ബിലെ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും നിങ്ങളെ ബന്ധപ്പെടും. കണ്ടുപിടിത്തത്തിന് ആവശ്യമായ ഉപകരണങ്ങളും പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ സൗകര്യങ്ങളും നല്‍കും. പൂര്‍ത്തിയാകുന്ന പദ്ധതിയുടെ പേറ്റന്‍റും ലഭിക്കും. ഒരു സയന്‍റിഫിക് ഓഫിസറുടെ കീഴില്‍ നാല് എന്‍ജിനീയര്‍മാരാകും പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
‘ലോകത്ത് കാണുന്ന പ്രധാന കണ്ടുപിടിത്തങ്ങളൊന്നും ശാസ്ത്രം ഗഹനമായി പഠിച്ചവരില്‍നിന്ന് ഉണ്ടായതല്ല. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരങ്ങള്‍ സൈക്ക്ള്‍ വര്‍ക്ക്ഷോപ് ജീവനക്കാരായിരുന്നു. അതുപോലെ നമ്മള്‍ അറിയാത്ത നല്ല ആശയങ്ങളുള്ളവര്‍ നമുക്കിടയിലുണ്ടാകും. അവര്‍ക്ക് പക്ഷേ പണവും സൗകര്യങ്ങളുമുണ്ടാകില്ല. ഇതെല്ലാം ഇന്നവേഷന്‍ ഹബ്ബിലൂടെ ലഭിക്കും – ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് പറയുന്നു.

Share: