തിരുനല്ലൂർ കരുണാകരന്‍

1269
0
Share:

കരുണാകരന്‍, തിരുനല്ലൂര്‍ (1924 – 2006) മലയാളസാഹിത്യകാരന്‍. കൊല്ലം താലൂക്കിലെ പെരിനാട്ട്‌ തിരുനല്ലൂര്‍ കുടുംബത്തില്‍ 1924 ഒ. 8ന്‌ പി.കെ. പദ്‌മനാഭന്റെയും എന്‍. ലക്ഷ്‌മിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന്‌ 1948ല്‍ ഇന്റര്‍മീഡിയറ്റ്‌ പരീക്ഷ പാസ്സായി. കൊല്ലം എസ്‌. എന്‍. കോളജില്‍ നിന്ന്‌ 1951ല്‍ ബി.എ. ബിരുദം നേടിയ കരുണാകരന്‍ കുറച്ചുകാലം അതേ കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയുണ്ടായി. 1954ല്‍ എം.എ. ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ആ വര്‍ഷം തന്നെ തിരുവനന്തപുരം ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളജില്‍ ലക്‌ചററായി ജോലിയില്‍ പ്രവേശിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ പ്രാഫസറായി ഇരിക്കുമ്പോള്‍ 1975 ജൂണില്‍ കേരള പബ്ലിക്‌സര്‍വീസ്‌ കമ്മിഷന്‍ മെംബറായി നിയമിക്കപ്പെട്ടു.
ഹൈസ്‌കൂര്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതന്നെ കരുണാകരന്‍ കവിതയെഴുതിത്തുടങ്ങി. ചെറുപ്പം മുതല്‌ക്കേ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും പെരിനാട്ടെ കയര്‍ത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുമ്പനായി നിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌തു. ആ കാലഘട്ടങ്ങളിലെ അനു‌ഭവങ്ങളുമായി ബന്ധപ്പെട്ടതാണ്‌ പ്രമം മധുരമാണ്‌, ധീരവുമാണ്‌ (1956), റാണി (1957) മുതലായ കൃതികള്‍. കേരളത്തിലെ കഥാപ്രസംഗ വേദികളില്‍ ഏറ്റവുമധികം അവതരിപ്പിക്കപ്പെട്ടിട്ടുള്ള കൃതികളിലൊന്നാണ്‌ റാണി.
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്‌ത്രത്തിന്റെയും പൗരസ്‌ത്യകാവ്യസംസ്‌കാരത്തിന്റെയും സമന്വയഭാവം തിരുനല്ലൂരിന്റെ കവിതകളില്‍ കാണാന്‍ കഴിയും. ഇദ്ദേഹത്തിന്റെ മേഘസന്ദേശം (1959) മലയാളത്തിലെ മേഘസന്ദേശവിവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‌ക്കുന്നു. കുമാരനാശാന്റെ ചണ്‌ഡാലഭിക്ഷുകിക്ക്‌ തയ്യാറാക്കിയിട്ടുള്ള സംസ്‌കൃതവിവര്‍ത്തനവും ശ്രദ്ധേയമാണ്‌.
ഇദ്ദേഹത്തിന്റെ മറ്റൊരു കവിതാസമാഹാരമാണ്‌ സൗന്ദര്യത്തിന്റെ പടയാളികള്‍. പ്രാഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ശിക്ഷണത്തില്‍ പ്രാചീന മലയാളഭാഷയിലും സാഹിത്യത്തിലും നിഷ്‌കൃഷ്‌ടമായ പഠനം നടത്താന്‍ കരുണാകരന്‌ അവസരം ലഭിച്ചിട്ടുണ്ട്‌. മലയാള ഭാഷാപരിണാമം സിദ്ധാന്തങ്ങളും വസ്‌തുതകളും (1965) എന്ന പ്രൗഢഗ്രന്ഥം ഈ പഠനത്തിന്റെ ഫലമാണ്‌. മഞ്ഞുതുള്ളികള്‍ (1946), അന്തിമയങ്ങുമ്പോള്‍ (1964), രാത്രി (1964), താഷ്‌കെന്റ്‌ (1969), ഒരു മഹായുദ്ധത്തിന്റെ പര്യവസാനം (ഗദ്യം) എന്നീ കൃതികളും തിരുനല്ലൂരിന്റേതായുണ്ട്‌.
കേരളകലാമണ്ഡലത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും വിവിധ സമിതികളിലും കേരളസര്‍വകലാശാലാ സെനറ്റിലും കരുണാകരന്‍ അംഗമായിരുന്നിട്ടുണ്ട്‌. കാറല്‍ മാര്‍ക്‌സിന്റെ മൂലധനവും ലെനിന്റെ തിരഞ്ഞെടുത്ത കൃതികളും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യാന്‍ നിയുക്തമായ സമിതികളിലും ഇദ്ദേഹം അംഗമായിരുന്നു. 1973ല്‍ റഷ്യയില്‍ അല്‍മാ അത്തയില്‍ വച്ചു നടന്ന ആഫ്രാ ഏഷ്യന്‍ എഴുത്തുകാരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാളായി പങ്കെടുക്കുകയും തുടര്‍ന്ന്‌ റഷ്യയില്‍ ഒരു ഹ്രസ്വകാല പര്യടനം നടത്തുകയും ചെയ്‌തു.
തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ എന്ന കവിതാ സമാഹാരത്തിനു‌ 1988ലെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചു. സമഗ്ര സംഭാവനയ്‌ക്ക്‌ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും ഇദ്ദേഹത്തിനു‌ ലഭിച്ചിട്ടുണ്ട്‌. 2006 ജൂല. 5ന്‌ ഇദ്ദേഹം നിര്യാതനായി.
(കെ.കെ. ഗോവിന്ദന്‍)

Share: