ഡ്രൈവിംഗ് ലൈസൻസിന് ഇളവനുവദിക്കുമ്പോൾ …
-രാജൻ പി തൊടിയൂർ /
‘ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ കാറപകടത്തിൽ കൊല്ലപ്പെട്ടു ‘, എന്ന വാർത്ത ഇപ്പോൾ മലയാളി മനസ്സിൽ ഒരു വേദനയുമുണ്ടാക്കുന്നില്ല. ചരമപേജിന് തൊട്ടടുത്ത് റോഡപകട മരണങ്ങൾക്കും ഒരു പേജ് മലയാള പത്രങ്ങൾ മാറ്റി വെച്ചിരിരിക്കുന്നത് വികാരഭേദമില്ലാതെ മറി ച്ചുപോകാൻ മലയാളി പഠിച്ചു കഴിഞ്ഞു. റോഡപകടങ്ങൾ പെരുകുകയാണ്. 2016 ൽ കേരളത്തിൽ 39420 അപകടങ്ങളാണ് പൊലീസിൻറെ കണക്കനുസരിച്ചുണ്ടായത്. 4287 പേർ മരിക്കുകയും 44108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം മരണസംഖ്യ ആറായിരത്തോളമെത്തുമെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
ആരൊക്കെയാണ് റോഡിലെ കൊലയാളികൾ എന്ന് ഗൗരവപൂർവം ചിന്തിക്കുവാനും അതിനു പരിഹാരം കണ്ടെത്തുവാനും ഭരിക്കുന്നവർക്ക് സമയം ലഭിക്കുന്നില്ല എന്നതിൽ നാം പരാതിപ്പെടേണ്ടതില്ല. മൂന്നേകാൽ കോടി ജനങ്ങളുള്ളതിൽ ഒരു വർഷം 5000 പേർ മരിക്കുകയും 50000 പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നത് ഭരിക്കുന്നവരുടെ മനസ്സിൽ ഇടം ലഭിക്കേണ്ട ഒരു വിഷയമല്ല എന്ന് മലയാളി തിരിച്ചറിഞ്ഞു കഴിഞ്ഞു.
തലസ്ഥാന നഗരിയിൽ , ഭരണ സിരാകേന്ദ്രത്തിനുമുന്നിൽ , ഇപ്പോഴും നാം റോഡ് മുറിച്ചുകടക്കുന്നത് ജീവൻ കയ്യിൽ വെച്ചുകൊണ്ടാണല്ലോ! അല്ലെങ്കിൽ അടുത്ത് നിൽക്കുന്നവരുടെ കയ്യിൽ കോർത്ത് പിടിച്ചു ഇടിച്ചിടാൻ വരുന്ന എസ് യു വി യുടെ മുന്നിലൂടെ രണ്ടും കൽപ്പിച്ചോരോട്ടം!
നമ്മുടെ ഡ്രൈവർ മാർ എത്ര മഹാന്മാരാണെന്ന് തിരിച്ചറിയുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.
വഴിയാത്രക്കാരെ , ഇടിച്ചിടാൻ വേഗത്തിൽ വാഹനമോടിക്കുകയും സീബ്രാലൈനും നിരത്തിലെ മറ്റു നിയന്ത്രണ രേഖകളും കാണാതെ പോകാൻ ലോകത്തു നമ്മുടെ നാട്ടിലെ ഡ്രൈവർമാർക്ക് മാത്രമേ കഴിയു. ഡ്രൈവിംഗ് സദാചാരം എന്നൊന്നില്ലാത്തതും അത് പഠി പ്പിക്കാത്തതുമായ ഒരു രാജ്യം നമ്മുടേത് മാത്രമായിരിക്കും. ഇത്രയേറെ ലാഘവത്തോടെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന ഒരു രാജ്യവും.
അതുകൊണ്ടുതന്നെ നമ്മുടെ ഇൻറ ർ നാഷണൽ ഡ്രൈവിംഗ് ലൈസൻസുമായി ചെന്നാൽ ലോകത്തൊരിടത്തും വാഹനമോടിക്കാൻ അനുവാദം ലഭിക്കാറില്ല. എന്തിന് നമ്മളെക്കാൾ വളരെ ചെറിയ രാജ്യങ്ങളായ ഗൾഫിൽപ്പോലും ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് ‘പുല്ലു’വിലയാണ് ! ഇനി അതുമായി വാഹനമോടിക്കാമെന്നുവെച്ചാൽ , ഡ്രൈവിങിൻറെ ബാലപാഠം പോലുമറിയാത്ത നമുക്ക് റോഡപകടത്തിൽ രക്തസാക്ഷിയാകാനേ കഴിയു.
ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന കാര്യത്തിൽ നാമിപ്പോഴും 1903 ൽ ആണെന്ന് പറഞ്ഞാൽ അതിശോക്തിയില്ല. അന്നാണ് ബ്രിട്ടനിൽ എച്ചും എട്ടും വരച്ചു ഡ്രൈവിംഗ് ലൈസൻസ് കൊടുത്തുതുടങ്ങിയത്. ലോകം അതിൽനിന്നും ഒരുപാട് മാറി എന്നുള്ള കാര്യം നാമിനിയും മനസ്സിലാക്കാത്തതുകൊണ്ടാണ് ഇപ്പോഴും എച്ചും എട്ടും വരച്ചു ലൈസൻസ് കൊടുക്കുന്നതിൽ നാം നിൽക്കുന്നത്. ഡ്രൈവർമാർ റോഡ് സദാചാരം ഇല്ലാത്തവരായി മാറുന്നതും അതുകൊണ്ടാണ്.
ആധുനിക ഡ്രൈവിംഗ് സംവിധാനങ്ങൾ ആദ്യം പഠിപ്പിക്കുന്നത് പ്രതിപക്ഷ ബഹുമാനമാണ്. കാൽനടക്കാർക്ക് വേണ്ടി വഴി ഒഴിഞ്ഞു കൊടുക്കുക ( Give Way ) എതിരെ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യുക , ഓവർ ടേക്ക് ചെയ്യും മുൻപ് രണ്ടാമതൊന്ന് ആലോചിച്ചു സിഗ്നൽ കൊടുത്തു, ലൈൻ മാറി , അകലം സൂക്ഷിച്ചു മുന്നോട്ടെടുക്കുക എന്നതൊക്കെ അടിസ്ഥാന മര്യാദകളാണ്. നമ്മുടെ ബഹുഭൂരിപക്ഷം ഡ്രൈവർമാരും ഇതൊന്നും ചെയ്യാത്തത് ‘അറിവില്ലായ്മ’ കൊണ്ട് മാത്രമാണ്. ആരും അവരെ ഇതൊന്നും പഠിപ്പിക്കുന്നില്ല.
ലോകത്തുള്ള എല്ലാ മികച്ച വാഹനങ്ങളും ഇന്ന് നമ്മുടെ നിരത്തിലുണ്ട്. റോൾസ് റോയ്സും , വോൾവോയും കാർട്ടിയറും ഫോർഡും ഓഡിയും ജാഗറും മത്സരിച്ചോടുകയാണിവിടെ. പക്ഷെ നമുക്ക് റോഡില്ല. ആറുവരിപ്പാതയും എട്ടുവരിപ്പാതയും ഫ്ലൈ ഓവറുകളും സാറ്റ് ലൈറ്റ് നിയന്ത്രണവും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വാഹനങ്ങൾ ഓടിക്കുന്നവരിലും പുതിയ ഗതാഗത ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.
റോഡിലെ മഞ്ഞവരയും വെള്ളവരയും മുറിഞ്ഞ വരയും സീബ്രാ വരയും എന്തിനാണെന്നുപോലും അറിയാതെ വാഹനമോടിക്കുന്നവരാണ് അധികവും.
റോഡ് മര്യാദ എന്തെന്ന് അവർക്കറിയില്ല. യാത്രക്കാരൻറെ ജീവനെക്കുറിച്ചു, കാൽനടക്കാരന്റെ അവകാശത്തെക്കുറിച്ചു അവർക്കറിയില്ല. ഒരപകടം വരുത്തിവെക്കുന്ന ദുരന്തത്തെക്കുറിച്ചു അവർ ചിന്തിക്കുന്നില്ല. റോഡുകളിലെ അപര്യാപ്തതകളേക്കാൾ, ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിലെ പിഴവുകളും ലാഘവത്വവുമാണ് നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ കൂടുന്നതിന് കാരണമെന്ന് അധികാരികൾ മനസ്സിലാക്കുന്നുമില്ല.
ആകസ്മിക സംഭവം, അവിചാരിതം എന്നൊക്കെ അർത്ഥങ്ങളാണ് ‘ആക്‌സിഡൻറ് ( accident ) എന്ന വാക്കിന് നിഘണ്ടു നൽകുന്നത് . എന്നാൽ നമ്മുടെ നാട്ടിൽ നടക്കുന്ന റോഡപകടങ്ങളിൽ അധികവും ആകസ്മികമോ അവിചാരിതമോ അല്ല. അപകടം വരുത്തിവെക്കുന്ന ദുരന്തങ്ങൾ മുൻകൂട്ടി കാണാൻ കഴിയാത്തവരുടെ അശ്രദ്ധയാണ് മിക്കപ്പോഴും അപകടങ്ങളിലേക്ക് വഴിമാറുന്നത്.
വാഹനമോടിക്കുക എന്ന ജോലി ഏറ്റവും ഉത്തരവാദിത്തമുള്ള ഒന്നാണെന്ന ബോധം ഡ്രൈവർമാർക്ക് പകർന്നുനൽകാൻ കഴിയാത്തതാണ് നമ്മുടെ ഡ്രൈവിംഗ് പഠന സംവിധാനം. വാഹനമോടിക്കാനുള്ള ലൈസൻസ് ഇത്ര ലാഘവത്തോടെ, പ്രാകൃതമായ രീതിയിൽ നൽകുന്ന മറ്റൊരു രാജ്യവും ലോകത്തുണ്ടാവില്ല. വികസിത- വികസ്വര രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് ഏറ്റവും അടുക്കും ചിട്ടയോടും കൂടിയുള്ള പഠനസംബ്രദായങ്ങൾ ഉള്ളപ്പോൾ ( syllabus ) നാമിപ്പോഴും എച്ചും എട്ടും വരച്ചു ലൈസൻസ് നൽകുകയാണ്. അതിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ചാണ് നാമിപ്പോൾ ചിന്തിക്കുന്നത്!
ഡ്രൈവിംഗ് ലൈസൻസ് കൊലപാതകത്തിനുള്ള അനുവാദപത്രമായി മാറുന്നത് അത് നൽകുന്നതിന് കാലാനുസൃതമായ പരിശീലനവും ബോധവൽക്കരണവും നൽകാത്തത് കൊണ്ടാണ്. ലൈസൻസ് നൽകുന്നതിന് ഉത്തരവാദപ്പെട്ടവർ അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നു തോന്നും രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഏറ്റവും ഉത്തരവാദപ്പെട്ട ജോലിയാണ് വാഹനമോടിക്കുന്നതെന്നു മനസ്സിലാക്കിക്കൊടുത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ബോധവൽക്കരണത്തോടൊപ്പം ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള പഠനവും പരീക്ഷാരീതികളും കാലാനുസൃതമാക്കേണ്ടതുണ്ട്. സുരക്ഷിതമായി വാഹനമോടിക്കുക ( safe driving ) എന്നാൽ യാത്രക്കാരുടെ മാത്രം സുരക്ഷയല്ല. വാഹനത്തിന് പുറത്തുള്ളവരുടെയും സുരക്ഷയാണ്. നമ്മുടെ നിരത്തുകളിൽ അതില്ലാതാകുന്നത് ഡ്രൈവിംഗ് എന്നതിനെ ലാഘവത്തോടെ കാണുന്നത് കൊണ്ടാണ്.
വാഹനമോടിക്കുന്നവരിൽ ഉത്തരവാദിത്വബോധം ശക്തിപ്പെടുത്തുന്നതോടൊപ്പം സാമൂഹികാവബോധവും വളർത്തിയെടുക്കാൻ പര്യാപ്തമായ പഠനക്രമം അടിയന്തിരമായുണ്ടാകണം. ഡ്രൈവിംഗ് മഹത്തായ തൊഴിലാണ്. അതിനുള്ള ലൈസൻസ് കൊലപാതകത്തിനുള്ള അനുവാദപത്രമായി മാറരുത്.