ചിത്രാഞ്ജലിയുടെ വികസനം : 3350 കോടിയുടെ പദ്ധതി – കൂടുതൽ തൊഴിലവസരങ്ങൾ

614
0
Share:

തിരുഃ ചിത്രാഞ്ജലി സ്റ്റുഡിയോ ലോകനിലവാരത്തിലുള്ള മീഡിയ സിറ്റി ആക്കുന്നതിനു 500 മില്യൺ ഡോളറിന്റെ ( 3350 കോടി രൂപ) പദ്ധതി , മൈ യൂ കെ നെറ്റ് വർക് ലിമിറ്റഡ് (യു കെ ) ജി മീഡിയ പാർട്നെർസ് (യു എസ് എ ) സിലിക്കോൺ ഗിഗ്‌സ് ( യു എസ് എ ) എന്നീ കമ്പനികൾ സംയുക്തമായി കേരള സർക്കാരിന് സമർപ്പിച്ചു.
മാധ്യമ രംഗത്തു് ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ള ഉദാര നയങ്ങളും വിദേശനിക്ഷേപം ( FDI ) ഇന്ത്യയിൽ കൊണ്ടുവരുന്നതിന് അനുകൂലമായ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജി മീഡിയ പാർട്നെർസ് ( www.gmediapartners.com ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജ് പല്ലപ്പോത് പറഞ്ഞു. പ്രകൃതി ഭംഗി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള കേരളത്തിനെ ഏഷ്യൻ സിനിമയുടെ കവാടമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ചിത്രാഞ്ജലിയുടെ വികസനത്തിലൂടെ തിരുവനന്തപുരത്തിന്റെ മുഖശ്ചായ മാറ്റിയെടുക്കാൻ കഴിയുമെന്നും ഒരു ലക്ഷം പേർക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു . യൂണിവേഴ്സൽ സ്റ്റുഡിയോസ് , ഫോക്സ് തുടങ്ങിയ വമ്പൻ മാധ്യമ സ്ഥാപനങ്ങൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങളിൽ വൻതോതിൽ നിക്ഷേപ സാധ്യത ലക്ഷ്യമിടുകയാണെന്നും കഴിഞ്ഞ പതിനേഴ് വർഷങ്ങളായി അമേരിക്കൻ മാധ്യമ വ്യവസായ രംഗത്തും ടെലികോം ഇലക്ട്രോണിക്‌സ് മേഖലയിലും സജീവ സാന്നിധ്യമായ രാജ് പല്ലപ്പോത് വ്യക്തമാക്കി. പദ്ധതിക്കാവശ്യമായ മുഴുവൻ നിക്ഷേപവും വിദേശ മാധ്യമ സ്ഥാപനങ്ങളിൽ നിന്നും സമാഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
സിനിമയുടെയും ടെലിവിഷന്റെയും ആഗോള തലത്തിലുള്ള സാങ്കേതിക വളർച്ച നമുക്ക് പുതിയ സാധ്യതകൾ ഒരുക്കുകയാണെന്നും ഏഷ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിന് ലോക സിനിമ ഭൂപടത്തിൽ സാന്നിദ്ധ്യ മുറപ്പിക്കാൻ മീഡിയ സിറ്റി വികസനത്തിലൂടെ കഴിയുമെന്നും മൈ യൂ കെ നെറ്റ് വർക് ലിമിറ്റഡ് (യു കെ ) സി ഇ ഒ രാജൻ പി തൊടിയൂർ പറഞ്ഞു. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കളെയും സ്ഥാപനങ്ങളെയും കേരളത്തിലേക്ക് കൊണ്ടുവരാനും ലോകനിലവാരത്തിലുള്ള സിനിമ നിർമ്മിക്കാനും പഠിക്കാനും വിപണം ചെയ്യാനും ഇതിലൂടെ കഴിയുമെന്നും ചലച്ചിത്ര വികസന കോർപ്പറേഷന്റെ മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ കൂടിയായ രാജൻ പി തൊടിയൂർ പറഞ്ഞു. മുഖ്യ മന്ത്രിക്കും ചലച്ചിത്ര വികസന കോര്പറേഷൻ മന്ത്രിക്കും പദ്ധതിയുടെ രൂപരേഖ നൽകിയിട്ടുണ്ടെന്നും രാജൻ അറിയിച്ചു.
ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ദീപ ഡി നായർ , ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി യും ചലച്ചിത്ര നിർമ്മാതാവുമായ ജി. സുരേഷ് കുമാർ , എ ബി സി ഡയറക്ടർ ശശി പറവൂർ , രേവതി കലാമന്ദിർ ഫിലിം അക്കാഡമി ഡയറക്ടർ സണ്ണി ജോസഫ്, സേഫ് കെയർ മാനേജ്മെന്റ് ലിമിറ്റഡ് ചെയർമാൻ ഡോ. പി.വി. മജീദ് , സിലിക്കോൺ ഗിഗ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഹ അഗ്രവാൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Share: