ഖാദിഗ്രാമവ്യവസായ സംഗമവും വായ്പാ അദാലത്തും
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ജില്ലാതല ഖാദി ഗ്രാമവ്യവസായ സംഗമവും വായ്പാ അദാലത്തും സംഘടിപ്പിക്കും. ജൂലൈ നാലിന് പയ്യന്നൂര്‍ (കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍), ഏഴിന് മലപ്പുറം, പത്തിന് കോഴിക്കോട് (കോഴിക്കോട്, വയനാട് ജില്ലകള്‍), 11 ന് പാലക്കാട് (പാലക്കാട്, തൃശൂര്‍ ജില്ലകള്‍), 12 ന് കോട്ടയം (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍), 13 ന് ആലപ്പുഴ (ആലപ്പുഴ, എറണാകുളം ജില്ലകള്‍), 14 ന് കൊല്ലം, 15 ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ അതത് ദിവസം രാവിലെ പത്തിന് പരിപാടി ആരംഭിക്കും.
ഖാദി ഗ്രാമവ്യവസായ സംഗമത്തില്‍ ബോര്‍ഡില്‍ നിലവിലുള്ള വ്യവസായ പദ്ധതികളെപ്പറ്റി സംരംഭകര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കും. തുടര്‍ന്ന് വായ്പാ അദാലത്ത് നടത്തും. വിവിധ പദ്ധതികള്‍ പ്രകാരം ഖാദിബോര്‍ഡില്‍ നിന്നും നേരിട്ട് വായ്പയെടുത്ത് കുടിശിക വരുത്തിയവര്‍ക്ക് പിഴപ്പലിശയില്ലാതെ ഒറ്റത്തവണയായി ബാധ്യത അടച്ചു തീര്‍ക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം.