കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

Share:

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട്ടു (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങി മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയുള്ള കോഴ്‌സാണ് ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍. പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് കോഴ്‌സ് മേഖലയിലെ നൂതനപ്രവണതകള്‍ക്കും സോഷ്യല്‍ മീഡിയ, വെബ് അഡ്വര്‍ടൈസിങ് എന്നിവയ്ക്കും പ്രാധാന്യമുള്ള കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, കണ്‍വര്‍ജന്റ് മീഡിയ, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ ക്യാമറ, എഡിറ്റിങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗികപരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം. കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2017മെയ് 31 ന് 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവ്. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.  അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി/പട്ടികവര്‍ഗ്ഗ/ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി നല്‍കണം. ചെക്കും ഫീസ് നല്‍കാത്ത അപേക്ഷകളും സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 15ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്നു ലഭിക്കും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ഫോണ്‍: 0484 – 2100700, 0484 – 2422275.

ഇ-മെയില്‍: keralamediaacademy.gov@gmail.com

Share: