കോർപറേഷൻ കമ്പനി ലാസ്റ്റ് ഗ്രേഡ്: ബിരുദധാരികൾക്ക് അപേക്ഷിക്കാം.
വിവിധ സർക്കാർ വകുപ്പുകളിലുള്ള ലാസ്റ്റ് ഗ്രേഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ അപേക്ഷിക്കുന്നതിൽനിന്ന് ബിരുദധാരികളെ പി എസ് സി ഒഴിവാക്കിയെങ്കിലും കമ്പനി/കോർപറേഷനിൽ അവസരം നൽകി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് ബിരുദധാരികൾക്കുംകൂടി അപേക്ഷിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷനുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യതയെങ്കിലും ഉയർന്ന ബിരുദമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ലാൻഡ് ഡെവലപ്മെൻറ് , കെ.എസ്.എഫ്.ഇ, വാട്ടർ അതോറിറ്റി, പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, ഹാൻഡ് ലൂം വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷൻ, കെൽപാം, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഹൗസിങ് ബോർഡ് തുടങ്ങി നൂറോളം സ്ഥാപനങ്ങളിലാണ് ഈ ലിസ്റ്റിൽനിന്ന് നിയമനം നടത്തുക.
നിലവിൽ അപേക്ഷ ക്ഷണിച്ച ലാസ്റ്റ് ഗ്രേഡ് സർവൻറ് പരീക്ഷ നവംബർ മാസത്തോടെ 14 ജില്ലകളിലുമായി പൂർത്തീകരിക്കും. അതിനാൽ ഡിസംബറിൽ കമ്പനി/കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടക്കുമെന്ന് കരുതുന്നു.
പൊതുവിജ്ഞാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നിവയിൽനിന്നുമുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക.
നിലവിലെ റാങ്ക്ലിസ്റ്റിൽനിന്ന് 2022 പേർക്കാണ് ഈ തസ്തികയിലേക്ക് നിയമനം നൽകിയത്. ഇക്കുറി 3000 പേർക്ക് നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷം 14 ജില്ലകളിലുമായി 8,12,736 പേരാണ് അപേക്ഷിച്ചിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 10 ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടൽ.
അടുത്ത വിജ്ഞാപനം മുതൽ ബിരുദധാരികളെ ഈ തസ്തികയിൽനിന്ന് ഒഴിവാകാണാനാണ് സാദ്ധ്യത.