കമലാ സുരയ്യ

1189
0
Share:

ലോക പ്രശസ്‌ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയും. ഇംഗ്ലീഷില്‍ കമലാദാസ്‌ എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും എഴുതിക്കൊണ്ടിരുന്ന ഈ സാഹിത്യകാരി ഇസ്‌ലാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തപ്പോള്‍ കമലാ സുരയ്യ എന്ന പേര്‍ സ്വീകരിച്ചു.
കവയിത്രിയായ നാലപ്പാട്ട്‌ ബാലാമണിയമ്മയുടെയും “മാതൃഭൂമി’ പത്രത്തിന്റെ മാനേജിങ്‌ ഡയറക്‌ടറായിരുന്ന വി.എം. നായരുടെയും പുത്രിയായി 1932 മാ. 31ന്‌ പുന്നയൂര്‍ക്കുളത്ത്‌ ജനിച്ചു. കൊല്‍ക്കത്തയിലും പുന്നയൂര്‍ക്കുളത്തുമായി ബാല്യം ചെലവഴിച്ച കമല വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായി. ഔപചാരിക സര്‍വകലാശാലാ വിദ്യാഭ്യാസം നേടാനായില്ലെങ്കിലും നാലപ്പാട്ട്‌ കുടുംബത്തിന്റെ സാഹിത്യപാരമ്പര്യവും പിതാവിന്റെയും ഭര്‍ത്താവിന്റെയും ഉദ്യോഗവുമായി ബന്ധപ്പെട്ട്‌ താമസിച്ച നഗരങ്ങളിലെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സാഹചര്യങ്ങളും കമലയിലെ സാഹിത്യകാരിക്ക്‌ പ്രചോദനമായി. പത്താം വയസ്സില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “കുഷ്‌ഠരോഗി’ എന്ന ചെറുകഥയിലൂടെ സാഹിത്യത്തില്‍ അരങ്ങേറ്റം കുറിച്ച കമല 1950കളില്‍ ആ രംഗത്ത്‌ സജീവമായിത്തുടങ്ങി. മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, പലായനം, നഷ്‌ടപ്പെട്ട നീലാംബരി തുടങ്ങിയ ചെറുകഥാ സമാഹരങ്ങളും രുക്‌മിണിക്കൊരു പാവക്കുട്ടി, രോഹിണിക്കുട്ടി, അവസാനത്തെ അതിഥി, മാനസി, മനോമി, ചന്ദനമരങ്ങള്‍, കടല്‍മയൂരം തുടങ്ങിയ ലഘു നോവലുകളും എന്റെ കഥ, ബാല്യകാല സ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്‌, ഒറ്റയടിപ്പാത, നീര്‍മാതളം പൂത്തകാലം, ഡയറിക്കുറിപ്പുകള്‍ തുടങ്ങിയ ആത്മകഥാപരമായ രചനകളും എന്റെ കവിത, സുരയ്യ പാടുന്നു എന്നീ കവിതാസമാഹാരങ്ങളും വണ്ടിക്കാളകള്‍, കെ.എല്‍. മോഹനവര്‍മയുമായി ചേര്‍ന്നെഴുതിയ അമാവാസി, സഹോദരി ഡോ. സുലോചനയുമായി ചേര്‍ന്നെഴുതിയ കവാടം എന്നീ നോവലുകളുമാണ്‌ പ്രധാന മലയാള കൃതികള്‍.
ദ്‌ സൈറന്‍സ്‌, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ദ്‌ ഡിസെന്‍ഡന്റ്‌സ്‌, ദ്‌ ഓള്‍ഡ്‌ പ്ലേഹൗസ്‌ ആന്‍ഡ്‌ അദര്‍ പോയംസ്‌, മൈ സ്റ്റോറി, ആല്‍ഫബറ്റ്‌ ഒഫ്‌ ലസ്റ്റ്‌, ദ്‌ ആനമലൈ പോയംസ്‌, പദ്‌മാവതി ദ്‌ ഹാര്‍ലട്ട്‌ ആന്‍ഡ്‌ അദര്‍ സ്റ്റോറീസ്‌, ഒണ്‍ലി ദ്‌ സോള്‍ നോസ്‌ ഹൗ റ്റു സിങ്‌, യാ അല്ലാഹ്‌ തുടങ്ങിയവയാണ്‌ ഇവരുടെ പ്രമുഖ ഇംഗ്ലീഷ്‌ കൃതികള്‍. ഇവയില്‍ പല കൃതികളും (രുക്‌മിണിക്കൊരു പാവക്കുട്ടി, ബാല്യകാലസ്‌മരണകള്‍ തുടങ്ങിയവ) ചലച്ചിത്രങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പ്രമേയമായിട്ടുണ്ട്‌. സ്‌ത്രീത്വത്തെയും പ്രണയത്തെയും കുറിച്ചുള്ള അന്വേഷണങ്ങളാണ്‌ കമലയുടെ രചനകള്‍. തീവ്രപ്രണയത്തില്‍ അലിഞ്ഞ്‌ സ്വയം ഇല്ലാതെയാകുവാന്‍ വെമ്പുന്ന സ്‌ത്രീ ഹൃദയവും സ്വശരീരത്തിന്റെ സൗന്ദര്യത്തിലും രതിഭാവത്തിലും അഭിരമിക്കുന്ന സ്‌ത്രീചിത്തവും എല്ലാം കമലയുടെ രചനകളില്‍ ദര്‍ശിക്കാവുന്നതാണ്‌. പൊയ്‌മുഖങ്ങളോടും സംസ്‌കാരശൂന്യതയോടും സംസ്‌കാരത്തിന്റെ പൊള്ളത്തരത്തോടും മനു‌ഷ്യാവസ്ഥയോടും വിധിയോടും തന്നെയുള്ള കലാപങ്ങളായാണ്‌ കമലയുടെ കഥകള്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്‌. ബാല്യത്തിന്റെ ഉന്മേഷവും വിശുദ്ധിയും കൗതുകവും മുത്തശ്ശിമാരുടെ വാത്‌സല്യവും കാമുകന്മാരുടെ ചതിയും വാര്‍ധക്യത്തിന്റെ ദുഃഖവുമെല്ലാം കമലയുടെ പ്രമേയങ്ങളാണ്‌. വിശ്വമാനവികതയുടെയും നാഗരികതയുടെയും അന്തരീക്ഷമാണ്‌ കൃതികളില്‍ പൊതുവേ ഉള്ളതെങ്കിലും, ചില കൃതികളില്‍ കേരളീയാന്തരീക്ഷവും കാണാം.
രചനകളിലൂടെ സ്വത്വത്തെ തനിമയില്‍ പുറത്തുകാണിച്ച ഈ സാഹിത്യകാരി സമൂഹത്തിന്റെ സദാചാരവ്യവസ്ഥയുമായി നിരന്തരം കലഹിച്ചതുമൂലം പലപ്പോഴും വിവാദങ്ങള്‍ സൃഷ്‌ടിച്ചു. ആത്മകഥാ സ്വഭാവമുള്ള രചനയായ എന്റെ കഥ (മൈ സ്റ്റോറി)യിലൂടെ മലയാളിയുടെ സദാചാരബോധത്തെ വെല്ലുവിളിച്ചുകൊണ്ട്‌ കമല നടത്തിയ വെളിപ്പെടുത്തലുകള്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നിരൂപണങ്ങള്‍ക്കും വഴിയൊരുക്കി. ഈ കാലയളവില്‍ ഭര്‍ത്താവായ മാധവദാസിന്റെ പിന്തുണ കമലയ്‌ക്ക്‌ തണലായി. ഭര്‍ത്താവിന്റെ മരണശേഷം 1999ല്‍ ഇവര്‍ ഹിന്ദുമതം ഉപേക്ഷിച്ച്‌ ഇസ്‌ലാംമതം സ്വീകരിച്ചത്‌ മറ്റൊരു കോളിളക്കം സൃഷ്‌ടിച്ചു. കൃഷ്‌ണനെ താന്‍ ഇസ്‌ലാമിലേക്ക്‌ കൂടെ കൊണ്ടുപോകുകയാണെന്നും ഗുരുവായൂരില്‍ ഇനി കൃഷ്‌ണനു‌ണ്ടാവുകയില്ല എന്നുമുള്ള കമലാ സുരയ്യയുടെ പ്രസ്‌താവന യാഥാസ്ഥിതിക ഹൈന്ദവരെ ചൊടിപ്പിച്ചു. കൃഷ്‌ണനെക്കുറിച്ചെഴുതിയ കവയിത്രി അല്ലാഹുവിനെക്കുറിച്ചെഴുതിത്തുടങ്ങിയത്‌ യാഥാസ്ഥിതികരായ വായനക്കാര്‍ക്ക്‌ സ്വീകാര്യമായില്ലെങ്കിലും നിഷ്‌പക്ഷവും ഗൗരവവുമായ വിലയിരുത്തലുകള്‍ നടത്തുന്നവര്‍ക്ക്‌ രണ്ടിലും അന്തര്‍ഗതമായിരിക്കുന്നത്‌ ഒരേ വികാരമാണെന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും.
ഇംഗ്ലീഷിലും മലയാളത്തിലും അനേകം സ്ഥിര പംക്തികള്‍ കൈകാര്യം ചെയ്‌ത കമല തന്റെ പ്രത്യേക ശൈലിയില്‍ത്തന്നെ സാമൂഹിക പ്രശ്‌നങ്ങളോട്‌ പ്രതികരിച്ചിട്ടുണ്ട്‌. 1984ല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ മത്സരിച്ച്‌ പരാജയപ്പെട്ടു. പില്‌ക്കാലത്ത്‌ “ലോക്‌സേവ’ എന്ന പേരില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുകയുണ്ടായി. സാമൂഹ്യസേവനത്തിനായിരിക്കും തന്റെ പാര്‍ട്ടി ഊന്നല്‍ നല്‍കുക എന്നും ഇവര്‍ പ്രഖ്യാപിച്ചു. നാലപ്പാട്ടു തറവാട്ടിലെ ഭൂമിയുടെ ഒരു ഭാഗം, ബാലാമണിയമ്മയുടെ പേരില്‍ ലൈബ്രറി തുടങ്ങുവാനും സാഹിത്യകാരന്മാര്‍ക്ക്‌ താമസ സൗകര്യമൊരുക്കുവാനു‌മായി ഇവര്‍ കേരള സാഹിത്യ അക്കാദമിക്ക്‌ കൈമാറി. കേരളത്തിന്റെ സാമൂഹ്യരാഷ്‌ട്രീയസാംസ്‌കാരിക രംഗങ്ങളിലെ പ്രധാന സംഭവങ്ങളെക്കുറിച്ചെല്ലാം തന്നെ തന്റേതായ വീക്ഷണങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്ന കമല സുരയ്യ കേരളത്തിലെ താമസം അവസാനിപ്പിച്ച്‌ ഇളയ പുത്രനോടൊപ്പം പൂണെയിലേക്ക്‌ പോയതും വളരെയധികം വാര്‍ത്താ പ്രാധാന്യം നേടി.
കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്‌, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള ഫോറസ്‌ട്രി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍, “പോയറ്റ്‌’ മാസികയുടെ ഓറിയന്റ്‌ എഡിറ്റര്‍, ഇലസ്‌ട്രറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1964ലെ ഏഷ്യന്‍ പോയട്രി പ്രസ്‌ (ദ്‌ സൈറന്‍സ്‌), ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ്‌ കൃതികള്‍ക്കുള്ള കെന്റ്‌ അവാര്‍ഡ്‌ (സമ്മര്‍ ഇന്‍ കല്‍ക്കത്ത1965), ആശാന്‍ വേള്‍ഡ്‌ പ്രസ്‌, സാഹിത്യ അക്കാദമി അവാര്‍ഡ്‌ (കലക്‌ടഡ്‌ പോയംസ്‌), കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ അവാര്‍ഡ്‌ (തണുപ്പ്‌1969), ജേര്‍ണലിസത്തിനു‌ള്ള ചിമന്‍ലാല്‍ പ്രസ്‌ (1971), വയലാര്‍ സാഹിത്യ അവാര്‍ഡ്‌ (1997), എഴുത്തച്ഛന്‍ പുരസ്‌കാരം എന്നീ ബഹുമതികള്‍ കമല സുരയ്യയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം നല്‍കി ആദരിക്കുകയുണ്ടായി. 1984ല്‍ മര്‍ഗ്വിരിറ്റ്‌ യുര്‍സെനര്‍, ഡോറിസ്‌ ലെസ്സിങ്‌, നദൈന്‍ ഗോര്‍ദിമര്‍ എന്നിവരോടൊപ്പം സാഹിത്യത്തിനു‌ള്ള നോബല്‍ സമ്മാനത്തിനായി കമലാദാസിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.
2009 മെയ്‌ 31ന്‌ സുരയ്യ അന്തരിച്ചു.

Share: