പി. കുഞ്ഞിരാമന്‍ നായര്‍

823
0
Share:

കേരളീയ കവി. 1906 ജനു. 5-ന്‌ കാഞ്ഞങ്ങാട്ടിനടുത്ത്‌ വെള്ളിക്കോത്തു ഗ്രാമത്തില്‍ പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായി ജനിച്ചു. കാഞ്ഞങ്ങാട്ടും നീലേശ്വരത്തുമായി പ്രാഥമികവിദ്യാഭ്യാസം നടത്തി. പിന്നീട്‌ പട്ടാമ്പി സംസ്‌കൃതകോളജില്‍ ചേര്‍ന്നു. പ്രസിദ്ധ സംസ്‌കൃതപണ്ഡിതനായ പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി എട്ടുവര്‍ഷം അധ്യയനം നടത്തി. പട്ടാമ്പിയിലെ പഠനത്തിനുശേഷം കുഞ്ഞിരാമന്‍നായര്‍ തഞ്ചാവൂരിലെ സംസ്‌കൃതപാഠശാലയില്‍ മൂന്നുവര്‍ഷം ഉപരിപഠനം നടത്തി. വിദ്യാഭ്യാസാനന്തരം അധ്യാപകവൃത്തി സ്വീകരിച്ചു. കാഞ്ഞങ്ങാട്ട്‌ ഒരു സംസ്‌കൃത വിദ്യാലയത്തിലാണ്‌ ആദ്യമായി നിയമിതനായത്‌. പിന്നീട്‌ ഒലവക്കോട്ട്‌ ശബരി ആശ്രമം സ്‌കൂളിലും അതിനുശേഷം കൂടാളി ഹൈസ്‌കൂളിലും സേവനമനുഷ്‌ഠിച്ച കുഞ്ഞിരാമന്‍നായര്‍ കൊല്ലങ്കോട്ട്‌ രാജാസ്‌ ഹൈസ്‌കൂളില്‍ നിന്നാണ്‌ പെന്‍ഷന്‍ പറ്റിയത്‌. കുറേക്കാലം കേരളസാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1978-ല്‍ 72-ാം വയസ്സില്‍ തിരുവനന്തപുരത്ത്‌ നിര്യാതനായി. കുഞ്ഞിരാമന്‍നായരുടെ 35-ലധികം കവിതാസമാഹാരങ്ങളും 17-ല്‍ പരം നാടകങ്ങളും, ആറ്‌ കഥാഗ്രന്ഥങ്ങളും ഏഴെട്ടു ജീവചരിത്രങ്ങളും നാലഞ്ചു ഗദ്യസമാഹാരങ്ങളും ഉള്‍ക്കൊള്ളുന്ന സാഹിത്യസംഭാവന മലയാളത്തിന്‌ ഒരു മുതല്‍ ക്കൂട്ടാണ്‌. മുല്ലത്തറ, വാസന്തിപ്പൂക്കള്‍, നിറപറ, കളിയച്ഛന്‍, ഭദ്രദീപം, അനന്തന്‍കാട്ടില്‍ , മലനാട്‌, സൗന്ദര്യദേവത, മണ്‍കുടത്തിന്റെ വില, യമുനാതടത്തിലെ സ്‌മാരകക്ഷേത്രം, പൂക്കളം (തിരഞ്ഞെടുത്ത 111 കവിതകളുടെ സമാഹാരം), താമരത്തോണി (60 കവിതകളുടെ സമാഹാരം), വസന്തോത്സവം എന്നിവയാണു പ്രധാനകൃതികള്‍. കുഞ്ഞിരാമന്‍നായരുടെ തെരഞ്ഞെടുത്ത കവിതകള്‍ രഥോത്സവം (രണ്ടു ഭാഗങ്ങള്‍) എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്‌.
ഒരു കാല്‌പനിക കവിയായ കുഞ്ഞിരാമന്‍നായര്‍ “ഭക്തകവി’ എന്നാണ്‌ ഏറെ അറിയപ്പെട്ടിരുന്നത്‌. ഒരു പക്ഷേ ഇദ്ദേഹത്തിന്‌ ആദ്യമായി കിട്ടിയ ബഹുമതി ഭക്തകവി എന്ന സ്ഥാനമായതാവാം ഇതിനു കാരണം. നീലേശ്വരത്തു സമ്മേളിച്ച (1949) സാഹിത്യപരിഷത്തില്‍ വച്ച്‌ നീലേശ്വരം രാജാവാണ്‌ ഇദ്ദേഹത്തിനു “ഭക്തകവിപ്പട്ടം’ നല്‌കിയത്‌. 1963-ല്‍ കൊച്ചിരാജാവ്‌ “സാഹിത്യനിപുണ’ ബിരുദം നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു. കളിയച്ഛന്‍ എന്ന കൃതിക്ക്‌ കേരളസാഹിത്യ അക്കാദമിയുടെയും താമരത്തോണി (1968) എന്ന കൃതിക്ക്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. കുഞ്ഞിരാമന്‍നായരുടെ വ്യക്തിജീവിതം വൈരുധ്യപൂര്‍ണമായിരുന്നു. സ്ഥിരമായ കുടുംബബന്ധങ്ങളില്‍ ഈ ദാര്‍ശനികകവി വിശ്വസിച്ചിരുന്നില്ലെന്നു തോന്നുന്നു. കവിയുടെ കാല്‌പാടുകള്‍ എന്ന ആത്മകഥ ഇതിനു തെളിവു നല്‌കുന്നു. കവിയുടെ സ്‌മരണ നിലനിര്‍ത്താനും പി.യുടെ കാവ്യലോകവുമായി വരുംതലമുറകളെ അടുപ്പിക്കാനും ആയി ഒരു സ്‌മാരകം കാഞ്ഞങ്ങാട്ട്‌ പ്രവര്‍ത്തിച്ചുവരുന്നു.

Share: