ഓഗസ്റ്റ് ആറിൻറെ ഓർമ്മപ്പെടുത്തൽ…
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിന്റെ സന്ദേശവുമായാണ് 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്രസംഘടന രൂപീകൃതമായത്.
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ഒരു പ്രശ്നം പരിഹരിക്കുന്നതിനായി നടത്തുന്ന യുദ്ധം ഒരുപാട് പുതിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ഓരോ രാജ്യവും എതിരാളികൾ ആക്രമിച്ചേക്കുമെന്ന ഭീതിയിൽ ആണവ, രാസായുധങ്ങളടക്കം വൻ ആയുധശേഖരം സ്വരുക്കൂട്ടിവയ്ക്കുന്നു.
ജനത്തിന് ഉണ്ണാനും ഉടുക്കുവാനും ഒന്നുമില്ലെങ്കിലും ആയുധപുരകൾ നിറഞ്ഞുകവിയുന്നു.
-സാം സുധാകർ –
72 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1945ല്‍ ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ചുകോഗു പ്രദേശത്തെ പ്രധാന ജനവാസ-വ്യവസായ കേന്ദ്രമായ ഹിരോഷിമയിൽ അമേരിക്ക അണു ബോംബ് പ്രയോഗിച്ചത്. രാവിലെ 8.15നായിരുന്നു അത് നടന്നത്.
ശാന്തമായ ആകാശവും തെളിവുമുള്ള പുലർവേളയുമായിരുന്നു അന്ന് ഹിരോഷിമയിൽ. പുലർച്ചെ 2.45 ന് `എനോളഗേ` എന്ന അമേരിക്കൻ ബോംബർവിമാനം മരണദൂതുമായി തങ്ങൾക്കുനേരെ പറന്നുയർന്നത് ഹിരോഷിമ നിവാസികൾ അറിഞ്ഞില്ല. ഹിരോഷിമയുടെ ആകാശത്തിലെത്തിയ വിമാനത്തിൽ നിന്നും ജപ്പാൻ സമയം രാവിലെ 8.15ന് “ലിറ്റിൽബോയ്” എന്ന യുറേനിയം ബോംബ് താഴേക്കിട്ടു. കണ്ണടച്ചു തുറക്കുംമുമ്പെ ആ വലിയ നഗരം കത്തിയെരിയുകയായിരുന്നു. അന്തരീക്ഷത്തിലെ ഊഷ്മാവ് 2500 ഡിഗ്രിയിലധികം ഉയർന്ന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിയെരിഞ്ഞു. വെന്തുകരിഞ്ഞ ശരീരങ്ങളുമായി ആർത്തലച്ച് ജീവനുവേണ്ടി ജനങ്ങൾ നാലുപാടും ഓടി. എന്നാൽ നിമിഷങ്ങൾക്കകം അഗ്നിജ്വാലകൾ സകലതും ഭസ്മമാക്കിത്തീർത്തു. അണുബോംബിന്റെ പാർശ്വഫലങ്ങളായി ക്യാൻസറും മറ്റു മാരക രോഗങ്ങളും പകർച്ചവ്യാധികളും ശേഷിച്ച ജപ്പാൻജനതയെ പതിറ്റാണ്ടുകളായി കാർന്നുതിന്നു കൊണ്ടിരിക്കുന്നു.
1945 ആഗസ്ത് ആറിന് മൂന്നര ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ രണ്ട് ലക്ഷം പേരും 1950 ഒക്ടോബറാകുമ്പോഴേക്കും മരണമടഞ്ഞു. സ്ഫോടനം നടന്ന കേന്ദ്രത്തിന്റെ (ഹൈപോസെന്റര്‍) നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഹിരോഷിമയിലെ 76000 കെട്ടിടങ്ങളില്‍ 92 ശതമാനവും കത്തിയമര്‍ന്നു. (ഭൂമിയില്‍നിന്ന് 580 മീറ്റര്‍ ഉയരത്തില്‍വച്ചാണ് ഹിരോഷിമയില്‍ ബോംബ് പൊട്ടിത്തെറിച്ചത്. 15 കിലോ ടണ്‍ ടിഎന്‍ടി സ്ഫോടകശേഷിയുള്ള ഇത്തരം ബോംബുകള്‍ക്ക് പരമാവധി നാശം സൃഷ്ടിക്കാന്‍ കഴിയുന്ന കൃത്യമായ ഉയരത്തിലാണ് (ഓപ് റ്റിമം) സ്ഫോടനം നടന്നത്. ഹിരോഷിമ നഗരത്തിലെ 13 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുള്ള എല്ലാം പൂര്‍ണമായും നശിച്ചു.
1945 ആഗസ്ത് ഒമ്പതിന് നാഗസാക്കി നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യംവഹിച്ചു. 270000 ത്തോളം വരുന്ന ജനസംഖ്യയില്‍ 140000 പേരും അഞ്ച് വര്‍ഷത്തിനകം മരണമടഞ്ഞു. നാഗസാക്കിയില്‍ 6.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പൂര്‍ണമായും നശിച്ചു. (കൂടുതല്‍ നശീകരണശേഷിയുള്ള ബോംബായിരുന്നു നാഗസാക്കിയിലേത്. 22 കിലോ ടണ്‍ ടിഎന്‍ടിയായിരുന്നു അതിന്റെ സ്ഫോടനശേഷി. എന്നാല്‍, ശരിയായ ഉയരത്തില്‍വച്ചല്ല (ഓപ്റ്റിമം ഹൈറ്റ്) ഈ ആണവബോംബ് സ്ഫോടനം നടന്നത് എന്നതിനാലാണ് നാശനഷ്ടം ആപേക്ഷികമായി കുറഞ്ഞത്. മാത്രമല്ല, നഗരത്തിന്റെ ഒരുഭാഗത്തുണ്ടായിരുന്ന കുന്നുകള്‍ ആ പ്രദേശത്തെ സംരക്ഷിക്കുകയും ചെയ്തു.)
ആണവനാശത്തിന് മൂന്ന് പ്രധാന സവിശേഷതകളുണ്ട്. (എ) പെട്ടെന്നുണ്ടാകുന്ന വന്‍നാശം (സ്ഫോടനം, തീ, ആണവ വികരണം എന്നിവ വഴി), (ബി) സാമൂഹ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളുടെയും വകതിരിവില്ലാത്തതും ക്ഷണികവുമായ നാശം, (സി) ‘മാലിന്യത്തില്‍ വീഴ്ത്തപ്പെട്ട സമൂഹ’ത്തിന്റെ സങ്കീര്‍ണവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ സാമൂഹ്യവും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ എന്നിവയാണവ. അണുബോംബുകള്‍ പുറത്തുവിട്ട ഊര്‍ജത്തിന്റെ ശരാശരി 35 ശതമാനം തെര്‍മല്‍ റേഡിയേഷനായും 50 ശതമാനം സ്ഫോടനമായും ബാക്കി 15 ശതമാനം ആണവ വികിരണമായും മാറി.
ഓരോ ബോംബ് സ്ഫോടനത്തിനോടൊപ്പം കണ്ണഞ്ചിക്കുന്ന വെളിച്ചം പ്രസരിച്ചു. സ്ഫോടനവേളയില്‍ സെക്കന്‍ഡിന്റെ ഒരു അംശത്തില്‍ താപം ദശലക്ഷക്കണക്കിന് ഡിഗ്രി സെന്റിഗ്രേഡ് ഉയരും(സാധാരണ ആണവബോംബ് 5000 ഡിഗ്രി സെന്റിഗ്രേഡ്). ഹൈപ്പോസെന്റിലെ താപം 3000 മുതല്‍ 4000 വരെ ഡിഗ്രി സെന്റിഗ്രേഡ് ആണ്. ഈ ഉയര്‍ന്ന താപരശ്മികള്‍ കാരണം എളുപ്പത്തില്‍ തീപിടിക്കുന്ന എല്ലാ വസ്തുക്കളും കത്താന്‍ തുടങ്ങി. മരം ഉപയോഗിച്ചുള്ള എല്ലാ കെട്ടിടങ്ങളും കത്തി കരിക്കട്ടയായി. കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതും വലിയ അഗ്നിബാധയ്ക്ക് കാരണമായി.
ചൂട് തിരമാലകള്‍ക്ക് പുറകെ സ്ഫോടനത്തിരമാലയെത്തി. സ്ഫോടനവേളയില്‍ അന്തരീക്ഷമര്‍ദം ഒരുസെക്കന്‍ഡിന്റെ അംശത്തില്‍ പത്ത് ലക്ഷം മടങ്ങ് വര്‍ധിക്കുകയുണ്ടായി. നാഗസാക്കി സ്ഫോടനത്തിന്റെ ഹൈപോസെന്ററില്‍ സ്ഫോടകമര്‍ദം 35 മെട്രിക് ടണ്‍ ചതുരശ്ര മീറ്ററാണെങ്കില്‍ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1500 കിലോമീറ്ററായിരുന്നു.
ഹിരോഷിമയില്‍ സ്ഫോടനം നടന്ന് അരമണിക്കൂറിന് ശേഷം ഒരു തീക്കാറ്റ് അടിക്കാനാരംഭിക്കുകയുംചെയ്തു. അതിന്റെ വേഗമാകട്ടെ രണ്ട് മൂന്ന് മണിക്കൂറിന് ശേഷവും മണിക്കൂറില്‍ 65 കിലോമീറ്ററായിരുന്നു. ഈ തീയില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാം ചാമ്പലാകുകയും ചെയ്തു.
ജപ്പാന് കീഴടങ്ങുന്നതിന് തയ്യാറെടുക്കവെയാണ് അമേരിക്ക ആണവായുധം ഉപയോഗിച്ച് ആ രാജ്യത്തെ ആക്രമിച്ചത്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഈ ആണവ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്. (എ) സോവിയറ്റ് യൂണിയന് (ജപ്പാനുമായി അടുത്ത ബന്ധം) ജപ്പാന് പ്രദേശത്ത് കടക്കുന്നത് തടയുക, (ബി)ജീവനുള്ള വസ്തുക്കളില്‍ ആണവായുധം സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പഠിക്കുക എന്നിവയാണവ. അമേരിക്ക, യുഎസ്എസ്എആര്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ 1945 ഫെബ്രുവരിയില്‍ ഒപ്പിട്ട യാള്‍ട്ട കരാറനുസരിച്ച് യുഎസ്എസ്ആര്‍ ജപ്പാനെതിരെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഫ്രാങ്ക്ലിന് റൂസ്വെല്‍റ്റിന്റെ ആകസ്മികമരണത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റായ ഹാരി എസ് ട്രൂമാനാകട്ടെ, സോവിയറ്റ് യൂണിയനെ ജപ്പാന്മണ്ണില് കാലുകുത്തുന്നത് ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു; മഞ്ചൂറിയയില്‍ തമ്പടിച്ച ജപ്പാന്റെ 20 ലക്ഷം അംഗബലമുള്ള സൈന്യത്തെ തോല്‍പ്പിക്കാന്‍ സോവിയറ്റ് യൂണിയന്റെ സഹായം ട്രൂമാന് ആവശ്യമായിരുന്നെങ്കിലും.
അമേരിക്ക 1945 ജൂണിനും ആഗസ്തിനും ഇടയില്‍ ജപ്പാനിലെ 60 നഗരങ്ങളില്‍ ‘സാമ്പ്രദായിക ബോംബുകള്‍’ ഉപയോഗിച്ച്ആക്രമണം നടത്തിയിരുന്നു. എന്നാല്‍, അഞ്ച് നഗരങ്ങളെ (ക്യോട്ടോ, ഹിരോഷിമ, നാഗസാക്കി, കോക്കുറ, നിഗാട്ട) അതില്‍നിന്ന് ഒഴിവാക്കി. ആണവബോംബ് ഉപയോഗിച്ചാലുണ്ടാകുന്ന നാശത്തിന്റെ ആഴം മനസ്സിലാക്കാന്‍വേണ്ടിയായിരുന്നു ഇത്. (പത്ത് ലക്ഷം ജനസംഖ്യയുള്ള ക്യോട്ടോവായിരുന്നത്രെ ആണവബോംബിടാന്‍ തീരുമാനിച്ചത്. എന്നാല്‍, അമേരിക്കന്‍ ഭരണവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരാണ് ക്യോട്ടോയെ അവസാന നിമിഷത്തില്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്). ഭൂരിപക്ഷം ഹിബാക്കുഷകളും(ആണവബോംബാക്രമണത്തെ അതിജീവിച്ചവര്‍) ശാരീരികവും മാനസികവുമായി തകര്‍ന്നെന്നുമാത്രമല്ല ഭയങ്കരമായ ഒരു ജീവിതമാണ് അവര്‍ക്ക് നയിക്കേണ്ടിവന്നത്.
അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ ഈ കിരാതമായ ആക്രമണത്തെ വിശേഷിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമെന്നാണ്. ലോകത്തിൽ ഏറ്റവും വലിയ ആയുധക്കച്ചവടക്കാരായ അമേരിക്കൻ ഭരണാധികാരികൾ തങ്ങൾ കോടികൾമുടക്കി വികസിപ്പിച്ചെടുത്ത അണുബോംബ് പരീക്ഷിക്കാൻ പറ്റിയ അവസരമായിക്കണ്ട് ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ ആളിക്കത്തുന്ന ഉഗ്രമായ തീനാളങ്ങളിലേക്ക് വലിച്ചെറിയുകയായിരുന്നു. അണുബോംബ് നിർമാണം നടത്തിയ ശാസ്ത്രലോകം തങ്ങളുടെ കണ്ടുപിടുത്തങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദുരന്തത്തെയോർത്ത് അസ്വസ്ഥരായിരുന്നു. അണുബോംബിന് ജന്മംനൽകിയ അമേരിക്കൻ ഗവേഷകസംഘത്തിന്റെ തലവൻ റോബർട്ട് ഓപ്പൻ ഹൈമർ `ഞാൻ ലോകം നശിപ്പിക്കുന്നവനായി`എന്ന് ദുഃഖിതനായി വിളിച്ചുപറഞ്ഞാണ് ലോകത്തോട് വിടവാങ്ങിയത്.
ലോകത്തിലെ മൊത്തം ആണവായുധശേഖരം 1986ല്‍ 22000 മെഗാടണ്‍ ടിഎന്‍ടിയാണെങ്കില്‍ 2017ല്‍ 6600 മെഗാടണ്‍ ടിഎന്‍ടിയായി കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലുള്ള ശേഖരംതന്നെ മനുഷ്യരാശിയുടെ നിലനില്‍പ്പിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലുംശരി ഒരു ടണ്‍ ടിഎന്‍ടി, അതായത് 1000 കിലോഗ്രാം ട്രൈനൈട്രോടുലീന് സമാനമായത് (സ്ഫോടക രാസവസ്തു) കൊണ്ടുതന്നെ ഭൂമിയിലെ മനുഷ്യരെ മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിയും. മഹാദുരന്തത്തിന്റെ ശേഷിപ്പുകൾ മനുഷ്യരാശി ഇന്നും അഭിമുഖീകരിക്കുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിന്റെ സന്ദേശവുമായാണ് 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്രസംഘടന രൂപീകൃതമായത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ഒരു പ്രശ്നം പരിഹരിക്കുന്നതിനായി നടത്തുന്ന യുദ്ധം ഒരുപാട് പുതിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഓരോ രാജ്യവും എതിരാളികൾ ആക്രമിച്ചേക്കുമെന്ന ഭീതിയിൽ ആണവ, രാസായുധങ്ങളടക്കം വൻ ആയുധശേഖരം സ്വരുക്കൂട്ടിവയ്ക്കുന്നു. ജനത്തിന് ഉണ്ണാനും ഉടുക്കുവാനും ഒന്നുമില്ലെങ്കിലും ആയുധപുരകൾ നിറഞ്ഞുകവിയുന്നു. ദരിദ്രരാഷ്ട്രങ്ങളുടെ പണംപോലും ആയുധക്കച്ചവടക്കാർ കവർന്നെടുക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റൊരു ലോകമഹായുദ്ധം ഉണ്ടാക്കിയില്ലെങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിരപരാധികളായ ആയിരക്കണക്കിനു മനുഷ്യരാണ് യുദ്ധഭൂമിയിൽ പിടഞ്ഞുവീഴുന്നത്. ഭൂമിയെ ആണവവിമുക്തമാക്കുവാൻ ഐക്യരാഷ്ട്രസഭയ്ക്കും കഴിഞ്ഞില്ല എന്നുമാത്രമല്ല മുമ്പുള്ള ആണവായുധങ്ങളുടെ സ്ഫോടനശേഷിയേക്കാൾ കരുത്തുള്ള ആയുധങ്ങളുടെ കലവറയായി ലോകം മാറിക്കഴിഞ്ഞു. ഹിരോഷിമയിൽ പ്രയോഗിച്ച ഇരുപതിനായിരം ടിഎൻടി സ്ഫോടനശേഷിയുള്ള എഴുപതിനായിരത്തിലധികം അണുവായുധങ്ങൾ ലോകരാഷ്ട്രങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നുള്ളത് മെഗാടൺ അണുസംയോജന (ഫ്യൂഷൻ) ബോംബുകളാണ്.ഹിരോഷിമയിലിട്ട ബോംബിനേക്കാള്‍ ആയിരം മടങ്ങ് ശേഷിയുള്ള ആണവായുധങ്ങളാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ആഗോള ആണവനിരായുധീകരണം ഇന്നിന്റെ ആവശ്യമാണ്.
ചോദ്യം; ഉത്തരം
1 . യുദ്ധത്തിനിടയിൽ ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച പട്ടണം?
ഹിരോഷിമ
2 . ഏത് രാജ്യത്താണ് ഹിരോഷിമ ?
ജപ്പാൻ
3. അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ച വർഷം?
1945
4. ആദ്യ അണുബോംബ് പ്രയോഗിച്ച മാസം, തിയതി, സമയം ?
ഓഗസ്റ്റ് 6 തിങ്കൾ രാവിലെ 8.15
5. ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത് ആര്?
മോറി ടെറുമോട്ടോ ( 1589 ൽ)
6. 1945 ഓഗസ്റ്റ് 6-ന് പ്രയോഗിച്ച ആദ്യ അണുആയുധത്തിന്റെ പേര്?
ലിറ്റിൽ ബോയ് (മൂന്നു മീറ്റർ നീളവും 4400 കിഗ്രാം ഭാരവും)
7.ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം
8.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണു അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
പേൾഹാർബർ
9. ലിറ്റിൽ ബോയ് എന്ന അണുബോംബിനെ വഹിച്ച വിമാനത്തിന്റെ പേര് ?
എനോഗളെ ബി 29
10. എനോളഗെയുടെ ക്യാപ്റ്റൻ ആരായിരുന്നു?
ക്യാപ്റ്റൻ വില്യം എസ് പാർസൻ
11. ഹിരൊഷിമയിൽ ബോമ്പ് വർഷിക്കാൻ തെരെഞ്ഞെടുത്ത ലക്ഷ്യ സ്ഥാനം?
ഹിരോഷിമ നഗരത്തിലെ AIOI പാലം
12. ലോകത്തിലെ ഒന്നാമത്തെ ആറ്റം ബോംബ് ഏത്?
The Gadget (ലിറ്റിൽ ബോയ് വർഷിക്കുന്നതിനു ഏതാനും നാള് മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയത്)
12.ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമേത്?
നാഗസാക്കി
13. നാഗസാക്കിയിൽ വിക്ഷെപിച്ച അണുബോബിന്റെ പേര് ?
ഫാറ്റ്മാൻ (4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും)
14. ഫാറ്റ്മാനെ വഹിച്ച വിമാനത്തിന്റെ പേരു?
ബോസ്കർ
15. ബോസ്കർ വിമാനം പറത്തിയിരുന്ന പൈലറ്റ്?
മേജർ സ്വീനി
16. രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ലിറ്റില്‍ ബോയിയിൽ ഉപയോഗിച്ചിരിക്കുന്ന അണു?
യുറേനിയം -235
(ന്യൂക്ലിയര്‍ ഫിഷന് (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം )
17.ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ് ആയ ഫാറ്റ് മാന്‍ നിർമ്മിച്ചിരിക്കുന്ന ഇന്ധനം?
പ്ലൂടോണിയം -239
18. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ പട്ടാളം അണുബോംബ് പ്രയോഗിച്ച രണ്ടാമത്തെ നഗരം?
നാഗസാക്കി ( 1945 ഓഗസ്റ്റ് 9 )
19. ഹിരോഷിമയിലെയുംനാഗസാക്കി യിലെയും അണുബോംബ് സഫോടനത്തിന് ഇരയായവർക്കു പറയുന്ന പേരെന്തണ്?
ഹിബാക്കുഷ.
20. ‘ഹിബാക്കുഷ’ എന്ന ജാപ്പനീസ് പദത്തിന്‍െറ അര്‍ത്ഥം?
സ്ഫോടന ബാധിത ജനത