എന്തിന് വേണ്ടിയാണീ ബാങ്കുകൾ?

Share:

കേരത്തിലെ ബാങ്കുകൾ നവീകരണത്തിന്റെ ഘട്ടത്തിലാണിപ്പോൾ.
മിക്ക ബാങ്കുകളും ശീതീകരിച്ചു ജീവനക്കാർക്ക് സുഖകരമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കിക്കഴിഞ്ഞു.
നമ്മുടെ ഗ്രാമങ്ങളിൽപ്പോലും അവർ സുഖകരമായ അവസ്ഥയിലായി. ഏറ്റവും സുഖകരമായ അവസ്ഥയിൽ ജീവിക്കുന്നതിനുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്.
ബാങ്കുകളിൽ തിരക്ക് കൂടി.
ഭാരതത്തിലെ എല്ലാ വ്യക്തികൾക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി കൂടിയായപ്പോൾ ബാങ്കുകളിൽ നിന്ന് തിരിയാൻ ഇടമില്ലലാത്ത അവസ്ഥയായി .ബിസിനസ് കൂടി.
കൂടുതലും വിദേശ നാടുകളിൽ നിന്നും എത്തുന്ന പണം പിൻ വലിക്കാനെത്തുന്നവരെടേതാണെന്നതാണ് മറ്റൊരു യാഥാർഥ്യം.
വിദേശ മലയാളികളുടേതായി കേരളത്തിലെത്തുന്നത് ഒരു ലക്ഷം കോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വര്ഷം വിദേശ നിക്ഷേപം 1 ,09 ,603 കോടി രൂപ. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു തുകയാണിത്. കേരളത്തിലെ 24 ലക്ഷം കുടുംബങ്ങൾ ഈ പണത്തെ ആശ്രയിച്ചു കഴിയുന്നു . ഏകദേശം 80 ലക്ഷത്തോളം ആളുകൾ!
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു, വിദേശമലയാളികൾ അയക്കുന്ന പണമാണ്. അടുത്തവർഷം കേരളത്തിലെ വിദേശ മലയാളികളുടെ നിക്ഷേപം ഒന്നര ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ ആകെ ലഭിക്കുന്ന എൻ ആർ ഐ നിക്ഷേപത്തിന്റെ 40 % കേരളത്തിലാണ് എത്തുന്നത്. എന്നാൽ കേരത്തിലെ ബാങ്കുകൾ വിദേശ മലയാളികളുടെ എത്ര സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് എന്ന കണക്കെടുക്കുമ്പോഴാണ് ലക്ഷം കോടി രൂപ പ്രതിവർഷം നാട്ടിലേക്കയക്കുന്ന ഒരു ജനവിഭാഗത്തോട് ഇവിടത്തെ ബാങ്കുകൾ കാട്ടുന്ന അവഗണന വ്യക്തമാകുന്നത്. വിദേശ മലയാളികൾ ഏറ്റവും കൂടുതൽ പണമയക്കുന്നത് , കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലേക്കാണ്. കഴിഞ്ഞ വര്ഷം അൻപതിനായിരം കോടി രൂപയാണ് എസ് ബി ടിയിൽ വിദേശ മലയാളികളുടേതായി എത്തിയത്.
തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ എത്തിയ വിദേശ മലയാളികളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട വിദേശ മലയാളികൾ പദ്ധതികളുമായി ഇപ്പോഴും ബാങ്കുകൾ കയറി ഇറങ്ങുന്നു.
ബാങ്കുകളുടെ സഹകരണമില്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാൻ കഴിയില്ല എന്ന് ഏവർക്കുമറിയാം.
വിദേശമലയാളികളുടെ എത്ര പദ്ധതികൾക്ക് ബാങ്കുകൾ സഹായം നൽകിയിട്ടുണ്ട് എന്നന്വേഷിക്കുമ്പോഴാണ് മുകളിൽ സൂചിപ്പിച്ച ചോദ്യം ആവർത്തിച്ചു പോകുന്നത് : “എന്തിന് വേണ്ടിയാണീ ബാങ്കുകൾ?”

പ്രധാന മന്ത്രിയുടെ പല പദ്ധതികളും ബാങ്കുകളുടെ സേവനം ജനങ്ങൾക്ക് പരമാവധി പ്രയോജനപ്രദമാക്കണമെന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്. കൊള്ളപ്പലിശക്കാരിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനും നാടിന്റെ വികസന പദ്ധതികളിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പല പദ്ധതികളും സുഖശീതളമായ അന്തരീക്ഷത്തിൽ ജോലി (?) ചെയ്ത് പെൻഷൻ വാങ്ങി കാലം കഴിക്കണമെന്നുദ്ദേശിക്കുന്ന ബാങ്ക് ജീവനക്കാരുടെ സ്വാർത്ഥ മോഹം കൊണ്ട് പാളം തെറ്റുന്ന കാഴ്ച കാണുമ്പോൾ ചോദിച്ചു പോവുകയാണ്, “എന്തിന് വേണ്ടിയാണീ ബാങ്കുകൾ?”.

സാധാരണക്കാർക്ക് കുറഞ്ഞ പലിശക്ക് പത്തു ലക്ഷം രൂപ വരെ വായ്പയായി നൽകാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കാൻ ലക്ഷ്യമിട്ട ‘മുദ്ര’ പദ്ധതി . രണ്ട് പട്ടിക ജാതി – പട്ടിക വിഭാഗക്കാർക്കും ഒരു വനിതാ സംരംഭസംരഭക്കും പത്തു ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പയായി നൽകാൻ ഉദ്ദേശിച്ച ‘സ്റ്റാൻഡപ് ഇന്ത്യ’ പദ്ധതിയിലൂടെ ഒരു ലക്ഷം ബാങ്കുകളിലൂടെ മൂന്നു ലക്ഷം വ്യവസായങ്ങൾ നാട്ടിൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി സ്വപ്നം കണ്ടത്. യുവ സംരഭകർക്കായുള്ള ‘സ്റ്റാർട്ട് അപ്പ് ‘ ഇന്ത്യ പദ്ധതി. പദ്ധതികൾ പ്രഖ്യാപിച്ചു ഒരു വര്ഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സഹായം നൽകാത്ത ബാങ്കുകൾ കേരളത്തിൽ ഉണ്ടെന്നറിയുമ്പോഴാണ് നമ്മൾ ചോദിച്ചു പോകുന്നത്: ‘എന്തിന് വേണ്ടിയാണീ ബാങ്കുകൾ?’

സാധാരണ ജനങ്ങൾക്ക് , സ്വകാര്യ പണമിടപാടുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നല്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് ‘മുദ്ര’ വായ്പ പദ്ധതി. 50,000 രൂപമുതൽ 10 ലക്ഷം രൂപ വരെ വസ്തു ഈട് നൽകാതെ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സ്ത്രീകൾക്കും പരമ്പരാഗത തൊഴിലാളികൾക്കും വായ്പയായി നൽകണം എന്ന നിർദ്ദേശത്തോടെ കേന്ദ്ര ഗവൺമെൻറ് ആരംഭിച്ച പദ്ധതിയിലൂടെ എത്ര ആളുകൾക്ക് കേരളത്തിലെ ബാങ്കുകൾ ധനസഹായം നൽകി എന്നന്വേഷിക്കുമ്പോഴാണ് ‘എന്തിന് വേണ്ടിയാണീ ബാങ്കുകൾ?’ എന്നചോദ്യം വീണ്ടും ഉയർന്നു വരുന്നത്.
തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക്, സ്വര്ണപ്പണിക്കാർക്ക് , ഇരുമ്പ് പണിക്കാർക്ക് , തടിപ്പണിക്കാർക്ക് , ശില്പികൾക്ക് , ചെമ്പ് പണിക്കാർക്ക്, വിഗ്രഹ നിർമ്മാതാക്കൾക്ക്, ആറന്മുള കണ്ണാടിയുണ്ടാക്കുന്നവർക്ക് , കൈത്തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് പ്രയോജന പ്രദമായ ഈ പദ്ധതി കേരളത്തിലെ ബാങ്കുകൾ നടപ്പാക്കാത്തത് എന്തുകൊണ്ടാണ് ? പ്രബുദ്ധരായ കേരള ജനത എന്തുകൊണ്ടാണ് മൗനം അവലംബിക്കുന്നത്?
കോടികൾ കള്ളപ്പണമായുണ്ടാക്കുന്ന സ്വകാര്യ പണമിടപാട് കമ്പനികളുടെ കൈക്കൂലി വാങ്ങി, സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന ബാങ്ക് മേധാവികൾക്കെതിരെ സാധാരണ ജനങ്ങൾ ഉണർന്നെഴുന്നേൽക്കേണ്ട സമയമായി. പരസ്പരം തല്ലുകൂടുന്ന ജനകീയ സംഘടനകൾ ഇത്തരം പ്രശ്നങ്ങളിലേക്ക് ഇറങ്ങിവരാത്തതെന്തുകൊണ്ട്?

എന്തുകൊണ്ടാണ് കേരളത്തിലെ ബാങ്കുകൾ ഇങ്ങനെ?

മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൽ കലാം പറഞ്ഞ ഒരു വാചകമാണ് പെട്ടന്ന് മനസ്സിലെത്തുന്നത്: ” നമ്മുടെ സിവിൽ സെർവിസിൽ ഉദ്യോഗസ്ഥർക്കുള്ള ജോലി സുരക്ഷ അധികമായിപ്പോയി. ഒന്നും ചെയ്തില്ലെങ്കിലും അവർക്ക് ജോലിയിൽ തുടരാം. ശമ്പളവും പെൻഷനും കിട്ടും. ജോലിയിൽ പ്രവേശിക്കുന്ന ദിവസം മുതൽ സുരക്ഷിതമായി പെൻഷൻ വാങ്ങുത്തതിനെ കുറിച്ചാണവർ ചിന്തിക്കുന്നത്. അവർ ക്രിയാത്മകമായി ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ല.”
വിദേശ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദശകോടികൾ വ്യവസായത്തിന്റെ സാധ്യത നോക്കി നിക്ഷേപിക്കുമ്പോൾ /കടം നൽകുമ്പോൾ നമ്മുടെ ബാങ്കുകൾ ലക്ഷങ്ങൾ നൽകാൻ മടികാട്ടുന്നു. സർക്കാർ പറയുന്നു നിങ്ങൾ സാധ്യതകൾ പഠിച്ചു ഒരു കോടി രൂപവരെ വസ്തു ഈടില്ലാതെ വായ്പ കൊടുക്കൂ. പുതിയ സംരംഭങ്ങൾ ഇവിടെ ഉണ്ടാകട്ടെ.
ലീഡ് ബാങ്ക് മാനേജർ പറയുന്നു: ” എനിക്ക് പുതിയ വ്യവസായങ്ങളെ കുറിച്ചൊന്നും അറിയില്ല. ഐ ടി അറിയില്ല. കംപ്യൂട്ടർ അറിയില്ല. വി സി ഫണ്ടിംഗ് അറിയില്ല. എന്റെ കൂടെയുള്ളവർക്കും. ഞങ്ങൾക്ക് പരമ്പരാഗത രീതി വിട്ടു ഒന്നും ചെയ്യാൻ പറ്റില്ല.”
“അപ്പോൾ ലോകം മുഴുവൻ സഞ്ചരിച്ചു, ഈ പ്രായത്തിലും ഓടിനടന്നു വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് , ഇന്ത്യയെ ഒരു സമ്പന്ന രാജ്യമാക്കാമെന്നു പ്രധാനമന്ത്രി പറയുന്നതോ”?
” അതൊന്നും നമുക്കറിയില്ല”
“അപ്പോൾ അങ്ങ് പത്രവും വായിക്കാറില്ലേ ?”
“അല്ല സാർ , സുരക്ഷിതമായൊന്നു പെൻഷൻ പറ്റിക്കോട്ടെ”
” അപ്പോൾ അങ്ങ് സുരക്ഷിതമായി പെൻഷൻ വാങ്ങാനായാണ് ഇത്രയും കാലം ഈ കസേരയിൽ ഇരുന്നത്?”
” പ്ലീസ് ” – അദ്ദേഹം യാചിക്കുകയാണ് .
ഇത് പെന്ഷനോനടുത്തു നിൽക്കുന്ന ലീഡ് മാനേജരുടെ വാക്കുകളാണെങ്കിൽ ചെറുപ്പക്കാരുടെ രീതികൾക്കും മാറ്റമില്ല.
ജോലിയിലെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നമ്മുടെ ബാങ്ക് മാനേജർമാർ തയ്യാറല്ല. സാധ്യതകൾ പഠിക്കാൻ തയ്യാറല്ല.
എന്തിനു വേണ്ടിയാണോ ശീതീകരിച്ച മുറിയിൽ , സുഖ ശീതളിമയിൽ അവരെ ഇരുത്തിയിരിക്കുന്നത് , എന്തിനുവേണ്ടിയാണോ ഭരിച്ച ശമ്പളം അവർക്ക് നൽകുന്നത്, എന്തിനു വേണ്ടിയാണോ ശരാശരി ഇൻഡ്യാക്കാരന്റെ പ്രതിശീർഷ വരുമാനത്തിന്റെ പത്തിരട്ടി പെൻഷൻ നൽകുന്നത്, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവർക്കാകുന്നില്ലെങ്കിൽ :
“:എന്തിന് വേണ്ടിയാണീ ബാങ്കുകൾ?”
എങ്ങിനെയാണ് സാർ, ഇവിടെ പുതിയ സംരംഭങ്ങൾ ഉണ്ടാകുന്നത് ?
ചെറുപ്പക്കാരുടെ സ്വപ്‌നങ്ങൾ പൂവണിയുന്നത് ?
തൊഴിൽ നഷ്ടപ്പെട്ട വിദേശ മലയാളിയുടെ വീട്ടിൽ തീ പുകയുന്നത്?
എങ്ങനെയാണ് പരമ്പരാഗത തൊഴിലാളികൾ സംരക്ഷിക്കപ്പെടുന്നത്?
എ പി ജെ സ്വപ്നം കണ്ട 2020 ലെ ഇന്ത്യ ഉണ്ടാകുന്നത് ?
എങ്ങനെയാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്ന വികസിത രാജ്യം ഉണ്ടാകുന്നത്?

പിന്നാമ്പുറം :
കുറഞ്ഞ നിരക്കിൽ പലിശ ഈടാക്കി രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ , ജനങ്ങളെ പങ്കാളികളാക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ അതിന് തുരങ്കം വെക്കുന്ന ബാങ്ക് മേധാവികൾ , കൊള്ളപ്പലിശക്കു പണം കടംകൊടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പിണിയാളുകളാണോ എന്നന്വേഷിക്കേണ്ട ചുമതല നമ്മൾ ഏറ്റെടുക്കണം.
സർക്കാർ പദ്ധതി പരാജയപ്പെടുത്താൻ എത്ര കോടിയാണിവർ കൈക്കൂലി വാങ്ങുന്നത് !!!

– രാജൻ പി തൊടിയൂർ

Share: