ഇൻറർവ്യൂ : വിലമതിക്കുന്നതെന്ത് ? – പി. വി. രവീന്ദ്രൻ

എംഎസ്സി മാത് സിൽ രണ്ടാം റാങ്ക് റാങ്കോടും ഉന്നത ഫസ്റ്റ് ക്ലാസോടും കൂടി ജയിച്ച ഒരു ചെറുപ്പക്കാരൻ ഒരു വൻകിട സ്ഥാപനത്തിൽ സീനിയർ റിസർവ് ഓഫീസറുടെ ഇൻറർവ്യൂവിന് ചെന്നപ്പോൾ ആദ്യത്തെ ചോദ്യം ഇങ്ങനെയായിരുന്നു.
“പൈതഗോറസ് എന്നൊരു ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ?”
ഉണ്ടെന്ന് അയാൾ മറുപടി പറഞ്ഞു.
കക്ഷി ആരായിരുന്നു എന്നായി അടുത്ത ചോദ്യം
ക്ഷേത്രഗണിതത്തിൽ സുപ്രധാന സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച ഗണിത ശാസ്ത്രജ്ഞനെന്ന് അയാൾ മറുപടി പറഞ്ഞു.
അപ്പോൾ വരുന്നു മറ്റൊരു ചോദ്യം.
“പൈതഗോറസിൻറ പിതാവിൻറെ പേര് എന്താണ് ? ”
പൈതഗോറസിൻറെ തിയറികൾ അയാൾ ക്കറിയാം. അതിൻറ വകഭേദങ്ങൾ, വൻ സാധ്യതകൾ ക്ഷേത്ര ഗണിതത്തിൽ അതുണ്ടാക്കിയ വിപ്ലവങ്ങൾ, ആ തത്വങ്ങളിൽ അധിഷ്ഠിതമായി ഉരുത്തിരിഞ്ഞ സിദ്ധാന്ത പരമ്പരകൾ എല്ലാം അയാൾക്കറിയാം. പക്ഷേ പൈതഗോറസിൻറ പിതാവിൻറ പേരെന്ത് എന്ന് മാത്രം അയാൾക്ക് അറിഞ്ഞുകൂടാ.
ഇൻറർവ്യൂ ബോർഡിലെ ഒരംഗം ചോദ്യം ആവർത്തിച്ചപ്പോൾ അയാൾ ശാന്തനായി പറഞ്ഞു.
“ഖേദിക്കുന്നു, എനിക്കറിയില്ല.”
“അറിയില്ല എന്നതിന് എന്ത് വിശദീകരണം ഉണ്ട്?” എന്നായി അടുത്ത അംഗത്തിൻറെ ചോദ്യം.
വിനീതനായി അയാൾ പറഞ്ഞു: “പൈതഗോറസ് സിദ്ധാന്തങ്ങൾക്കുള്ള പ്രാധാന്യം അത്യുന്നതനായ ആ ശാസ്ത്രജ്‌ഞൻറെ പിതാവിൻറെ പേരിനുണ്ടെന്ന് ഞാൻ ഓർത്തിരുന്നില്ല. ഇപ്പോൾ മാത്രമാണ് എനിക്ക് ബോധ്യമാകുന്നത്”.
വേണമെങ്കിൽ അയാൾക്ക് പൊട്ടിത്തെറിക്കാമായിരുന്നു.
ഗണിതശാസ്ത്രത്തിൽ റാങ്കോടെ മാസ്റ്റർ ബിരുദം നേടിയ തന്നോട് പൈതഗോറസിൻറെ അച്ഛൻറെ പേര് ചോദിച്ചത് തന്നെ കളിയാക്കാൻ ആണെന്ന് കരുതി തിരിച്ചടിക്കാമായിരുന്നു. “അത് പൈതഗോറസിൻറെ തള്ളയോട് ചോദിക്കണം. തന്തയാരെന്ന് എന്ന് തള്ളക്കല്ലേ ആധികാരികമായി പറയാനാകൂ”.
അങ്ങനെ തിരിച്ചടിച്ചിരുന്നെങ്കിൽ വീര സാഹസിക കൃത്യം താൻ ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢി മാത്രമാകുമായിരുന്നു അയാൾ. അല്ലാതെ ഒന്നാംകിട സ്ഥാപനത്തിലെ ഒന്നാംകിട തസ്തിക ഇന്ന് അലങ്കരിക്കുമായിരുന്നില്ല.
പഠിച്ചതും പഠിപ്പിച്ചതുമായി ബന്ധപ്പെട്ടതും തെരഞ്ഞെടുക്കാൻ പോകുന്ന ജോലിയുമായി ബന്ധപ്പെട്ടതും ഒക്കെയായ ചോദ്യങ്ങളാണ് ഇൻറെർവ്യൂ പോകുന്ന ഉദ്യോഗാർത്ഥികളിൽ മിക്കവരും പ്രതീക്ഷിക്കുന്നത്
എന്നാൽ പ്രതീക്ഷിക്കാത്ത ചോദ്യങ്ങൾ വരുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് മിക്കവർക്കും അറിഞ്ഞുകൂടാ. ഈ തലമുറയിലെ ഉദ്യോഗാർത്ഥികളുടെ ഏറ്റവും വലിയ ശാപവും അത് തന്നെയാണ്.
സാന്ദർഭികമായി മാത്രം ഒരു ആത്മകഥാകുറിപ്പ് കൂടി.
എം എ യ്ക്ക് പഠിച്ചിരുന്ന കാലത്തു വിഖ്യാത ആംഗലേയ പണ്ഡിതനായ പ്രൊഫ. ഷെപ്പേർഡ് ഒരു മോക്ക് ഐ എ എസ് ഇൻറർവ്യൂ നടത്തി. ഇംഗ്ലീഷ് സാഹിത്യം അരച്ച് കലക്കി കുടിച്ചവരെന്ന് ആത്മാർത്ഥമായി അഹങ്കരിച്ച അൽപ്പൻമ്മാരായിരുന്നു ഇതെഴുന്നവനടക്കമുള്ള ‘ഉദ്യോഗാർഥികൾ ‘.
ഒരു ഏകാംഗ ബോർഡ് എന്ന നിലയിലാണ് അദ്ദേഹം ഇൻറർവ്യൂ നടത്തിയത്. ഏത് ചോദ്യത്തിനും മണിമണി പോലെ മറുപടി പറയാമെന്ന ആത്മവിശ്വാസവുമായി കയറി ചെന്നപ്പോൾ ആ ദിവസത്തെ നൂറ്റൊന്നാമത്തെയോ മറ്റോ ചാർമിനാർ സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഓക്സ് ഫോർഡ് ഉച്ചാരണ ശുദ്ധിയോടെ പ്രൊഫസർ ചോദിച്ചു. അതിൻറെ മലയാളം ഇങ്ങനെയായിരുന്നു: ഷേക്സ്പിയർ കൃതികളിൽ ഏറ്റവും ഇഷ്ടപ്പെട്ട കൃതി ഏതാണ്?
ഉടൻ മറുപടി പറഞ്ഞു: ടെമ്പസ്റ്റ്
കൂടുതൽ ചോദ്യങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. ടെമ്പസ്റ്റിനെ നെ കുറിച്ച് ഇനിയും ചോദ്യങ്ങൾ ഉണ്ടാവും. ഒന്നാന്തരമായി മറുപടി പറയാം. തൊട്ടിലിലെ നിഷ്കളങ്കതയും കട്ടിലെ മാദകത്വവും ആണ് മിറാണ്ട എന്ന നായികയിൽ ഒത്തു ചേർന്നിട്ടുള്ളതെന്ന് ആലങ്കാരിക ഭംഗിയോടെ ഒന്നാന്തരം ഇംഗ്ലീഷിൽ വിവരിക്കാം. പക്ഷേ സിഗരറ്റ് ഒന്നുകൂടി ആഞ്ഞു വലിച്ച് പ്രൊഫസർ ചോദിച്ച അടുത്ത ചോദ്യം തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു.
“വില്യം ഷേക്സ്പിയർ സ്ത്രീയാണോ പുരുഷനാണോ?”
ആദ്യം അല്പം അമ്പരന്നു.
എങ്കിലും ഉടൻ പറഞ്ഞു: “പുരുഷൻ.”
വീണ്ടും വന്നു അടുത്ത ചോദ്യം: “അത് എങ്ങനെ നിങ്ങൾക്ക് സ്ഥാപിക്കാൻ ആവും?”
ശരിക്കും അമ്പരന്നു. എങ്ങനെയാണ് സ്ഥാപിക്കുക… മനസ്സ് പരക്കം പാഞ്ഞു. പിന്നെ ഉരുണ്ട് കളിച്ചു. പിന്നെ തൃപ്തികരമല്ലാത്ത എന്തൊക്കെയോ പറഞ്ഞു നിരാശനായി മുറിയിൽ നിന്നിറങ്ങി.
പിറ്റേന്ന് വാത്സല്യപൂർവം അദ്ദേഹം ചോദിച്ചു. What happened to you Mr. Ravindren. Yesterday you were cutling a sorry figure. ( ഇന്നലെ താങ്കൾക്ക് എന്തുപറ്റി? ദയനീയമായ ചിത്രമാണല്ലോ താങ്കൾ കാഴ്ചവച്ചത്?)
ദയനീയ ചിത്രമാണ് കാഴ്ചവയ്ക്കുന്നതെന്ന് പിന്നീട് പലപ്പോഴും ജീവിതത്തിൽ ആവർത്തിച്ച് തോന്നിയിട്ടുണ്ട്
തീരെ പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നുവെന്നും, അതുകൊണ്ടാണ് ഇന്റർവ്യൂവിൽ ശോഭിക്കാൻ കഴിയാതിരുന്നതെന്നും മറുപടി പറഞ്ഞപ്പോൾ, ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്ത പുഞ്ചിരിയുള്ള മുഖത്ത് ഇത്തിരികൂടി ചിരിയോടെ പ്രൊഫസർ ഷേപ്പേർഡ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:
“Any fool can get through an interview , if he gets the questions he expected. But only the wise can win at the face of unexpected question. It is that wisdom that all interview boards look for.”
ഇൻറർവ്യൂവിന് ചെല്ലുന്ന ഓരോരുത്തരും ഒരു ആപ്തവാക്യം പോലെ ആ വാക്കുകൾ ഓർക്കണം എന്നുള്ളതുകൊണ്ട് അതിൻറെ പൂർണമായ മലയാള തർജ്ജമ കൂടി കൊടുക്കുന്നു.
(പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ തന്നെ വന്നാൽ ഏതു വ്യക്തിക്കും ഇൻറർവ്യൂ ജയിക്കാനാവും. പ്രതീക്ഷിക്കാത്ത ചോദ്യം ഉണ്ടായാലും ജയിക്കാൻ ബുദ്ധിശക്തിയുള്ളവനെ കഴിയൂ. എല്ലാകാലത്തെയും ഇൻറർവ്യൂ ബോർഡുകൾ എല്ലായിപ്പോഴും വിലമതിക്കുന്നത് ഈ ബുദ്ധിശക്തിയെ ആണ്.)
( അടുത്ത ലക്കം: ജയിക്കാൻ പത്തു സൂത്രവാക്യങ്ങൾ )






