ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
ഡോ. എം. അബ്ദുൾ റഹ് മാൻ
(പ്രോ വൈസ് ചാൻസലർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം )
വളരെവേഗം വികാസം പ്രാപിക്കുന്ന ഒരു ശാഖയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറിക്കഴിഞ്ഞു.മനുഷ്യൻ പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കാൻ യന്ത്രങ്ങളെ പ്രാപ്തരാക്കുക, ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ വിശകലനം ചെയ്ത് തീരുമാനത്തിലെത്തുക, മനുഷ്യത്തിരിച്ചറിവുകൾ പോലെ ഉൾക്കൊള്ളാൻ യന്ത്രങ്ങളെ സജ്ജമാക്കുക തുടങ്ങിയവയാണ് ഈ സാങ്കേതികവിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്.
യന്ത്രവത്കരണം വ്യാവസായിക മേഖലയിൽ വൻ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്. മനുഷ്യന് അസാധ്യമായത് യന്ത്രങ്ങൾ ചെയ്തുതരുന്നു. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ മനുഷ്യൻ അറയ്ക്കുന്നതും മനുഷ്യശക്തിക്ക് അപ്രാപ്യമായതുമായ പ്രവർത്തികളെല്ലാം നാം യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കുന്നു. ഭൂരിഭാഗം യന്ത്രപ്രവർത്തനങ്ങൾക്കും ബുദ്ധി ആവശ്യമില്ല. എന്നാൽ ഈ പ്രക്രിയയിലാണ് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.
സാഹചര്യങ്ങൾക്കനുസരിച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തിയിൽ പൊടുന്നനെ മാറ്റം വരുത്തുന്നതിനും ചുറ്റുപാടുകളിൽനിന്നുള്ള ചലനങ്ങളും മുന്നറിയിപ്പുകളും ഉൾക്കൊണ്ട് തീരുമാനങ്ങളെടുക്കുന്നതിനുമുള്ള (ഡിസിഷൻ മേക്കിംഗ്) പ്രാഗത്ഭ്യമാണ് എഐ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കുള്ളത്. ചുരുക്കിപ്പറഞ്ഞാൽ യന്ത്രങ്ങൾക്ക് കൃത്രിമബുദ്ധി വച്ചുപിടിപ്പിക്കുന്ന ശാഖയാണിത്.
വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗം കൂടിവരുന്നതാണ് നാം കാണുന്നത്. നാം വീട്ടിലുപയോഗിക്കുന്ന വാഷിംഗ് മെഷിനിൽ ഈ കൃത്രിമ ബുദ്ധിയുടെ ചെറിയ ഉപയോഗമുണ്ട്. നമ്മൾ വീട്ടിൽചെന്ന് ബെല്ലടിച്ചാൽ ഭാവിയിൽ വാതിൽ തുറന്നുതരിക മനുഷ്യരാവില്ല. പകരം റോബോട്ടുകളാകും. വീട്ടുകാവലിനും സെക്യൂരിറ്റികളായും റോബോട്ടുകൾ അതിവേഗം കന്പോളം കീഴടക്കും. ചില വിദേശരാജ്യങ്ങളിൽ ഹോട്ടലുകളിലെ തീൻമേശകളിൽ ഭക്ഷണം വിളന്പുന്നതും ഇപ്പോൾ റോബോട്ടുകളാണ്. ഡ്രൈവറില്ലാത്ത കാറുകൾ നിരത്തുകൾ കീഴടക്കാൻ അധികകാലം വേണ്ടിവരില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവിധ മേഖലകൾ കീഴടക്കുന്നത് ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെ വർധിപ്പിച്ചിട്ടുണ്ട്. കഴിവും പ്രാഗത്ഭ്യവുമുള്ള വിദഗ്ധരെ തേടി നടക്കുകയാണ് വൻകിട കന്പനികൾ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എന്നീ ശാഖകളുടെ ഏകോപനം ഈ മേഖലയ്ക്ക് അനിവാര്യമാണ്. കംപ്യൂട്ടർ പ്രോഗ്രാമുകൾ വഴി കൃത്രിമബുദ്ധി സൃഷ്ടിച്ചെടുക്കുകയെന്ന ദൗത്യമാണിവിടെ പ്രധാനം. ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ പ്രാധാന്യം കൂടിയതോടെ മെഷീൻ ലേണിംഗ് എന്ന പഠന സംവിധാനത്തിന് പ്രസക്തിയും കൂടിവരുന്നു. മികച്ച സ്ഥാപനങ്ങൾ മെഷീൻ ലേണിംഗിൽ കോഴ്സുകൾ നടത്തിവരുന്നു. ചില ഐഐടികൾ ഈ വിഭാഗത്തിൽ പ്രത്യേക പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്.
ഖരഗ്പൂർ, ബോംബെ, ഡൽഹി ഐഐടികളിൽ എഐ പ്രത്യേക പഠന ശാഖയാണ്. മിക്ക ട്രിപ്പിൾ ഐടികളിലും (ഐഐടി) ഈ കോഴ്സുകൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മുംബൈയിലെ പ്രശസ്തമായ എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരുവർഷത്തെ കോഴ്സ് നടത്തുന്നുണ്ട്. കേരളത്തിൽ ചില സ്വകാര്യ ഏജൻസികൾ മെഷിൻ ലേണിംഗിൽ കോഴ്സുകൾ നടത്തുന്നുണ്ട്.
സർക്കാരിന്റെ കീഴിലുള്ള ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ട്രിപ്പിൾ ഐടിഎംകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷലൈസേഷനോടുകൂടിയ എംഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സ് നടത്തുന്നുണ്ട്.