ആശയസ്ഫുരണത്തിന് 61 മാന്ത്രിക ചോദ്യങ്ങള്‍

Share:

എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍ – 12

എം ആർ കൂപ് മേയർ പരിഭാഷ: എം ജി കെ നായർ

അടുത്ത അദ്ധ്യായത്തില്‍ 61 മാന്ത്രിക ചോദ്യങ്ങള്‍ കാണാം. അവയെ ‘ആശയ സ്ഫുലിംഗങ്ങള്‍’ എന്നു വിളിക്കുന്നു. നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്ന കാര്യത്തെപ്പറ്റി ആ ചോദ്യങ്ങള്‍ സ്വയം ചോദിക്കണം.

എന്തെങ്കിലും മെച്ചപ്പെടുത്തണമെന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

കാരണം ലളിതമാണ്. കാര്യങ്ങള്‍ സ്ഥിരമായി മെച്ചപ്പെടുത്തുന്ന വ്യക്തിക്ക് (അല്ലെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്കുന്ന വ്യക്തിക്ക്) അതിൻറെ അംഗീകാരം കിട്ടുന്നു; ഉദ്ദ്യോഗക്കയറ്റം കിട്ടുന്നു; അയാള്‍ കൂടുതല്‍ സമ്പന്നനാകുന്നു; ചിലപ്പോള്‍ പ്രശസ്തനായെന്നുംവരും. ഒരാശയത്തിന് നിങ്ങളെ സമ്പന്നനാക്കാന്‍ സാധിക്കും! ഒരു ഡസന്‍ ആശയങ്ങള്‍ നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും….

ഏതു നിലയിലിരിക്കുന്ന വ്യക്തിയായാലും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗികവും ലാഭകരവുമായ ആശയങ്ങള്‍ നിരന്തരം നിര്‍ദ്ദേശിച്ചാല്‍ അയാള്‍ക്ക് സ്വന്തം ശമ്പള ചെക്കിലെ തുക സ്വയം എഴുതാന്‍ സാധിക്കും!

സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളാണ് നിങ്ങള്‍ക്ക് സൃഷ്ടിക്കാവുന്ന ഏറ്റവും വിലയേറിയ ഉല്പന്നം.

മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ നിരന്തരം നിര്‍ദ്ദേശിക്കുന്ന വ്യക്തി, ഒഴിച്ചുകൂടാന്‍ പറ്റാത്ത വ്യക്തിയാണ്. ഓട്ടമേഷന്‍കൊണ്ടോ കമ്പ്യൂട്ടറുകള്‍ കൊണ്ടോ ആ വ്യക്തിയെ മാറ്റിനിര്‍ത്താനാവില്ല. എന്തുകൊണ്ട്? കമ്പ്യൂട്ടറുകള്‍ക്ക് ആശയങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുകയില്ലെന്നുള്ളതാണ് കാരണം. ആശയങ്ങളുടെ ഫലം എന്തെന്നു കണക്കുകൂട്ടാനേ കമ്പ്യൂട്ടറുകള്‍ക്ക്സാധിക്കുകയുള്ളു. ആശയങ്ങളില്ലെങ്കിൽ കമ്പ്യൂട്ടർ ആർക്കുവേണം? കമ്പ്യൂട്ടറുകൾക്ക് കണക്കുകൂട്ടാന്‍ ഒന്നുമില്ലാതാകും. കാരണം, ആശയങ്ങളില്ലാതെ ഒന്നും സൃഷ്ടിക്കാനാവില്ല.

നിങ്ങളുടെ സമയം ഏറ്റവും അര്‍ത്ഥവര്‍ത്തായി ചെലവാക്കാന്‍ പറ്റിയ വഴി ആശയങ്ങള്‍ സൃഷ്ടിക്കുകയും അവ നിങ്ങള്‍ക്ക് ഏറ്റവുമധികം നേട്ടമുള്ളിടത്ത് നിര്‍ദ്ദേശിക്കുകയുമാണ്.

ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗ്ഗം ലളിതമാണ്. മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തിൻറെ ഓരോ ഘട്ടത്തിലും സാദ്ധ്യതകളും പക്ഷാന്തരങ്ങളും പരിഗണിക്കുക.

ഏതൊരു കാര്യവും മെച്ചപ്പെടുത്തുന്നതിന്, ഏതൊരു സാദ്ധ്യതയും പരിഗണിക്കുകയെന്ന മാര്‍ഗ്ഗം ലളിതമാക്കുന്നതിന്, ആശയ സ്ഫുലിംഗങ്ങളുടെ സ്വന്തം പട്ടിക ഗ്രന്ഥകര്‍ത്താവ് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുകയാണ്. അമേരിക്കയുടെ വിജയോപദേഷ്ടാവ് എന്ന നിലയില്‍ എൻറെ സ്വന്തം പ്രവൃത്തി മെച്ചപ്പെടുത്തുന്നതിനും പരിശോധിച്ചു നിര്‍ണ്ണയിക്കുന്നതിനും ഉപയോഗിച്ച 61 മാന്ത്രിക ചോദ്യങ്ങളുടെ പട്ടികയാണിത്.

നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് എന്തുമാകട്ടെ, ഞാന്‍ തയ്യാറാക്കിയ 61 മാന്ത്രിക ചോദ്യങ്ങളുടെ രൂപത്തിലുള്ള ആശയസ്ഫുലിംഗങ്ങളുടെ പട്ടിക അടുത്ത അദ്ധ്യായത്തില്‍ കാണാം. എന്നാല്‍ ആശയങ്ങള്‍ എങ്ങനെയാണ് സ്ഫുരിക്കുന്നതെന്ന് , ആദ്യമേ പറയട്ടെ.

61 മാന്ത്രിക ചോദ്യങ്ങള്‍ ഉപയോഗിക്കേണ്ടത് ഈ വിധത്തിലാണ്.

(1) നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കാര്യത്തെ സംബന്ധിച്ചുള്ള ഓരോ ചോദ്യവും നിങ്ങള്‍ സ്വയം ചോദിക്കുക.

(2) എല്ലാ ചോദ്യങ്ങളും പ്രസക്തമായിരിക്കുകയില്ലെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ ചിലത് പ്രസക്തമായിരിക്കും. അവ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സ്ഫുരിപ്പിക്കും. ‘ജാക്പോട്ട്’ അടിക്കാന്‍ ഒറ്റ ആശയം മതിയെന്നകാര്യം ഓര്‍മ്മിക്കുക! ഒറ്റ ആശയം നിങ്ങളെ കൂടുതല്‍ സമ്പന്നനാകും….. എളുപ്പത്തില്‍!

(3) നിങ്ങള്‍ക്കുതോന്നുന്ന സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഓരോ ആശയവും എഴുതി വയ്ക്കുക. സുപ്രധാനം ഒരാശയം തോന്നിയാലുടന്‍ എഴുതിവെയ്ക്കുക. ആ ആശയം ഉടനെ മൂല്യനിര്‍ണ്ണയത്തിനു വിധേയമാക്കരുത്; അതു പിന്നീടാകാം. ആശയങ്ങള്‍ സ്ഫുരിപ്പിക്കുകയും എഴുതിവെയ്ക്കുകയും ചെയ്യുകയെന്നതാണ് മാര്‍ഗ്ഗം. സ്വന്തം ആശയങ്ങളെപ്പറ്റി വിമര്‍ശനം നടത്തേണ്ട ആവശ്യമില്ല. ആശയങ്ങളുടെ പ്രവാഹത്തെ അതു തടസ്സപ്പെടുത്തുന്നു. നിങ്ങള്‍ക്ക് അവയെ പിന്നീടു പരിഷ്ക്കരിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യാം. എല്ലാ ആശയങ്ങളും ഉടന്‍തന്നെ എഴുതിവയ്ക്കുക!

(4) ഓരോ മാന്ത്രിക ചോദ്യം വായിക്കുമ്പോഴും നിങ്ങളുടെ ആശയത്തോടു ബന്ധിപ്പിക്കാനുള്ള എല്ലാ സാദ്ധ്യതകളും പരിഗണിക്കുക. ഏതെങ്കിലും ഒരാശയം തോന്നിയാല്‍ ഉടന്‍ തന്നെ അതെഴുതിവയ്ക്കുക!

(5) നിങ്ങളുടെ ആശയത്തെ സംബന്ധിച്ച ഓരോ മാന്ത്രിക ചോദ്യവും സ്വയം ചോദിക്കുമ്പോള്‍, നിങ്ങളുടെ മനസ്സ് സ്വതന്ത്രമായി പോകുവാന്‍ അനുവദിക്കുക. അസാദ്ധ്യമെന്നുതോന്നുന്നത് സങ്കല്പിക്കുക; അചിന്ത്യമായത് ചിന്തിക്കുക! ആശയങ്ങള്‍ സ്ഫുരിപ്പിക്കുകയെന്നതാണ് ലക്ഷ്യം – നല്ലതാവാം, ചീത്തയാവാം, രണ്ടിനും ഇടയിലുള്ളതാവാം. ഒരാശയം സ്ഫുരിക്കുമ്പോള്‍ – ഏത് ആശയവും ആകട്ടെ – ഉടന്‍തന്നെ എഴുതിവെയ്ക്കുക!

(6) മാന്ത്രിക ചോദ്യങ്ങളില്‍ നിന്നു ലഭിക്കാവുന്ന എല്ലാ ആശയങ്ങളും ഖനനം ചെയ്തുവെന്ന് നിങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ – തോന്നിയ മുറയ്ക്ക് അവയെല്ലാം എഴുതിവയ്ക്കുകയും ചെയ്തു കഴിഞ്ഞാല്‍ – ഓരോ ആശയവും വിചിന്തനം ചെയ്തു. വിലയിരുത്തുക. അതു സ്വീകരിക്കാം, രൂപാന്തരം വരുത്താം, പരിഷ്ക്കരിക്കാം, മെച്ചപ്പെടുത്താം, കുറ്റമറ്റതാക്കാം! ഏതെങ്കിലും ആശയം പൂര്‍ണ്ണമായും ഉപയോഗശൂന്യമെന്ന് വ്യക്തമായി കഴിഞ്ഞാല്‍ അതുപേക്ഷിക്കുക.

(7) ഈ വിധത്തില്‍ സ്ഫുരിക്കുന്ന ഏതെങ്കിലും ആശയം പൂര്‍ണ്ണമായും ഉപയോഗശൂന്യമാകുവാന്‍ സാദ്ധ്യതയില്ല. കാരണം ഓരോ ആശയവും നിങ്ങളുടെ ഉപബോധ മനസ്സില്‍ നിന്നും ഉണ്ടാകുന്നതാണ്. ഉപബോധ മനസ്സാ കട്ടെ, അനന്തമായ അറിവിലേക്ക് കടക്കുന്നതിനുള്ള നിങ്ങളുടെ സ്വകാര്യമാര്‍ഗ്ഗവും. ആശയമല്ല, അതിനെപ്പറ്റിയുള്ള നിങ്ങളുടെ വ്യാഖ്യാനമാണ് അബദ്ധമാകുന്നത്. മനസ്സില്‍ തോന്നിയ ശരിയായ ആശയം നിങ്ങള്‍ തെറ്റായി ധരിച്ചിരിക്കാം. ഇപ്പോഴോ പിന്നീടെപ്പൊഴെങ്കിലുമോ നിങ്ങള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ ഗഹനമായ ഒരര്‍ത്ഥം അതിനുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ മനസ്സിലാക്കിയമാതിരി നിങ്ങള്‍ക്കത് ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍, ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ അതു പരിഷ്ക്കാരിക്കാനോ രൂപാന്തരപ്പെടുത്താനോ സാധിക്കുന്നില്ലെങ്കില്‍, അതുപേക്ഷിക്കുക. നിങ്ങള്‍ക്കു മനസ്സിലാകുന്ന ആശയങ്ങള്‍ മാത്രം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. അവ മാത്രമാണ് ഇപ്പോള്‍ പ്രായോഗികവും പ്രയോജനപ്രദവും.

നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് എന്തായാലും അതിനുവേണ്ടി ആശയങ്ങള്‍ സ്ഫുരിപ്പിക്കുന്നതിനുള്ള ഒരു സുനിശ്ചിത മാര്‍ഗ്ഗം അടുത്ത അദ്ധ്യായം നിങ്ങള്‍ക്കു സമ്മാനിക്കുന്നു.

ഓർമ്മിക്കുക: കാര്യങ്ങള്‍ സ്ഥിരമായി മെച്ചപ്പെടുത്തുന്ന വ്യക്തിക്ക് (അല്ലെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്‍കുന്ന വ്യക്തിക്ക്) അതിൻറെ അംഗീകാരം കിട്ടുന്നു; ഉദ്ദ്യോഗക്കയറ്റം കിട്ടുന്നു; അയാള്‍ കൂടുതല്‍ സമ്പന്നനാകുന്നു; ചിലപ്പോള്‍ പ്രശസ്തനായെന്നും വരാം.

ഒരാശയത്തിന് നിങ്ങളെ സമ്പന്നനാക്കാന്‍ സാധിക്കും!

ഒരു ഡസന്‍ ആശയങ്ങള്‍ നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും….. എളുപ്പത്തില്‍!

ഈ ഗ്രന്ഥത്തിലെ മറ്റുള്ള അദ്ധ്യായങ്ങള്‍ നിങ്ങള്‍ക്ക് അംഗീകാരം കിട്ടാന്‍, ഉദ്ദ്യോഗക്കയറ്റം കിട്ടാന്‍, കൂടുതല്‍ സമ്പന്നനാകാന്‍, പ്രശസ്തനാകാന്‍ വേണ്ടി കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവതരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടതെങ്ങനെയെന്നു നിങ്ങളെ പഠിപ്പിക്കും.

അടുത്ത അദ്ധ്യായത്തില്‍ കൊടുത്തിട്ടുള്ള 61 മാന്ത്രിക ചോദ്യങ്ങളും നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാകാര്യത്തിലും പ്രയോഗിച്ച് (സര്‍വ്വതും മെച്ചപ്പെടുത്താം) സ്ഥിരമായി ആശയങ്ങള്‍ സ്ഫുരിപ്പിക്കുക. നിങ്ങള്‍ കൂടുതല്‍ ധനവാനാകും….. എളുപ്പത്തില്‍!

( തുടരും )

Share: