വായിച്ചു വളരുക

Share:

കെ എം ചന്ദ്രശർമ്മ /

കുറിപ്പിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്‌ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മുഖമുദ്രാവാക്യമായി മാറിയ ഒരാഹ്വാനമാണ്‌. ആശയസമ്പുഷ്ടവും സാരഗർഭവുമായ ഈ ആഹ്വാനം നടത്തിയത്‌ ഒരു ചെറിയ വലിയ മനുഷ്യനായിരുന്നു. ആ മനുഷ്യന്റെ പേരാണ്‌ പി എൻ പണിക്കർ. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവും നേതാവുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ്‌ ജൂൺ 19. ഈ ദിനം മുതൽ ഒരാഴ്ചക്കാലം കേരളത്തിൽ ഔദ്യോഗികമായിത്തന്നെ വായനാവാരമായി ആചരിക്കുകയാണ്‌.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീഷ്ണമായ കാലഘട്ടങ്ങളിലാണ്‌ കേരളത്തിന്റെ വിവിധ കോണുകളിൽ വായനശാലകളും ഗ്രന്ഥാലയങ്ങളും ഉയർന്നുവന്നത്‌. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമായിരുന്നു അവയ്ക്കുണ്ടായിരുന്നത്‌. ദേശാഭിമാനവിജ്രംഭിതരും സാമൂഹ്യാവബോധമുള്ളവരുമായ ചില സുമനസുകളാണ്‌ അവയ്ക്ക്‌ രൂപം നൽകിയത്‌. ഒറ്റപ്പെട്ടും പരസ്പര ബന്ധമില്ലാത്തവയുമായി കിടന്നിരുന്ന ഈ ഗ്രന്ഥാലയങ്ങളെ കോർത്തിണക്കി ഒരു സാമൂഹ്യ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ പി എൻ പണിക്കർ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. അതിനായി അദ്ദേഹം കേരളത്തിലുടനീളം ഒരുവധൂതനെപ്പോലെ സഞ്ചരിച്ചു. അനേകരുമായി ബന്ധപ്പെട്ടു. സംവദിച്ചു. ആ പ്രവർത്തനത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ദേശീയ സ്വാതന്ത്ര്യത്തിനും ആറുവർഷം മുമ്പ്‌ തനിക്ക്‌ ബന്ധപ്പെടാനും ആശയസംവേദനം നടത്താനും കഴിഞ്ഞ നാലു ഡസനോളും താഴെവരുന്ന ഗ്രന്ഥശാലകളുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി തുടക്കമിട്ട തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം കഠിന യത്നത്തിലൂടെ അദ്ദേഹം കേരള ഗ്രന്ഥശാല സംഘമാക്കി മാറ്റി. അതിലൂടെ അദ്ദേഹം യഥാർത്ഥ ഗ്രന്ഥശാലാ പ്രവർത്തകരുടെ പ്രിയപ്പെട്ട പണിക്കർ സാറായി മാറുകയായിരുന്നു. സാഹിത്യ പഞ്ചാനൻ പി കെ നാരായണ പിള്ളയുടെ സ്മരണയിൽ അമ്പലപ്പുഴയിൽ നിലനിൽക്കുന്ന ഗ്രന്ഥശാലയിൽ പണിക്കർ സാറിന്റെ നേതൃത്വത്തിൽ 1941 മെയിൽ രജിസ്റ്റർ ചെയ്ത്‌ ആരംഭിച്ച ഗ്രന്ഥശാലാ സംഘാടനം മുതൽ കേരള ഗ്രന്ഥശാലാസംഘം നേതൃത്വത്തിൽ നിന്നൊഴിയുന്നതുവരെ അദ്ദേഹം ഗ്രന്ഥശാലാരംഗത്തെ സംഘാടനവും പ്രവർത്തനവും തന്റെ ജന്മദൗത്യംപോലെ തുടർന്നു. അദ്ദേഹത്തിന്റെ മുൻകൈയിൽ സ്ഥാപിക്കപ്പെട്ട അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥാലയത്തിലാണ്‌ ഗ്രന്ഥശാലാ സംഘത്തിന്റെ രൂപീകരണത്തിനായി ആദ്യയോഗം ചേർന്നത്‌ എന്നതും ചരിത്രപരമായ സവിശേഷത തന്നെ.
ഒരാഗാധ പണ്ഡിതനോ ആളുകളെ വശീകരിക്കുന്ന വാഗ്മിയോ ഒന്നുമായിരുന്നില്ല പി എൻ പണിക്കർ. നിസ്വാർഥമായ സേവനവും ആത്മാർഥത തുളുമ്പുന്ന വാക്കുകളുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ലാളിത്യവും ഏറ്റെടുത്ത ദൗത്യത്തോടുള്ള സമർപ്പണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദർശനം. ആദർശപരമായിത്തന്നെ ഖദർ വസ്ത്രമണിയുകയും ആ ആദർശം ജീവിതത്തിൽ പാലിക്കുകയും ചെയ്തു അദ്ദേഹം.
വായിക്കുക എളുപ്പമാണ്‌. എന്നാൽ വായിപ്പിക്കുക ദുഷ്ക്കരമാണ്‌. പണിക്കർ സാർ ഏറ്റെടുത്ത ദൗത്യം വായിപ്പിക്കാനായിരുന്നു. സ്വയമറിയാനും സമൂഹത്തെ അറിയാനുമുള്ള വഴിയായിട്ടാണ്‌ വായനയെ ചിന്തകന്മാരെല്ലാം കണ്ടത്‌. ആ വഴിയേതന്നെയാണ്‌ അദ്ദേഹവും പോയത്‌. അങ്ങനെയാണ്‌ ദർശനചാരുതയുള്ള ‘വായിച്ചുവളരുക, ചിന്തിച്ച്‌ വിവേകം നേടുക’ എന്ന സൂക്തത്തിലദ്ദേഹമെത്തിച്ചേർന്നതും അതിന്റെ വക്താവായതും.
ഇന്ന്‌ കേരളത്തിൽ ലൈബ്രറി കൗൺസിലിന്റെ കീഴിൽ എണ്ണായിരത്തോളം ഗ്രന്ഥാലയങ്ങളുണ്ട്‌. ഇവയെല്ലാം ഒരംഗീകൃത സർക്കാർ വകുപ്പിന്റെ കീഴിലെന്നപോലെ പ്രവർത്തിക്കുന്നു. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച്‌ ശ്രേണീകരിക്കപ്പെട്ടിട്ടുള്ള ഇവയ്ക്കെല്ലാം സർക്കാർ ഗ്രാന്റ്‌ നൽകുന്നു. ഗ്രന്ഥാലയങ്ങളിലിരുന്നു പുസ്തകവിതരണം നടത്തുന്നവർക്കും വീടുകളിൽ പോയി പുസ്തകങ്ങൾ വിതരണം ചെയ്യുന്നവർക്കും സർക്കാർ അലവൻസ്‌ നൽകുന്നുണ്ട്‌. ഗ്രന്ഥശാലകളുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസും നിയാമകവ്യവസ്ഥയ്ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. ആരുടെയെങ്കിലും ഔദാര്യത്തിലും സഹായത്തിലും മാത്രമായി പ്രവർത്തിച്ചുപോന്ന ഗ്രന്ഥാലയങ്ങൾക്ക്‌ ഇത്തരമൊരു പിന്തുണയും സഹായവും ഇല്ലായിരുന്നെങ്കിൽ ഇപ്പോഴുള്ള ഗ്രന്ഥശാലകളിൽ നല്ലൊരു ശതമാനം ഇല്ലായ്മയായിപ്പോയേനേ. ഗ്രന്ഥശാലാഗ്രാന്റും മറ്റ്‌ സഹായങ്ങളും നേടിയെടുക്കുന്നതിൽ പണിക്കർ സാർ നടത്തിയ പ്രവർത്തനം നിത്യസ്മരണീയമാണ്‌.
കേരളത്തിന്റെ രാഷ്ട്രീയരംഗത്തെയും സാംസ്കാരികരംഗത്തെയും അനേകം പ്രമുഖരെ കക്ഷിഭേദമില്ലാതെ ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തനങ്ങളിലും നേതൃത്വത്തിലും കൊണ്ടുവരുന്നതിന്‌ പണിക്കർ സാർ ശ്രമിച്ചിട്ടുണ്ട്‌. എന്നാൽ ഗ്രന്ഥശാലാ സംഘത്തിന്റെയും പണിക്കർ സാറിന്റെയും പ്രവർത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ സഹായിക്കാനും അംഗീകരിക്കാനും ശ്രമിച്ച നേതാവ്‌ സി അച്യുതമേനോനാണ്‌. ഗ്രന്ഥശാലാ നിയമം കൊണ്ടുവരുന്നതിന്‌ വളരെ മുമ്പുതന്നെ ഗ്രന്ഥശാലാസംഘം സെക്രട്ടറിക്ക്‌ സഞ്ചരിക്കാൻ ഒരു സർക്കാർ വാഹനം അനുവദിച്ചുനൽകിയത്‌ അദ്ദേഹമാണ്‌. പിന്നീടാണ്‌ നിയമവും മറ്റും. ഇല്ലായ്മയിൽ നിന്നും ഒരു മഹാപ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്നു എന്ന അത്ഭുതകരമായ പ്രവർത്തനമാണ്‌ പി എൻ പണിക്കർ നടത്തിയത്‌ എന്നതിന്റെ അംഗീകാരം കൂടിയായിരുന്നു അത്‌.
ആലപ്പുഴ ജില്ലയുടെ വടക്കുകിഴക്കായി കോട്ടയം ജില്ലയോട്‌ ചേർന്നുകിടക്കുന്ന അതിർത്തി പഞ്ചായത്താണ്‌ നീലം പേരൂർ. അവിടെ കാർഷിക പശ്ചാത്തലമുള്ള പുതുവായിൽ കുടുംബത്തിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിപ്പിള്ളയുടെയും മകനായി ജനിച്ച നാണുവാണ്‌ പിൽക്കാലത്ത്‌ നാണുപ്പണിക്കരും നാരായണപ്പണിക്കരും പി എൻ പണിക്കരുമായി വളർന്നത്‌. ചെറുപ്പത്തിൽ പിതാവ്‌ മരിച്ചുപോയതിനാൽ തന്റെ പിതൃസഹോദരന്റെ സംരക്ഷണയിലാണ്‌ അദ്ദേഹം വളർന്നത്‌. അങ്ങനെ ചങ്ങനാശ്ശേരിയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസത്തിനുശേഷം നീലംപേരൂരിൽ അധ്യാപകനായി. പിന്നീട്‌ അമ്പലപ്പുഴയിലേക്ക്‌ വന്നു. അവിടെവച്ചാണ്‌ അദ്ദേഹം ഗ്രന്ഥശാലാ പ്രവർത്തനത്തിന്‌ ആരംഭം കുറിക്കുന്നത്‌. അമ്പലപ്പുഴ പി കെ സ്മാരക ഗ്രന്ഥാലയത്തിന്റെ സംഘാടനത്തിലൂടെ തുടക്കമിട്ട ഗ്രന്ഥാലയബന്ധവും അക്ഷരവിപ്ലവ ബന്ധവും അദ്ദേഹം മരിക്കുന്നതുവരെ തുടർന്നു.
ഗ്രന്ഥശാലാ പ്രസ്ഥാനം പടർന്നുപന്തലിക്കുകയും സർക്കാർ പിന്തുണയുള്ള, സാമ്പത്തിക സ്രോതസുള്ള ഒരു പ്രസ്ഥാനമായി മാറുകയും ചെയ്തപ്പോൾ കൈവശാനുഭവത്തിനായി ആളും തിരക്കുമായി. ഇവിടെ പിന്നെ നിഷ്കാമകർമ്മിയും പക്ഷരഹിതനുമായ പണിക്കർ സാറിനെപ്പോലുള്ളവർക്ക്‌ സ്ഥാനമുണ്ടാവില്ല. അത്‌ മനസിലാക്കിയ അച്യുതമേനോൻ ഗവൺമെന്റ്‌ അദ്ദേഹത്തെ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ (കാൻഫെഡ്‌) സംസ്ഥാന നേതൃത്വത്തിൽ അവരോധിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും നിശബ്ദമായ സാമൂഹ്യ വിപ്ലവത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുകയും നിസ്വാർഥസേവനത്തിന്റെ ആൾരൂപമാകുകയും ചെയ്ത പി എൻ പണിക്കരെ തേടി ‘പത്മ’ സ്ഥാനങ്ങളോ മറ്റ്‌ പുരസ്കാരങ്ങളോ എത്തിയില്ല എന്നത്‌ നമ്മളെ ചിന്തിപ്പിക്കേണ്ട വിഷയമാണ്‌.
വായന കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്‌. കാരണങ്ങൾ പലതാണ്‌. ഇ മാധ്യമങ്ങൾ മുതൽ അച്ചടിക്കടലാസിന്റെ വിലവർധനവരെയുള്ള കാരണങ്ങൾ നിരത്തപ്പെടാം. എന്നാൽ നമ്മുടെ ഗ്രന്ഥശാലകൾ വായിച്ചുവളരാൻ വേണ്ടവിധം നമ്മുടെ സമൂഹത്തിന്‌ പ്രയോജനപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ ഒരു തുറന്ന സംവാദം തന്നെ ആവശ്യമായിരിക്കുന്നു. നമ്മുടെ കലാലയങ്ങളിലെയും വിദ്യാലയങ്ങളിലെയും ഗ്രന്ഥാലയങ്ങൾ ഉൾപ്പെടെയാണ്‌ ചർച്ചയ്ക്ക്‌ വിധേയമാക്കേണ്ടത്‌.
കേരളത്തിൽ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കപ്പെടുമ്പോൾ വായനയെ സജീവമാക്കാനും ഗ്രന്ഥാലയങ്ങളെ ചൈതന്യവത്താക്കാനും ഗ്രന്ഥശാലാ പ്രസ്ഥാനത്തെതന്നെ ജനകീയ പിന്തുണയുടെ വേദിയാക്കിമാറ്റാനും മലയാളഭാഷതന്നെ നേരിടുന്ന വെല്ലുവിളിയെ നേരിടാനുള്ള അവസരമാക്കി മാറ്റാൻ വായനാവാരത്തെ പ്രയോജനപ്പെടുത്താൻ നമുക്ക്‌ കഴിയണം. അപ്പോൾ മാത്രമേ വായിച്ചുവളരുക, ചിന്തിച്ച്‌ വിവേകം നേടുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം സാർത്ഥകമാകൂ.

Share: