കാലാവസ്ഥാവ്യതിയാനവും ഹരിതമിഷനും

611
0
Share:

മലപ്പട്ടം പ്രഭാകരൻ/

കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനം ഏറെ പ്രകടമാവുകയാണ്.

മഴ കുറയുന്നു, ചൂട് കൂടുന്നു, വരള്‍ച്ചയും വിളനാശവും വ്യാപിക്കുന്നു, ഋതുബന്ധങ്ങള്‍ മാറിമറയുന്നു, ഞാറ്റുവേലകള്‍ക്ക് കാലഭ്രംശം വരുന്നു, പൂക്കുന്നതിനും കായ്ക്കുന്നതിനുമെല്ലാം താളപ്പിഴ, ഭക്ഷണവും വെള്ളവും കിട്ടാതെ കാടുപേക്ഷിച്ച് മൃഗങ്ങള്‍ നാടുകളിലേക്ക്, ഉപ്പുവെള്ളം കിണറുകളിലേക്ക് അരിച്ചെത്തുന്നു. ‘ഇതെന്തൊരു കാലമാണെന്ന്’ പ്രകൃതിയെ നോക്കി പഴിചാരുന്ന സാഹചര്യത്തിലേക്ക് എത്തിനില്‍ക്കുകയാണ് ജനം. പഴിക്കുന്ന മനുഷ്യര്‍തന്നെയാണ് ഇതിന്റെ ഉത്തരവാദികളെന്ന കാര്യം ഇനിയും ഉള്‍ക്കൊള്ളാത്ത സമൂഹമനസ്സുകള്‍ ഏറെ അവശേഷിക്കുന്നു. സമസ്തമേഖലയിലും പ്രകൃതി ചൂഷണം തകൃതിയാക്കപ്പെടുമ്പോള്‍, ദീര്‍ഘവീക്ഷണമുള്ളവര്‍ അരുതെന്ന് ആവര്‍ത്തിച്ചുപറയുമ്പോള്‍ അവ ഉള്‍ക്കൊള്ളാതെ അവഗണിക്കുകയും, ഇങ്ങനെപോയാല്‍ കുടിവെള്ളം വിലയ്ക്ക് വാങ്ങണമെന്ന് അന്ന് പലരും പറഞ്ഞപ്പോള്‍ ഇതെല്ലാം ഭാവനാവിലാസമാണെന്നും അസംഭവ്യമെന്നും കരുതിയവരായിരുന്നു മഹാഭൂരിപക്ഷം കേരളീയരും. അനുഭവം ഇതിന് ഉത്തരം നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഇത്തരമൊരവസ്ഥയില്‍ പകച്ചതുകൊണ്ടും ശപിച്ചതുകൊണ്ടും കാര്യമില്ല. ഇതിന് ഇടവരുത്തിയ കാരണങ്ങളെ തിരിച്ചറിഞ്ഞും പരിഹരിച്ച് മുന്നേറാനുള്ള വികസനതന്ത്രങ്ങളാവിഷ്കരിച്ച് നടപ്പാക്കുകയെന്നതുമാണ് പോംവഴി. സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച നവകേരളമിഷനും അതിന്റെ അനുബന്ധമായ ഹരിതകേരളമിഷനും ഇതിനാണ് ഊന്നല്‍നല്‍കുന്നത്.

ഹ്രസ്വവും- ദീര്‍ഘകാല വികസന പരിപ്രേക്ഷ്യത്തോടുകൂടിയുള്ളതുമായ പ്രവര്‍ത്തനമാണ് പതിമൂന്നാംപദ്ധതിയില്‍ ആരംഭിച്ച് ദീര്‍ഘകാല സംരംഭത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറെടുക്കുന്നത.് ഇതിന് പഴയതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും പ്രായോഗിക സമീപനവും ആവശ്യമുണ്ട്. കഴിഞ്ഞ നാല് പഞ്ചവത്സരപദ്ധതിക്കാലം ജനകീയാസൂത്രണത്തിലധിഷ്ഠിതമായ വികസനതന്ത്രമാണ് നാം സ്വീകരിച്ചത്. നേട്ടത്തോടൊപ്പം പോരായ്മയും ധാരാളമുണ്ട്. വികസനപ്രക്രിയ ക്രിയാത്മകവും ഫലവത്തുമാകണമെങ്കില്‍ നിലവിലുള്ള അടിസ്ഥാന സ്ഥിതിവിവരകണക്കിന്റെ പിന്‍ബലം ആവശ്യമാണ്. ഒമ്പതാം പദ്ധതിക്കാലംമുതലേ പറഞ്ഞ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അധിഷ്ഠിതമായ വികസനതന്ത്രമെന്ന ആശയത്തിന്റെ ഗൌരവം കാലക്രമേണ ചോര്‍ന്നുപോവുകയും പിന്നീടുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ ഈ പോരായ്മ പ്രതിഫലിക്കുകയുംചെയ്തു. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം വിവരശേഖര പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഒപ്പംതന്നെ ഇതിന്റെ തുടര്‍ച്ചയായി ഉണ്ടാകേണ്ട സമഗ്രവികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന വികസനരേഖകൂടി തയ്യാറാക്കുകയും ചെയ്യുന്നുണ്ട്.

പദ്ധതി ആസൂത്രണപ്രക്രിയക്ക് തുടക്കമിടുന്ന ഘട്ടത്തില്‍തന്നെ പ്രകൃതിവിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളെ വിഭാവനംചെയ്തെടുക്കേണ്ടതുണ്ട്. മൂന്നുഘട്ടത്തിലൂടെയുള്ള വികസനതന്ത്രങ്ങളാണ് ഇതിനുണ്ടാകേണ്ടത്. ഒന്നാമത്തേത് അടിയന്തര പ്രാധാന്യമുള്ള ഏകവര്‍ഷത്തിലധിഷ്ഠിതവും സമയബന്ധിതവുമായവ. കുടിവെള്ളലഭ്യത ഉറപ്പാക്കാനുള്ളതും സാധ്യമായ ഇടങ്ങളില്‍ വരള്‍ച്ചയെ പെട്ടെന്ന് തടയാനുള്ള പദ്ധതികള്‍. രണ്ടാമത്തേത് ഹരിതകേരള സങ്കല്‍പ്പത്തിലൂന്നിയതും എന്നാല്‍ ഘട്ടംഘട്ടമായി ഈ പഞ്ചവത്സര പദ്ധതിക്കാലത്തിനിടയില്‍ നടപ്പാക്കേണ്ടതുമായ കാര്യങ്ങള്‍. മൂന്നാമത്തേതാകട്ടെ പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള പ്രതിഭാസത്തെ ഇല്ലായ്മചെയ്യാനുതകുന്ന വിധത്തിലുള്ള ദീര്‍ഷവീക്ഷണത്തോടെ ആവിഷ്കരിച്ച് ദീര്‍ഘകാല പ്രക്രിയയിലൂടെ നേടിയെടുക്കേണ്ടതുമായ പദ്ധതികള്‍ എന്നിവയാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പരിപ്രേക്ഷ്യത്തില്‍ ഊന്നല്‍നല്‍കേണ്ട കാര്യമാകണം ഇതെന്നും വ്യക്തമാക്കുന്നു.

കേരളം അതിരൂക്ഷമായ ജലക്ഷാമത്തെയാണ് നേരിടുന്നത്. ഭൂഗര്‍ഭജലംതന്നെ 3-7 മീറ്റര്‍വരെ താഴുന്നു. കുടിവെള്ളം കിട്ടാക്കനിയാകുന്നകാലം വിദൂരമല്ല. ഇതറിഞ്ഞാണ് 2008ല്‍ കേരളം ഒരു ജലനയം അംഗീകരിക്കുകയും മനുഷ്യാവകാശ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, ജലസംരക്ഷണമെന്നത് ഓരോ വ്യക്തിയിലും നിക്ഷിപ്തമാണെന്ന് നിയമം പരാമര്‍ശിക്കുകയും ചെയ്തെങ്കിലും ഇത് പ്രായോഗികമാകുന്നില്ല. ഇതിനെ പ്രയോഗത്തില്‍ വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ മിഷനുകളില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെയും മറ്റ് ജലാശയങ്ങളെയും പുനരുദ്ധരിച്ചും പുതുതായി നിര്‍മിച്ചും ജലവിഭവ സമാഹരണം നടത്താന്‍ പറയുന്നത്. ഈ ബജറ്റില്‍ 1696 കോടി രൂപ കുടിവെള്ളപദ്ധതികള്‍ക്കായും 102 കോടി രൂപ മണ്ണ്-ജല സംരക്ഷണത്തിനായും വകകൊള്ളിച്ചു. കൂടാതെ കാര്‍ഷികമേഖലയുടെ പൊതുവികസനത്തിനായി 2016 കോടി രൂപ നീക്കിവയ്ക്കപ്പെട്ടതും ഹരിതകേരളംകൂടി ലക്ഷ്യമിട്ടാണ്. ഇവയ്ക്കെല്ലാം പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍തുക 9748 കോടിയായി ഉയര്‍ത്തിയതും ശ്രദ്ധേയമാണ്.

രണ്ടാംഘട്ടമെന്നു പറയുന്നത് ഒരു പഞ്ചവത്സര പദ്ധതിക്കാലത്തേക്കുള്ള വികസനതന്ത്രമാണ്. ഇതില്‍ സമഗ്രമായ മണ്ണ്- ജല സംരക്ഷണ പ്രവര്‍ത്തനം നീര്‍ത്തടാധിഷ്ഠിതമായും ഓരോ കൈവശഭൂമിയെയും വികസന യൂണിറ്റായും കണക്കാക്കിയാണ് പ്രവര്‍ത്തനം നടത്തുക. കിട്ടുന്ന മഴവെള്ളത്തെ അതേപടി കടലിലെത്തിക്കാതെ ഒഴുക്കിന്റെ വേഗം കുറയ്ക്കുന്ന വിവിധമാര്‍ഗങ്ങള്‍ അവലംബിച്ചും, മണ്ണിലേക്ക് കിനിഞ്ഞിറങ്ങാനും ഉപരിതല- ഭൂഗര്‍‘ജലാശയങ്ങളില്‍ ജലസംഭരണശേഷി ഉണ്ടാക്കാനുതകുന്നതുമായ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതിനും ലക്ഷ്യമിടുന്നുണ്ട്. മഴക്കാലത്തെ കിണര്‍ റീചാര്‍ജിങ്മുതല്‍ പുഴകളിലും തോടുകളിലും സ്ഥാപിക്കേണ്ട തടയണകളുള്‍പ്പെടെയുള്ളതും മണ്ണില്‍ചെയ്യേണ്ട നിരവധിയായ ജൈവിക ജലസംഭരണ നടപടികള്‍വരെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നെല്‍വയല്‍ സംരക്ഷണവും വിവിധ കാര്‍ഷിക വികസന പദ്ധതികളുമെല്ലാം പ്രാദേശിക സാധ്യതകള്‍ക്കനുസരിച്ച് വികസനപദ്ധതികള്‍ ആവിഷ്കരിക്കുകയും വേണം.

കാലാവസ്ഥാ വ്യതിയാനം തടയാന്‍ ദീര്‍ഘകാല പരിപ്രേക്ഷ്യ പദ്ധതികളും അനിവാര്യമാണ്. കുന്നിടിക്കല്‍, വയല്‍നികത്തല്‍ തുടങ്ങിയ വന്‍കിട പദ്ധതികളുണ്ടാക്കിയ ജലനഷ്ടം ഒഴിവാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ മറ്റുപല മേഖലകള്‍വഴിയെല്ലാം സാമ്പത്തികസമാഹരണം നടത്തി ആസൂത്രണംചെയ്യേണ്ടതാണ്. സാമൂഹിക വനവല്‍ക്കരണം ഒരു ദീര്‍ഘകാല പരിപ്രേക്ഷ്യമായി കാണാനാകണം. ഇതിനുപോല്‍ബലകമായ പദ്ധതികള്‍ ആസൂത്രണംചെയ്യാനുള്ള ബാധ്യത പതിമൂന്നാം പദ്ധതിയില്‍ ഊന്നിപറയുന്നുണ്ട്.

കേരളത്തിലെ മണ്ണും വെള്ളവും വായുവും എന്നുവേണ്ടïസമസ്ത ഇടങ്ങളും മലീമസപ്പെടുകയും ഇത് രോഗാതുരമായ സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്യുന്നു. കാര്‍ഷികമേഖലയെയും മണ്ണിന്റെ ജൈവഘടനയെയുമെല്ലാം തകര്‍ത്തുകൊണ്ടിരിക്കുന്ന രാസവള- കീടനാശിനികളുടെ അമിതോപയോഗം വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ജൈവകൃഷി എന്ന ആശയത്തിന് ഇവിടെ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ഇതിന് സീറോ വെയ്സ്റ്റ്’ മാതൃക അനുവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. അതായത്, മാലിന്യങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ധിപ്പിക്കുക, പുനഃചംക്രമണത്തിലൂടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. കേന്ദ്രീകൃത മാലിന്യശേഖരണവും സംസ്കരണവും അസാധ്യവും അശാസ്ത്രീയവുമായ രീതിയാണെന്ന തിരിച്ചറിവില്‍നിന്നാണ് ഉറവിട മാലിന്യസംസ്കരണമെന്ന ആശയം രൂപപ്പെട്ടത്. ഇതിന് ഓരോ കുടുംബവും മാലിന്യ പരിപാലന യൂണിറ്റായി പ്രവര്‍ത്തിക്കണം. മാലിന്യങ്ങളെ ജൈവമെന്നും അജൈവമെന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ടല്ലോ. ഇതില്‍ ജൈവമാലിന്യമെന്നത് മാലിന്യമല്ലെന്നും അവ ഒന്നാംതരം ജൈവവളമാക്കി മാറ്റാമെന്നും, വിവിധ വഴികളിലൂടെ സംസ്കരിച്ചെടുത്ത് കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടാക്കാനാകുന്നതുമായ വിവിധ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഹ്രസ്വകാല- ദീര്‍ഘകാല വികസന പരിപ്രേക്ഷ്യത്തിലൂടെ പദ്ധതി ആവിഷ്കരിച്ച് കേരളം ഇന്നനുഭവിക്കുന്ന ജൈവവളക്ഷാമം ഇല്ലാതാക്കി ജൈവകൃഷിക്ക് മുതല്‍കൂട്ടാക്കാം.

അജൈവമാലിന്യങ്ങള്‍ കേരളത്തിന്റെ പാരിസ്ഥിതികരംഗത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. ഇവയെയും ഉറവിടത്തില്‍വച്ച് സീറോ വെയ്സ്റ്റ് ആശയത്തിലൂടെ നിര്‍മാര്‍ജനം ചെയ്യാനാകണം. ഇതിനായി അജൈവമാലിന്യ സംഭരണകേന്ദ്രങ്ങളുണ്ടാക്കുക, പുനഃചംക്രമണത്തിനുള്ള ഇടം കണ്ടെത്തുക, പൊതു അടിസ്ഥാനസൌകര്യങ്ങളുണ്ടാക്കുക, പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധന നിക്ഷേപമുണ്ടാക്കുക, കര്‍ശന നിരീക്ഷണ സംവിധാനമുണ്ടാക്കുക, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും കര്‍ശനമാക്കുക തുടങ്ങിയവയ്ക്കൊക്കെ സമഗ്രമായ വികസനകാഴ്ചപ്പാടുണ്ടാകണം.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജനകീയമായ കൂട്ടായ്മ അനിവാര്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മനുഷ്യവിഭവങ്ങളെ ഇതിനായി ഉപയോഗിക്കാനാകണം. വാര്‍ഡുതലത്തിലുള്ള മെറ്റീരിയല്‍ ഫെസിലിറ്റി ക്യാമ്പയിന്‍ സംഘടിപ്പിച്ച് എല്ലാ വിഭാഗക്കാരെയും ചേര്‍ത്തുള്ള സമഗ്രമായ സന്നദ്ധപ്രവര്‍ത്തനം ഉണ്ടാകണം. കൂടാതെ വാര്‍ഡ് സാനിറ്റേഷന്‍ സമിതി, സാനിറ്റേഷന്‍ ടീം, വളന്റിയര്‍ ടീം, ഗ്രീന്‍ ടെക്നീഷ്യന്‍സ് എന്നിവയുടെ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണ്

Share: