മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണം -മുഖ്യമന്ത്രി
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് കേരളാ സംസ്ഥാന രൂപീകരണത്തിന്‍റെ 60ാം വാർഷികത്തിൽ നിയമസഭയിൽ ചേർന്ന പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ല. പബ്ലിക് സര്‍വീസ് കമീഷന് മലയാളം മ്ലേച്ഛമാകുന്ന അവസ്ഥയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം എന്ന ആവശ്യം സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച പലരും പിന്നീട് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. പിന്നീട് തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി ശ്രീരാമലു നടത്തിയ ജീവത്യാഗമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ജനനത്തിന് വഴിവച്ചതെന്ന് പിണറായി ഒാർമപ്പെടുത്തി. കേരളം സംസ്ഥാനം യഥാർഥ്യമാക്കിയതിന് മലയാളികള്‍ പോറ്റി ശ്രീരാമലുവിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1950-കളില്‍ കേരളത്തിൽ നിലനിന്നിരുന്ന ജാതി-ജന്മി വ്യവസ്ഥകളെയും അതിനെതിരെ രൂപം കൊണ്ട വിപ്ലവ പ്രസ്ഥാനങ്ങളെയും പരിഷ്‌കരണ നേതാക്കളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. ”ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാക്കണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം നമ്മുക്ക് ചോര ഞരമ്പുകളില്‍” എന്ന വള്ളത്തോള്‍ കവിത ഉദ്ധരിച്ച മുഖ്യമന്ത്രി, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വജ്രജൂബിലി ആശംസകള്‍ നേരുകയും ചെയ്തു.
ലോകത്തിന്‍റെ ഏതു കോണില്‍ ചെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിവുള്ള മലയാളികള്‍ വിശ്വപൗരന്‍മാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ആയൂര്‍ ദൈര്‍ഘ്യം എന്നീ കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തില്‍ എത്തി നില്‍ക്കുന്നു. എന്നാൽ, സംസ്ഥാനത്ത് ജാതീയതയും വര്‍ഗീയതയും അസഹിഷ്ണുതയും വര്‍ധിക്കുന്നു. ഇതിനെ ജാഗ്രതയോടെ കാണണം.
ദേശവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കേരളത്തില്‍ തൊഴില്ലിലായ്മ ഉണ്ടെങ്കില്‍ പണിയെടുക്കാന്‍ ആളെ കിട്ടുന്നുമില്ല എന്നുള്ളത് വൈരുധ്യമായി നിലനില്‍ക്കുന്നു. നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളും അവ സൃഷ്ടിച്ച ഫലങ്ങളും പഠനവിധേയമാക്കണം. കേരള മോഡലിന്‍റെ നിറം മങ്ങിയെന്നും പുതിയ കേരള മോഡല്‍ കൊണ്ടുവരണമെന്നും നിയമസഭയിൽ ചെന്നിത്തല ആവശ്യപ്പെട്ടു.