ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സീറ്റ് സംവരണം പാലിക്കണം

Share:

അംഗപരിമിതര്‍ക്കായുളള 1995 ലെ (തുല്യാവസരവും, അവകാശ സംരക്ഷണവും, പൂര്‍ണ പങ്കാളിത്തവും) ദേശീയ നിയമത്തിന്റെ 39-ാം വകുപ്പ് പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈകല്യങ്ങളുളള കുട്ടികള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യുന്നത് സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണമെന്ന് അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍ നിര്‍ദേശിച്ചു.

എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്നു ശതമാനത്തില്‍ കുറയാതെ സീറ്റുകള്‍ ഇവര്‍ക്കായി സംവരണം ചെയ്യണമെന്നാണ് നിയമം.

ഭിന്നശേഷിയുളള കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളിലെ അഡ്മിഷനിലെ സംവരണം നിഷേധിക്കരുത്. സര്‍ക്കാര്‍, എയ്ഡഡ്, ഗവണ്‍മെന്റ് നിയന്ത്രിത സ്വകാര്യ കോളേജുകള്‍, യണിവേഴ്‌സിറ്റി, ഇതര പഠന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാഡമികള്‍ തുടങ്ങിയവയ്ക്ക് നിയമം ബാധകമാണ്. എല്ലാ യൂണിവേഴ്‌സിറ്റികളും കോളേജ് അധികൃതരും പി.റ്റി.എയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഇത്തരക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഗ്രേസ് മാര്‍ക്കും നല്‍കണം.

2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച Rights of Persons with Disabilities Act പ്രകാരം അംഗപരിമിതരുടെ ഉന്നത വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Share: