പി.എസ്‌.സിയെ അവഗണിച്ച്‌ കേരള സര്‍വകലാശാലയിൽ നിയമനത്തിനു നീക്കങ്ങൾ

462
0
Share:

തിരുവനന്തപുരം: പി.എസ്‌.സിയെ അവഗണിച്ചു കേരള സര്‍വകലാശാലയില്‍ അനധികൃത നിയമനം നടത്താന്‍ നീക്കങ്ങൾ നടക്കുന്നു. അനധ്യാപക നിയമനങ്ങള്‍ 2015 മുതല്‍ പി.എസ്‌.സിക്കു വിട്ട തീരുമാനം അട്ടിമറിച്ചു ദിവസവേതനത്തില്‍ ജോലി ചെ്‌യതവരെ സ്‌ഥിരപ്പെടുത്താനാണു സര്‍വകലാശാലയുടെ നീക്കം.
സര്‍വകലാശാലയില്‍ ഇപ്പോള്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന മൂന്ന്‌ അസിസ്‌റ്റന്റുമാരെയും അഞ്ചു കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റുമാരെയുമാണു (ടൈപ്പിസ്‌റ്റ്‌) സ്‌ഥിരപ്പെടുത്താന്‍ സ്‌റ്റാഫ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്‌. 2003വരെ സര്‍വീസിലുണ്ടായിരുന്ന എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചു വഴി നിയമിക്കപ്പെട്ട്‌ 179 ദിവസം പൂര്‍ത്തിയാക്കിയ അംഗപരിമിതരെ സ്‌ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ വ്യവസ്‌ഥയുണ്ട്‌. ഇപ്പോള്‍ സ്‌ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളവര്‍ 2010നു ശേഷം ദിവസവേതന അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ്‌. അസിസ്‌റ്റന്റ്‌, കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്‌ റാങ്കു പട്ടിക പി.എസ്‌.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതില്‍ അംഗപരിമിതര്‍ക്കു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്‌. അവര്‍ക്കു നിയമനം നിഷേധിക്കുന്ന രീതിയിലാണു ദിവസവേതന അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം. സര്‍വകലാശാലയില്‍ അറുന്നൂറിലധികം ഒഴിവുകള്‍ നിലനില്‍ക്കെ 241 ഒഴിവുകള്‍ മാത്രമാണു പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. ബാക്കി നിയമനങ്ങള്‍ ദിവസവേതന അടിസ്‌ഥാനത്തില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്‌ ഈ നടപടിയെന്ന്‌ ആരോപണമുണ്ട്‌. എഴുന്നൂറിലധികംപേരാണു സര്‍വകലാശാലയില്‍ ഇപ്പോള്‍ ദിവസവേതന അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്നത്‌.

Share: