കൊച്ചി മെട്രോ : ജൂണ് 17ന് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ് 17ന് സമയം അനുവദിച്ചു . ആലുവയിലായിരിക്കും ഉദ്ഘാടനചടങ്ങുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. കേരളത്തിന്റെ മഹത്വവും പൈതൃകപ്പെരുമയും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലെ 11 സ്റ്റേഷനുകളും വ്യത്യസ്ത ഇതിവൃത്തങ്ങളുടെ പ്രകാശനമാണ്. ഇനി കേരളത്തിൻറെ പെരുമ മെട്രോ സ്റ്റേഷനുകൾ വിളിച്ചോതും.
പശ്ചിമഘട്ട സംസ്കാരമെന്ന പൊതു ആശയത്തിലൂന്നിയാണു സ്റ്റേഷനുകൾ മോടിപിടിപ്പിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ കണ്സൾട്ടൻസി ഏജൻസിയായ ടാറ്റ എലിക്സിയാണു സ്റ്റേഷനുകളുടെ ഉൾത്തലങ്ങളുടെ അടിസ്ഥാന ഇതിവൃത്തം രൂപപ്പെടുത്തിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ ഇതു പിന്നീടു വിപുലപ്പെടുത്തുകയായിരുന്നു. വിവിധ സ്റ്റേഷ നുകളുടെ പ്രത്യേകതകൾ ചുവടെ.
പെരിയാറിന്റെ മടിത്തട്ടിൽനിന്നു കേരളത്തിലെ നദികളിലൂടെയുള്ള സഞ്ചാരമാണ് ആലുവ മെട്രോ സ്റ്റേഷൻ. വിവിധ നദികളുടെ ചിത്രങ്ങൾക്കൊപ്പം നിർമാണ സാമഗ്രികൾ ഉപയോഗിച്ചു നദീജല സന്പത്ത് അടയാളപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ നദികളുടെ പെരുമയെന്തെന്നു വിശദീകരിച്ചു നൽകുന്ന കലാരൂപം കൂടിയാണ് ഈ സ്റ്റേഷൻ. സ്റ്റേഷനിലെ തറപോലും നദികളുടെ മാതൃകയിലാണു നിർമിച്ചിരിക്കുന്നത്.
ഗൃഹാതുരത്വം ഉണർത്തുന്ന നാടിന്റെ പച്ചപ്പിൽ ഹരിതകേരളത്തിന്റെ സൗന്ദര്യം വിളിച്ചോതുന്നു പുളിഞ്ചുവട് മെട്രോ സ്റ്റേഷൻ. മലയാള മണ്ണിനെ സന്പന്നമാക്കുന്ന നാണ്യവിളകളും വിവിധവൃക്ഷലതാദികളും മലയാളിയുടെ സൗന്ദര്യസങ്കല്പത്തോടൊപ്പം ഇവിടെ ഇഴചേരുന്നു. പുൽമേടുകളുടെ മനോഹാരിതയും കാടിന്റെ വന്യതയും അനുഭവവേദ്യമാക്കുന്ന ഇന്റീരിയർ ഡിസൈനിംഗിന്റെ മികവ് ഇവിടെ തെളിഞ്ഞു കാണാം.
നാളികേരത്തിന്റെയും കറുത്തപൊന്നിന്റേയും നാട്ടിലെ മലനിരകളാണു കന്പനിപ്പടി സ്റ്റേഷനെ ആകർഷകമാക്കുന്നത്. ആനമുടിയുടെ തലയെടുപ്പും ഹരിതഭംഗിയും ഇവിടെ ചിത്രങ്ങളിലൂടെ കോറിയിട്ടിരിക്കുന്നു. നമ്മുടെ സംസ്കാരത്തെ വാനോളം ഉയർത്തിക്കെട്ടുന്ന പതാകകളാണു മലനിരകളെന്ന ആശയത്തിലാണു കന്പനിപ്പടിയെ മെട്രോ കൊടുമുടിപ്പടിയാക്കിയത്. ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമെന്ന രീതിയിൽ മനുഷ്യനും മലനിരകളുമായുള്ള ബന്ധങ്ങളും സ്റ്റേഷനിൽ വ്യക്തം.
പശ്ചിമഘട്ട സംസ്കാരമെന്ന പൊതു ആശയത്തിനോട് ഏറ്റവും നീതി പുലർത്തുന്നതാണ് കളമശേരിയിലെ മെട്രോ സ്റ്റേഷൻ. വനാന്തരങ്ങൾ ഉൾപ്പെടെ ആദിമകാല സംസ്കാരത്തെ സ്റ്റേഷൻ ഓർമിപ്പിക്കുന്നു. വനാന്തരീക്ഷം നിലനിർത്താനും സ്മരണകൾ വരച്ചിടാനും നിർമാണഘട്ടത്തിൽ കൃത്യമായി ഇടപെടലുകൾ ഉണ്ടായിരുന്നു. നഗരത്തിരക്കിൽ ഒരു കൃത്രിമ വനമായി സന്ദർശകന് ഇവിടെ അനുഭവപ്പെടും.
കേരളത്തിലെ പക്ഷി സമ്പത്ത് എത്രത്തോളമുണ്ടെന്നും അതിന്റെ വൈവിധ്യവും കാഴ്ചക്കാർക്കു കാട്ടി കൊടുക്കുന്നതാണു മുട്ടം സ്റ്റേഷൻ. പീലി വിരിച്ചാടുന്ന മയിലുകളെയും വർണങ്ങൾ വാരിവിതറുന്ന ചിറകുകളുമായി വാനിൽ ഉയർന്നു പറക്കുന്ന വിവിധ പക്ഷികളെയും ഇവിടെ ചുവരിൽ കാണാം. കേരളത്തിൽ കാണപ്പെടുന്ന പക്ഷികളെപ്പറ്റി അവബോധം ലഭിക്കും വിധമാണു ചിത്രീകരണം.
പാമ്പുകളുടെ ഗണത്തിലെ രാജാവായ രാജവെമ്പാല മുതൽ അത്താഴം മുട്ടിക്കുന്ന നീർക്കോലി വരെയുള്ള ഉരഗവർഗം അന്പാട്ടുകാവ് സ്റ്റേഷനെ ശ്രദ്ധേയമാക്കുന്നു. പ്രകൃതിയിൽ കാണുന്ന എന്തിനും അതിന്റേതായ സൗന്ദര്യമുണ്ടെന്ന ആശയം മനേഹരമായി സ്റ്റേഷൻ ഭിത്തികളിൽ ആവിഷ്കരിച്ചിരിക്കുന്നു. പാമ്പുകളെക്കുറിച്ചുള്ള പൊതുബോധം മാറ്റിമറിക്കുന്ന തരത്തിലാണ് ഇവിടത്തെ കലാരൂപങ്ങൾ. ഒച്ചുവർഗത്തിന്റെ വൈവിധ്യവും ഇവിടെ കാണാം.
കൊച്ചിക്കു പ്രാചീനമായൊരു ജലഗതാഗത സംസ്കാരമുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നും ഈ സംസ്കാരം കൊച്ചിയിൽ ദൃശ്യമാണുതാനും. ഈ പ്രാചീനതയുടെ അടയാളപ്പെടുത്തലുകളാണ് കുസാറ്റ് മെട്രോ സ്റ്റേഷൻ. ജലഗതാഗതത്തിന്റെ ചരിത്രം സുദീർഘമായി അടയാളപ്പെടുത്തിയിട്ടുണ്ട് സ്റ്റേഷനിൽ. കറുത്തപൊന്നു തേടി കേരളത്തിലെത്തിയ വിദേശികളുടെ നാവികചരിത്രവും തദ്ദേശീയമായി നമുക്കുണ്ടായിരുന്ന നാവികസംസ്കാരവും സ്റ്റേഷനുകളിൽ എടുത്തു കാണിക്കുന്നു.
കേരളത്തിൽ കാണപ്പെടുന്ന മത്സ്യവൈവിധ്യങ്ങളെ കാഴ്ചക്കാരനിൽ ആശ്ചര്യമുളവാക്കുന്ന രീതിയിലാണു പത്തടിപ്പാലം സ്റ്റേഷനിൽ വരച്ചിട്ടിരിക്കുന്നത്. മത്തി മുതലങ്ങോട്ട് എല്ലാ മത്സ്യങ്ങളും കേരളത്തിന്റെ മത്സ്യസന്പത്തിനെ വിളിച്ചോതുന്നുണ്ട്. ഫോട്ടോഗ്രഫുകളും പെയിന്റിംഗുകളും മത്സ്യവർണങ്ങളെ കോറിയിടുന്നു. അലങ്കാര മത്സ്യങ്ങളും ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യങ്ങളും ചുമരുകളെ സന്പന്നമാക്കുന്നു.
കേരളത്തിനു പണ്ട് പുറമേക്കുള്ള പെരുമ സുഗന്ധവ്യഞ്ജനങ്ങളുടെ പേരിലായിരുന്നു. ഈ സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധമാണു മറ്റു മെട്രോ സ്റ്റേഷനുകളിൽനിന്ന് ഇടപ്പള്ളിയെ വേറിട്ടു നിർത്തുന്നത്. ഏലവും കുരുമുളകും നാടിന്റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ചു സുഗന്ധവ്യഞ്ജനങ്ങളുടെ കൗതുകകരമായ അറിവുകൾ നമുക്കു മുന്നിൽ നിരത്തുന്നു ഇടപ്പള്ളി സ്റ്റേഷൻ.
ചങ്ങമ്പുഴയുടെ രമണനെ മലയാളിക്കു മറക്കാനാവില്ല. നക്ഷത്രങ്ങളുടെ സ്നേഹഭാജനമായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർഥമുള്ള ചങ്ങമ്പുഴ പാർക്കിലെ മെട്രോ സ്റ്റേഷന് ആശയമാകാൻ കലയുടെയും സാഹിത്യത്തിന്റയും ചരിത്രമല്ലാതെ മറ്റൊന്നില്ല.
മലയാളത്തെ സന്പുഷ്ടമാക്കിയ ഭാഷാ പണ്ഡിതന്മാരും തൂലികത്തുന്പിൽ അക്ഷരങ്ങളോടുള്ള പ്രണയം ഒളിപ്പിച്ച പ്രിയ സാഹിത്യകാരന്മാരും ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനിൽ പുനർജനിക്കുന്നു.
നഗരത്തിരക്കിനിടയിൽ പൂക്കളുടെ വർണപ്രപഞ്ചം തീർക്കുകയാണു പാലാരിവട്ടം മെട്രോ സ്റ്റേഷൻ.സംസ്ഥാനത്തെ പുഷ്പസഞ്ചയത്തെ അതിന്റെ എല്ലാ മോടിയോടും കൂടി സന്ദർശകർക്കു മുന്നിൽ വരച്ചിടുന്ന രീതിയിലാണ് സ്റ്റേഷൻ നിർമാണം.
കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് 2012 സെപ്റ്റംബർ 13ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് തറക്കല്ലിട്ടത്. 2013 ജൂൺ ഏഴിനു നിർമാണം തുടങ്ങി. ആലുവ മുതൽ പേട്ടവരെ 24.91 കിലോമീറ്റർ നീളത്തിൽ 22 സ്റ്റേഷനുകൾ. പേട്ടയിൽനിന്നു തൃപ്പുണിത്തുറ വരെ രണ്ടു കിലോമീറ്റർ കൂടി നീട്ടാൻ തീരുമാനിച്ചതോടെ സ്റ്റേഷനുകളുടെ എണ്ണം 25 ആയി. 5181.79 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ നിർമാണ ചെലവ്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത്.