വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി: വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും അപേക്ഷകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണവുംതിരുവനന്തപുരത്തുനടന്നു.ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താക്കളായ കുട്ടികളാണ് ഉദ്ഘാടനം നിര്‍വഹിച്ചത് .
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ തിരിച്ചടവ് സഹായ പദ്ധതിയാണിത്. നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വര്‍ഷം 90 ശതമാനവും തുടര്‍ന്ന് 75, 50, 25 ശതമാനം വീതവുമാണ് സര്‍ക്കാര്‍ വിഹിതം. 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. നാലു ലക്ഷത്തിനുമേല്‍ ഏഴര ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശിക തുകയുടെ 50 ശതമാനം വരെയാണ് സര്‍ക്കാര്‍ വിഹിതമായി ലഭിക്കുക.
പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരിക്കുകയോ ചെയ്ത വിദ്യാര്‍ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും. അപേക്ഷാസമര്‍പ്പണവും തുടര്‍നടപടികളും പൂര്‍ണമായും ഓണ്‍ലൈനാണ്