മെഡിക്കല്‍, എന്‍ജിനീയറിങ് : മാര്‍ച്ച് ഒമ്പതു വരെ അപേക്ഷിക്കാം

Share:

എം.ബി.ബി.എസ്, ബി.ഡി.എസ്, മറ്റ് അനുബന്ധ മെഡിക്കല്‍ കോഴ്സുകള്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് ഒമ്പതുരെ നീട്ടിയതായി പ്രവേശന പരീക്ഷ കമീഷണര്‍ അറിയിച്ചു.. അന്ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധ രേഖകള്‍ സഹിതം മാര്‍ച്ച് 10ന് വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷ കമീഷണറുടെ തിരുവനന്തപുരത്തെ ഓഫിസില്‍ ലഭിക്കണം.
അപേക്ഷസമയം ദീര്‍ഘിപ്പിക്കണമെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.
ബി.ഫാം, ഫാം-ഡി കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും ഇതോടൊപ്പം അപേക്ഷ സമര്‍പ്പിക്കണം.
പ്രവേശന പരീക്ഷ കമീഷണര്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പട്ടിക തയാറാക്കുക.
ഫാര്‍മസി കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.cee.kerala.gov.in വെബ്സൈറ്റിലെ ‘KEAM 2017 -Online Application’ ലിങ്കിലൂടെ മാര്‍ച്ച് ഒമ്പതിന് വൈകീട്ട് അഞ്ചിനകംതന്നെ അപേക്ഷ സമര്‍പ്പിക്കണം. ഇതിനകം പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ഫാര്‍മസി കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്നെങ്കില്‍ ‘KEAM 2017 -Online Application’ ലിങ്കില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്തശേഷം ബി.ഫാം, ഫാം -ഡി കോഴ്സുകള്‍ തെരഞ്ഞെടുക്കണം.
കൂടാതെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/ അനുബന്ധ കോഴ്സുകളും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ഇത്തരക്കാര്‍ അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും വീണ്ടും അയക്കാന്‍ പാടില്ല.
പുതുതായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/ അനുബന്ധ കോഴ്സുകള്‍, ബി.ഫാം, ഫാം-ഡി കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും.
പുതുതായി അപേക്ഷിക്കുന്നവര്‍ മാത്രം അപേക്ഷയുടെ പ്രിന്‍റൗട്ടും രേഖകളും പ്രവേശന രേഖകളും സമര്‍പ്പിച്ചാല്‍ മതി.
ബി.ഫാം, ഫാം -ഡി കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങളും നിയമാവലിയും ഉള്‍പ്പെടുന്ന പ്രോസ്പെക്ടസ് സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറക്ക് പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റില്‍ ലഭിക്കും .

Share: