പി.എസ്.സി : ഉദ്യോഗാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു
പബ്ളിക് സര്‍വിസ് കമീഷനില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഒരു വ്യക്തിതന്നെ പല പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനും പി.എസ്.സി പരീക്ഷകളില്‍ നിന്ന് വിലക്കിയ ഉദ്യോഗാര്‍ഥികള്‍ മറ്റൊരു പേരില്‍ പരീക്ഷ എഴുതുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. എന്നുമുതലാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ആധാറില്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ സമയം നല്‍കിയേക്കും.
നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണറും വജ്രജൂബിലി ചടങ്ങില്‍ മുഖ്യമന്ത്രിയും പരാമര്‍ശിച്ച വിഷയങ്ങളില്‍ പി.എസ്.സി തുടര്‍നടപടി എടുക്കും. വനത്തിനകത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് വനത്തെ അറിയുന്ന, വനത്തിനകത്ത് താമസിക്കുന്ന പട്ടികവര്‍ഗ-ആദിവാസി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളെ സിവില്‍ പൊലീസ് ഓഫിസര്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമിക്കും. ഇതിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം ഒഴിവാക്കും. വനം, ആദിവാസിക്ഷേമം വകുപ്പുകളുടെ സഹായത്തോടെ നടപടി പൂര്‍ത്തീകരിക്കും. ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് എന്ന നിലയില്‍, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയായിരിക്കും നടപടികള്‍.