ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തിലെ സ്കൂൾ കുട്ടികൾക്കായുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവരും മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെടുന്നവരുമായ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാവുന്നത്. സർക്കാർ/എയ്ഡഡ്/മറ്റ് അംഗീകാരമുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
ഒരു കുടുംബത്തിലെ രണ്ടു വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ മുൻ വാർഷിക പരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക്/ ഗ്രേഡ് നേടിയിരിക്കണം. (ഒന്നാം സ്റ്റാൻഡാർഡിലെ വിദ്യാർഥികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല)അപേക്ഷകരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ആധാർ നന്പരുമായി ലിങ്ക് ചെയ്യേണ്ടതാണ്. മാത്രമല്ല ബാങ്ക് അക്കൗണ്ട് ഇടയ്ക്കിടെ മാറ്റാതിരിക്കുക. ജോയിന്റ് അക്കൗണ്ട് പാടില്ല.
ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിക്കുന്പോൾ മാർക്ക്/ഗ്രേഡ് എന്നു നിർദേശിക്കുന്ന കോളത്തിൽ മാർക്ക് മാത്രമേ രേഖപ്പെടുത്തുവാൻ പാടുള്ളൂ. വിദ്യാർഥികൾക്കും സ്കൂൾ അധികാരികൾക്കും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി നേരിട്ട്, ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കുന്നതല്ല.
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് അംഗപരിമിതരായ കുട്ടികളുടെ പ്രീ-മെട്രിക് സ്കോളർഷിപ്പ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in, www.scholarship.itschool. gov.in www.minorityaffairs.gov.in. എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾ സ്കൂളിൽ നിന്നും ലഭിക്കുന്ന മാതൃകാ അപേക്ഷ കൃത്യമായി പൂരിപ്പിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിച്ച് അന്തിമമായി സമർപ്പിക്കുവാൻ പാടുള്ളൂ. www.scholarships.gov.in എന്ന വെബ്സൈറ്റിലൂടെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി മാത്രമേ ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുകയുള്ളു.