നീറ്റ് പരീക്ഷ: ഫലം വൈകുമ്പോൾ …
-ഋഷി പി രാജൻ /
മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിൻറെ ഫലം ജൂൺ എട്ടിന് ഉണ്ടാകുമെന്ന് കരുതിയെങ്കിലും വൈകാനാണ് സാദ്ധ്യത. പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പർ ചോർന്നത് സംബന്ധിച്ച പരാതിയിൽ കോടതി വീണ്ടും ജൂൺ 13 ന് കേസ് കേൾക്കും വരെ ഫലം പുറത്തുവരില്ല . ഉത്തരസൂചിക വിലയിരുത്തി കഴിഞ്ഞവര്‍ഷത്തെ മാര്‍ക്കും, ലഭിച്ച കോഴ്സുകളുമായി താരതമ്യം നടത്തി ഏതു കോഴ്സ് ലഭിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
2016-ല്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനം മാത്രമായിരുന്നു നീറ്റിലൂടെ നടന്നത്. എന്നാല്‍ ഈ വർഷം എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കൊപ്പം ആരോഗ്യമേഖലയിലെ അനുബന്ധ കോഴ്സുകളായ ആയുര്‍വേദ, സിദ്ധ, യുനാനി, കാര്‍ഷിക കോഴ്സുകളായ ബിഎസ്സി. അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ്, ഫിഷറീസ് എന്നിവയ്ക്കും അഡ്മിഷന് നീറ്റ് റാങ്ക്ലിസ്റ്റില്‍നിന്നാണ്. രാജ്യത്തെ വെറ്ററിനറി കോളേജുകളിലെ വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്കര്‍ഷിക്കുന്ന 15 ശതമാനം സീറ്റുകളിലേക്കുള്ള വെറ്ററിനറി സയന്‍സ് സീറ്റുകളിലേക്കുള്ള പ്രവേശനവും നീറ്റ്വഴിയാണ്.
പ്രവേശനയോഗ്യതയ്ക്കുള്ള കട്ട് ഓഫ് മാര്‍ക്ക് കഴിഞ്ഞവര്ഷംപൊതുവിഭാഗത്തില്പ്പെട്ടവര്ക്ക് 145 ആയിരുന്നു. ഒബിസി വിദ്യാര്‍ഥികള്‍ക്ക് 118 ഉം.
11.4 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇതില്‍ പ്രയാസസൂചിക (Difficutly Index) അനുസരിച്ചാണ് കട്ട് ഓഫ് മാർക്ക് തീരുമാനിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ നീറ്റില്‍ 50 ശതമാനം മാര്‍ക്ക് 360/720 നേടിയവര്‍ ദേശീയതലത്തില്‍ രാജ്യത്തെ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം സീറ്റിലേക്ക് യോഗ്യത നേടാം.
ഈ വര്‍ഷം സര്‍ക്കാര്‍, ഡീംഡ്, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍/സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലേക്കുള്ള മെറിറ്റ്, സംവരണ, മാനേജ്മെന്റ് സീറ്റുകളിലേക്ക് കേന്ദ്രീകൃത കൌണ്‍സലിങ് വഴിയാണ്. എന്‍ആര്‍ഐ സീറ്റുകളിലേക്ക് നീറ്റ് ഈ Cut off mark വിലയിരുത്തി മാനേജ്മെന്റുകള്‍ക്ക് അഡ്മിഷന് നല്‍കാം.
കേന്ദ്രീകൃത കൌണ്‍സലിങ് നടത്തുന്നത് സംസ്ഥാനതല പ്രവശനപരീക്ഷാ കമീഷണര്വഴിയാണ്. ഉദാ: കേരളത്തില്‍ പ്രവേശനപരീക്ഷാ കമീഷണര്വഴിയും കര്‍ണാടകയില്‍ എന്‍ട്രന്‍സ് അതോറിറ്റി എന്നിവയിലൂടെയാകും.
പരീക്ഷാഫലം വന്ന ശേഷം നീറ്റ് സ്കോര്‍ പ്രവേശനത്തിന് താല്‍പ്പര്യപ്പെടുന്ന സംസ്ഥാനങ്ങളിലെ പ്രവേശന അതോറിറ്റിയില്‍ ഓണ്‍ലൈന്‍ കൌണ്‍സലിങ്ങിന് അപേക്ഷിക്കണം. അഖിലേന്ത്യാ ക്വോട്ടയിലെ 15 ശതമാനം സീറ്റിലേക്ക് പ്രത്യേകം കൌണ്സലിങ്ങാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തിലാണ് കേന്ദ്രീകൃത കൌണ്‍സലിങ് നടത്തുക. വിശദ വിവരങ്ങൾ www.mcc.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
സംസ്ഥാനതലത്തില്‍ പ്രവേശന പരീക്ഷാ കമീഷണറും സ്വകാര്യ മെഡിക്കല്‍ സര്‍വകലാശാല/കോളേജുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ മേല്‍നോട്ടത്തിലാകും. കൌണ്‍സലിങ് മേല്നോട്ടകമ്മിറ്റിയില് ഡീംഡ്/സ്വകാര്യ സര്‍വകലാശാലാ മാനേജ്മെന്റ് പ്രതിനിധികളുണ്ടാകും.
ഈ വര്‍ഷം എംബിബിഎസിന് രാജ്യത്ത് 65,000വും ബിഡിഎസിന് 25,000 ത്തോളവും സീറ്റുണ്ട്. കേരളത്തില്‍ ആരോഗ്യ അനുബന്ധ കാര്‍ഷിക കോഴ്സുകള്‍ക്ക് 1900 ത്തോളം സീറ്റുണ്ടാകും. കേരളത്തില്‍ മാനേജ്മെന്റ് സീറ്റ് ഉള്‍പ്പടെ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകള്‍ യഥാക്രമം 4050, 1770 ആണ്.
നീറ്റിന്റെ സ്കോറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്ധനവുണ്ടാകുകയാണെങ്കിൽ കൌണ്സലിങ്ങിലും ഈ പ്രവണത ദൃശ്യമാകും. 600 മാര്‍ക്കിനു മുകളിലുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാം. 550-600 ഉള്ളവര്‍ക്ക് സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിക്കാനിടയുണ്ട്. മേല്‍സൂചിപ്പിച്ച പൊതുവിഭാഗത്തില്‍നിന്ന് 5-10 ശതമാനം മാര്‍ക്ക് കുറഞ്ഞ ഒബിസി വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍/സ്വശ്രയ മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നേടാം.
കര്‍ണാടകം, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകളിലേക്ക് നീറ്റ് മാര്‍ക്ക് 300ന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും അപേക്ഷിക്കണം. 400-500നും ഇടയില്‍ മാര്‍ക്കുള്ളവര്‍ക്ക് കേരളത്തില്‍ ബിഡിഎസ് പ്രതീക്ഷിക്കാം. ഇവര്‍ക്ക് കര്‍ണാടകയില്‍ എംബിബിഎസിന് പ്രവേശനം നേടാം. 350-450 മാര്‍ക്കുള്ളവര്‍ നിര്‍ബന്ധമായും കര്‍ണാടകത്തിലെ ഡീംഡ്/സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റിന് അപേക്ഷിക്കണം. ഫീസ് കുറഞ്ഞത് പ്രതിവര്‍ഷം ആറു ലക്ഷമാകും. പരമാവധി 11.5 ലക്ഷംവരെയാകും. കേരളത്തിലെ അമൃത മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റിന് 600നുമേല്‍ മാര്‍ക്ക് വേണ്ടിവരും. ബിഡിഎസിന് 300നുമേല്‍ മാര്‍ക്ക് ലഭിച്ചാല്‍ അഡ്മിഷന് ലഭിക്കാന്‍ ഇടയുണ്ട്. മാനേജ്മെന്റ് സീറ്റില്‍ 400നുമേല്‍ മാര്‍ക്കിലെത്താന്‍ സാധ്യതയുണ്ട്. വെറ്ററിനറി കോഴ്സിന് 500നുമേല്‍ മാര്‍ക്കുണ്ടെങ്കില്‍ പ്രതീക്ഷിക്കാം. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ചര്‍, ഫിഷറീസ് കോഴ്സുകള്‍ക്ക് 450നുമുകളില്‍ മാര്‍ക്ക് വേണ്ടിവരും. മേല്‍സൂചിപ്പിച്ച മാര്‍ക്കുകളില്‍ 10 ശതമാനത്തോളം ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. ഇതെല്ലാം മുന്‍വര്‍ഷ അനുഭവംവച്ചുള്ള സാധ്യതകള്‍ മാത്രമാണെന്നറിയുക.
മാനേജ്മെന്റ് സീറ്റില്‍ താല്‍പ്പര്യമുള്ളവര്‍ കേന്ദ്രീകൃത കൌണ്‍സലിങ്ങിലൂടെ അപേക്ഷിക്കേണ്ടതാണ്. മാനേജ്മെന്റിന് താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വര്‍ഷം സീറ്റ് നല്കാന് സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കരുത്.
നീറ്റ് ഫലം വന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്കോര്‍ അപ്ലോഡ് ചെയ്യണം. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂരില്‍ അപേക്ഷിച്ചവര്‍ സ്കോര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ചിലപ്പോള്‍ ഡീംഡ് സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിക്കാനിടയുണ്ട്. നീറ്റിനുശേഷമുള്ള കേന്ദ്രീകൃത കൌണ്‍സലിങ് വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാന്‍ രക്ഷിതാക്കളും, വിദ്യാര്‍ഥികളും ശ്രമിക്കേണ്ടതാണ്. കോളേജുകള്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് മികച്ച ഭൌതികസൌകര്യം, ഹോസ്റ്റല്‍, യോഗ്യരായ അധ്യാപകര്‍ എന്നിവ വിലയിരുത്തണം. ക്യാപിറ്റേഷന്‍ ഫീ നിലവിലില്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സികളെ പ്രവേശനത്തിനായി ആശ്രയിക്കരുത്. എംബിബിഎസിന് പ്രവേശനം ലഭിച്ചില്ലെങ്കില്‍ സാധ്യതയുള്ള മെഡിക്കല്‍ അനുബന്ധ, കാര്‍ഷിക കോഴ്സുകള്‍ തെരഞ്ഞെടുക്കാം.