നിര്‍ബന്ധിത ബയോമെട്രിക്; സൗജന്യമായി പുതുക്കാം

തിരുഃ കുട്ടികള്‍ക്ക് അഞ്ച് വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതിനാല്‍ 5 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് സംസ്ഥാന ഐടി മിഷന് ഡയറക്ടര്‍ അറിയിച്ചു. കൃത്യസമയത്ത് ബയോമെട്രിക്ട് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്കൂള്‍/കോളജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി പുതുക്കുന്നത് മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന് (05 വയസ്)
നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത.് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ തന്നെ ആധാര്‍ എടുക്കാന്‍ ശ്രദ്ധിക്കുക.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്ഡേറ്റ് ചെയ്യല്‍
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമാണ്, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ആധാര്‍ സേവനങ്ങള്‍ എവിടെ ലഭിക്കും?
പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്
പരാതി പരിഹാരം
സിറ്റിസണ്‍ കോള്‍ സെന്റര്‍ 1800-4251-1800 (ടോള്‍ ഫ്രീ) / 04712335523 കേരള സ്റ്റേറ്റ് ഐ.ടി മിഷന് (ആധാര്‍ സെക്ഷന്‍) 0471-2525442, uidhelpdesk@kerala.gov.in.






