യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാർച്ച് 10 വരെ ആശയങ്ങൾ സമർപ്പിക്കാം

Share:

തിരുഃ  വിദ്യാർഥികളിലെ നൂതന ആശയങ്ങളെ നാടിൻറെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 10 വരെ നീട്ടി.

കോവിഡ് പ്രതിസന്ധിമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ വൈകിയതിനാൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൻറെയും ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെയും അഭ്യർഥന മാനിച്ചാണ് തിയതി നീട്ടിയത്.
എട്ടാം ക്ലാസ് മുതലുള്ള സ്‌കൂൾ വിദ്യാർഥികൾക്കും 35 വയസ്സിൽ താഴെ പ്രായമുള്ള ഗവേഷണ വിദ്യാർഥികൾ വരെയുള്ള കോളജ് വിദ്യാർഥികൾക്കും വൈഐപിയിൽ പങ്കെടുത്ത് ആശയങ്ങൾ സമർപ്പിക്കാം.

രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതൽ അഞ്ചു വരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാൻ. വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടുള്ള 20 മേഖലകളിലെ പ്രശ്നപരിഹാരങ്ങൾക്കുള്ള ആശയങ്ങളാണ് സമർപ്പിക്കേണ്ടത്.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 8000 ടീമുകൾക്ക് 25000 രൂപ വീതവും അതിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകൾക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെത്തുന്ന 900 ടീമുകൾക്ക് മൂന്നുവർഷത്തിനുള്ളിൽ ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാമ്പത്തിക സഹായവും നൽകും. കർശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലുംമികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങൾ കണ്ടെത്തുക.

വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും yip.kerala.gov.in സന്ദർശിക്കുക.

Tagsyip
Share: