ലോകറിക്കോർഡുകൾ ഹരമാക്കി , സുബ്രമണ്യം

Share:

1975 ൽ മറ്റാരും ധൈര്യപ്പെടാത്ത ഒരു കാര്യം സുബ്രമണ്യം ചിന്തിച്ചു.
അതിനായി ഇറങ്ങി പുറപ്പെടുകയും ചെയ്തു.
നാല്പത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് , ഒരു പക്ഷെ ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പസ് സിനിമ ജന്മം കൊള്ളുന്നത് കൊല്ലം ഫാത്തിമ മാത നാഷണൽകോളേജിൽ . വിദ്യാർത്ഥികൾ മാത്രം ചേർന്ന് ഒരു ഹ്രസ്വചിത്രം. ‘ദി ഗ്യാപ് ‘
കോളേജ് നോട്ടീസ് ബോർഡിൽ പരസ്യം കണ്ടാണ് സുബ്രഹ്മണ്യത്തെ പരിചയപ്പെടുന്നത്.

വിദ്യാർഥികൾ നിർമിക്കുന്ന ചലച്ചിത്രത്തിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവരെ ക്ഷണിച്ചു കൊണ്ടുള്ള തായിരുന്നു നോട്ടീസ്.
കഥ വേണം . അഭിനയിക്കാൻ ആളുകളെ വേണം.
കഥ കൊടുത്തു. അഭിനയിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞു.
പ്രൊഫ .ടി എഫ് . ജോർജ് സാറാണ് തീരുമാനിക്കേണ്ടത്.
കഥ, ‘ദി ഗാപ് ‘ എല്ലാവർക്കും ഇഷ്ടപ്പെട്ടു. തിരക്കഥയും.
പിന്നെ ഒരുമിച്ചുള്ള പ്രവർത്തന മായിരുന്നു.
പലരും കളിയാക്കി. “നടക്കാത്ത ഒരു വലിയ സ്വപ്നം”.
അതിനു വേണ്ടി പ്രവർത്തിച്ചു.
നിർമ്മാണവും സംവിധാനവും സുബ്രമണ്യം.
കഥ, തിരക്കഥ, നായകൻ. രാജൻ പി തൊടിയൂർ. സഹസംവിധാനം വേണു ബി നായർ . ഛായാഗ്രഹണം സൂര്യ കുമാർ കെ ഷാ.

ദി ഗ്യാപ് അങ്ങിനെയാണ് ആദ്യത്തെ ക്യാമ്പസ്‌ സിനിമയായി ഫാത്തിമ കോളേജിൽ ജന്മം കൊള്ളുന്നത്‌. 1976-ൽ. ‘ദി ഗ്യാപ് ‘ ഫാത്തിമ കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.
സുബ്രമണ്യത്തിൻറെ ആത്‌മവിശ്വാസമായിരുന്നു അത്. കഠിനാധ്വാനവും.

ക്യാമ്പസ് സിനിമ എന്ന പുതിയ ‘ട്രെൻഡ്’ ജന്മ്മം കൊണ്ടു .
മറ്റുള്ളവർക്കും അത് പ്രചോദനമായി. മുകേഷും കൊല്ലം വേണുവും മറ്റുംചേർന്ന് എസ് എൻ കോളേജിൽ നിന്നും സണ്ണി ജോസഫും , ഡെന്നിസ് ജോസഫും, വയലാർ മാധവൻകുട്ടിയും , ഗായത്രി അശോകനും മറ്റും ചേർന്ന് ദേവമാതാ കോളേജിൽ നിന്നും പിന്നീട് ക്യാമ്പസ് സിനിമയുണ്ടായി. ഇന്നിപ്പോൾ മൊബൈൽ ഫോണിലും സിനിമ എടുക്കത്തക്കവിധം സാങ്കേതികപുരോഗതിയുണ്ടായി. എന്നാൽ നാല് ദശാബ്ദങ്ങൾക്കുമുമ്പ് ‘മുൻപ് ക്യാമ്പസ് സിനിമ’ എന്നത് വിശ്വസിക്കാൻ പോലും ആർക്കുംകഴിയുമായിരുന്നില്ല.


കഴിഞ്ഞ ദിവസം, സംവിധായകൻ വേണു ബി നായർ ഫോണിൽ ‘ദി ഗ്യാപ്‌ ‘ എന്ന ‘ചരിത്ര സംഭവത്തെക്കുറിച്ചു’ സംസാരിച്ചു.
സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും അടുത്ത സമയത്തു കണ്ടപ്പോഴും അതേക്കുറിച്ചു സംസാരിച്ചത് വേണുവിനോട് പറഞ്ഞു.
ഫാത്തിമ കോളേജിൽ നിന്നും സിനിമയിലെത്തി ഭരതും പദ്മശ്രീയും വാങ്ങിയവരാണവർ. അവർ ഒരു ചെറിയ സംരംഭത്തെ ഇപ്പോഴും ഓർക്കുന്നു!
” എവിടെയുണ്ട് സുബ്രമണ്യം? എന്ത് ചെയ്യുന്നു?”
വേണു ഫോൺ നമ്പർ തരുന്നു.
ദശാബ്ദങ്ങൾക്ക് ശേഷം സുബ്രമണ്യവുമായി സംസാരിക്കുന്നു.
സുബ്രമണ്യം, ഇപ്പോൾ ഡോ. സുബ്രമണ്യമായിരിക്കുന്നു .
മൂന്ന് ഗിന്നസ് നേട്ടങ്ങളുടെ ഉടമയായിരിക്കുന്നു. നിരവധി വിദ്യാഭ്യാസ പദ്ധതികളിലൂടെ ലോകത്തിലെ മൂന്ന് ശതമാനം വിദ്യാഭ്യാസ പ്രതിഭകളിൽ ഒരാൾ. അതിലൊരിടത്തും ആദ്യത്തെ ക്യാമ്പസ് സിനിമയുടെ ‘ പിതാവ്’ എന്ന് രേഖപ്പെടുത്തി കണ്ടില്ല.
പക്ഷെ സുബ്രമണ്യം ഒരുപാട് വിദ്യാഭ്യാസ സിനിമകൾ എടുത്തു.
രേഖാ ചിത്രത്തിനുള്ള പുരസ്‌ക്കാരങ്ങൾ നേടിയിരിക്കുന്നു.

എപ്പോഴും വേറിട്ട് ചിന്തിക്കുന്ന ഡോ. സുബ്രമണ്യം 16 രാജ്യങ്ങളിലെ 1934 കുട്ടികളെ ഒരേ സമയം ഓൺലൈനിൽ പഠിപ്പിച്ചതിൻറെ ലോക റെക്കോർഡുമായാണ് ഗിന്നസ് ബുക്കിൽ തെളിഞ്ഞു നിൽക്കുന്നത്.
ഡോ . എ പി ജെ അബ്ദുൽ കലാമിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിഞ്ഞത് ഏറ്റവും വലിയ ബഹുമതിയായി സുബ്രമണ്യം കരുതുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച് ആൻഡ് മാനേജ്മെന്റിന്റെ ഡയറക്ടർ , ശ്രീ നെഹ്‌റു
വിദ്യാലയയുടെ പ്രിൻസിപ്പൽ, എസ് എം.എസ് കോളേജ് പ്രിൻസിപ്പൽ,നിരവധി സ്ഥാനങ്ങൾ. 72 മണിക്കൂർ നീണ്ടു നിന്ന മാരത്തോൺ ക്ലസ്സിലൂടെയാണ് സുബ്രമണ്യം ഗിന്നസ് റെക്കോർഡ്സിൽ രണ്ടാമതെത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗതകൂടിയ അനിമേറ്റർ എന്നനിലയിൽ മൂന്നാമതും ഗിന്നസ് ബുക്ക് സുബ്രമണ്യത്തിനു ഇടംനൽകി. 61 മണിക്കൂർ 35 മിനിറ്റു ക്‌ളാസ് എടുത്തതിൻറെ ദേശീയ റിക്കോർഡും ( ലിംകാ ബുക്ക് ) സുബ്രമണ്യത്തിന്റേതായുണ്ട്.

എഴുപതുകളിൽ, മൂവി ക്യാമറ എന്നത് മലയാളി വിദ്യാർഥിയുടെ സ്വപ്നത്തിൽ പോലുമില്ലാത്ത കാലത്താണ് സുബ്രമണ്യം ക്യാമ്പസ്‌ സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. സുബ്രമണ്യത്തിൻറെ അച്ഛന് സ്റ്റുഡിയോ ഉണ്ട് സ്റ്റിൽ ക്യാമറയുണ്ട്. സൂര്യകുമാർ കെ ഷാ യുടെ വീട്ടിൽ മൂവി ക്യാമറയുണ്ട്. കൊഡാക് റിവേർസ് ഫിലിം ഇറക്കുന്നുണ്ട്. ഇത്രയുമായപ്പോൾ ധൈര്യമായി .

ആദ്യത്തെ വാർത്ത സിനിരമയിൽ പ്രസിദ്ധീകരിച്ചിട്ട് , കാമ്പിശ്ശേരി ചോദിച്ചു, ” ഇത് വല്ലതും നടക്കുവോടെ?”


അഭിനയിക്കാൻ ഒരു പെണ്‍കുട്ടിയെ തേടിയപ്പോഴും അത് തന്നെയായിരുന്നു ചോദ്യം. പക്ഷെ മോളി തയ്യാറായി. മറ്റൊരു പെണ്‍ കുട്ടിയെ കിട്ടാത്തത് കൊണ്ട് ഒരു അമ്മ വേഷം വേണ്ടെന്നു വെച്ചു . തോമസ്‌ പണിക്കർ, സാം , രാജശേഖരൻ , അപ്പുക്കുട്ടൻ , ഓമനക്കുട്ടൻ, പിയേർസണ്‍ , സ്കോബിൾ ജോർജ് എന്നിവരൊക്കെ അഭിനയിച്ചു. നാല്പതു മിനിട്ടോളം വരുന്ന ‘ദി ഗ്യാ പ്‌’ അദ്ധ്യാപകർക്കും പത്രക്കാർക്കും മുന്നിൽ പ്രദർശിപ്പിച്ചു. റൊസാറിയോ അച്ചൻ അഭിനന്ദിച്ചു. പത്രങ്ങൾ എഴുതി .

ലോകറെക്കോർഡുകൾ നേടി ഉയരങ്ങളിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസ കാര്യങ്ങളിൽ എന്ത് ചെയ്യാം എന്നാണ് സുബ്രമണ്യം ചിന്തിക്കുന്നത്.
വരും തലമുറക്കായി എന്തെങ്കിലും.
വിദ്യാഭാസ രംഗത്തിന് ഓർമ്മിക്കാൻ , ഓമനിക്കാൻ….

തോപ്പിൽ ഭാസിയും അടൂർ ഗോപാലകൃഷ്ണനും കാമ്പിശ്ശേരി കരുണാകരനും തെങ്ങമം ബാലകൃഷ്ണനും അച്ചാണി രവിയും ദേവാനന്ദും ബാലചന്ദ്ര മേനോനും ഹരികുമാറും ഒക്കെ പകർന്നു തന്ന ഊർജം പിന്നെയും മുന്നോട്ടു നയിക്കുന്നു.

Share: