സിവിൽ സർവീസ് പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ 24 സിവിൽ സർവീസ് കാഡറുകളിൽ നിയമനത്തിനായി യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പ്രിലിമിനി പരീക്ഷ ജൂണ്‍ മൂന്നിനും മെയിൻ ഒക്ടോബറിലും നടക്കും.
പ്രിലിമിനറി പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുമിച്ചാണ് നടത്തുന്നത്. സിവിൽ സർവീസസ് പരീക്ഷ കേന്ദ്രസർക്കാർ പുനഃക്രമീകരിച്ചതിനുശേഷം നടത്തുന്ന അഞ്ചാമത്തെ പരീക്ഷയാണിത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉം സിവിൽ സർവീസിന്റെ കീഴിലാണ് കേന്ദ്രസർക്കാർ പെടുത്തിയിരിക്കുന്നത്. ഫോറസ്ട്രി പരീക്ഷയ്ക്കു തയാറെടുക്കുന്നവരും സിവിൽ സർവീസസ് പ്രിലിമിനറി പാസായിരിക്കണം.
പ്രായം: 21നും 32നും മധ്യേ. 2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത് . എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
അവസരങ്ങൾ : ജനറൽ-6, ഒബിസി-9, എസ്സി, എസ്ടി-പരിധികൾ ഇല്ല, വികലാംഗർ- 9.
അപേക്ഷാഫീസ്: 100 രൂപ . സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്ന വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിൽ നിന്നു ഓണ്‍ലൈനായി അപേക്ഷിക്കാം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 06 വൈകുന്നേരം ആറ് മണി .