സംസ്ഥാന വിനോദ സഞ്ചാര നയം: കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിന് മുന്‍ഗണന: ടൂറിസം മന്ത്രി

293
0
Share:

*ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും

കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്ന നയത്തിനാണ് കേരള വിനോദ സഞ്ചാര നയം 2017ല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുണപരമായ ജനകീയ ഇടപെടല്‍ വിനോദ സഞ്ചാര രംഗത്തുണ്ടാവണം. ടൂറിസം മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നതിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും.

മൂന്നു വര്‍ഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും. പ്രവാസികളുടെയും സംരംഭക തത്പരരുടെയും സഹകരണത്തോടെ വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വകുപ്പ് പുതിയതായി നിര്‍മ്മിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടക്കം പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രാപ്തമാക്കും.
ആധുനിക വിനോദ സഞ്ചാരികള്‍ പാശ്ചാത്യ സുഖഭോഗങ്ങളെക്കാള്‍ ജീവിതഗന്ധിയായ ചുറ്റുപാടുകള്‍ തേടിയാണെത്തുന്നത്. ഇവരെ ചുറ്റുപാടുകളുടെ ഭാഗമാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം നടത്തും. ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ രഹിതവും ആരോഗ്യദായകവുമായി നിലനിര്‍ത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കും. ടൂറിസം ബിസിനസ് സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ നൂറു ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ അമ്പതു ശതമാനവും വര്‍ദ്ധനവാണ് അഞ്ചു വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത്.
മറ്റു പ്രധാന സവിശേഷതകള്‍:
പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കും.
അനുഭവ ടൂറിസത്തിന് മുന്‍ഗണന.
ഹോംസ്‌റ്റേകള്‍ പ്രോത്‌സാഹിപ്പിക്കും. പുതിയ ആയിരം ക്ലാസിഫൈഡ് ഹോംസ്‌റ്റേകള്‍
ലക്ഷ്യം.
കൊച്ചി ബിനാലെയ്ക്ക് സമാനമായി പുതിയ അന്താരാഷ്ട്ര വേദികള്‍.
ജലഗതാഗത മാര്‍ഗങ്ങള്‍ ടൂറിസം വികസനത്തിന് ഉപയോഗിക്കും.
ഓണം, പൂരം, ഉത്‌സവങ്ങള്‍ എന്നിവ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രത്യേക പ്രചാരണം.
ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കും
മലയാളികളുടെ വാരാന്ത്യയാത്ര പ്രോത്‌സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.
ടൂറിസം മേഖലയില്‍ മുതല്‍മുടക്കുന്ന പ്രവാസികള്‍ക്ക് പ്രോത്‌സാഹനം. ഇവരെ സഹായിക്കാന്‍ പ്രത്യേക ഇന്‍വെസ്റ്റ്‌മെന്റ് സെല്‍.
യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രകൃതി സൗഹൃദ സാഹസിക ടൂറിസം പദ്ധതികള്‍
സഞ്ചാരികളുടെ സുരക്ഷിതത്വം ടൂറിസം കേന്ദ്രങ്ങളില്‍ ഉറപ്പാക്കും.
രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കും
കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നല്‍കും.
പുതിയ വിപണികള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ടൂറിസം ഉള്‍പ്പെടുത്തും.
ടൂറിസം ക്ലബുകള്‍ കാര്യക്ഷമമാക്കും.

Share: