താപനില ഉയരും; ജാഗ്രത പാലിക്കണം

281
0
Share:

സംസ്ഥാനത്തു മാര്‍ച്ച് 28 വരെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ പകല്‍ 11 നും മൂന്നിനും ഇടയില്‍ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക,

അയഞ്ഞ ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ മൂന്ന് മണിവരെ കുട്ടികള്‍ക്ക് നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷണര്‍ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.

ഇരുചക്ര വാഹനങ്ങളില്‍ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് (11 മണി മുതല്‍ മൂന്ന് മണി വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുകയും അവര്‍ക്കു ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണത്തിന് നിര്‍ദേശിക്കുകയും ചെയ്യണം. ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 നും മൂന്നിനും ഇടയില്‍ കുടകള്‍ ഉപയോഗിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

വേനല്‍ക്കാലത്തെ പത്ഥ്യമായ ആഹാരങ്ങള്‍

• ദഹിക്കാന്‍ എളുപ്പമുള്ളതും ശരീരത്തിന് തണുപ്പിനെ പ്രദാനം ചെയ്യുന്നതും മധുര രസമുള്ളതും ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങള്‍ കഴിക്കുക.
• മലര്‍ക്കഞ്ഞി, കഞ്ഞി അല്‍പം നെയ്യ് ചേര്‍ത്തത്, പാല്‍ക്കഞ്ഞി എന്നിവ കഴിക്കാം.
• തണ്ണിമത്തന്‍, ഓറഞ്ച്, വാഴപ്പഴം, പേരക്ക, മാമ്പഴം, ചക്ക, മുന്തിരി, വെള്ളരി, നെല്ലിക്ക തുടങ്ങിയ ദ്രവാംശം കൂടുതലുള്ളതും ധാതുലവണങ്ങളാല്‍ സംപുഷ്ടവുമായ പഴങ്ങളും, പടവലം, കോവല്‍, ചെരങ്ങ തുടങ്ങിയ പച്ചക്കറികളും ധാരാളമായി ഉപയോഗിക്കാം.
• ദാഹമില്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. സൂപ്പുകളും പഴച്ചാറുകളും ഉപയോഗിക്കാം.
• കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, നന്നാറി സര്‍ബത്ത്, നാരങ്ങാവെള്ളം, കരിമ്പിന്‍ജ്യൂസ്, സംഭാരം, തുടങ്ങിയവ നിര്‍ജലീകരണം തടയാന്‍ സഹായിക്കും.
• രാമച്ചം, ഉണക്കമുന്തിരി, നന്നാറി, കൊത്തമല്ലി, എന്നിവ ഉപയോഗിച്ചുണ്ടാക്കിയ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
• ഉറക്കകുറവിന് നേര്‍പ്പിച്ച പശുവിന്‍പാല്‍ പഞ്ചസാര ചേര്‍ത്ത് രാത്രി കിടക്കുന്നതിനുമുമ്പ് കുടിക്കാം.
• തൈരു വെള്ളം ചേര്‍ക്കാതെ കുറച്ച് ചുക്ക്, ജീരകം, കുരുമുളക്, എന്നിവ പൊടിച്ച് ചേര്‍ത്ത് പഞ്ചസാരകൂട്ടി കടഞ്ഞെടുത്ത് ഉണ്ടാക്കുന്ന രസാള വളരെ ഗുണപ്രദമാണ്.
• നാളികേരം ചിരവിയത് വെള്ളംചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് അരച്ചെടുത്ത് ശര്‍ക്കരനീരും എലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.
വേനല്‍ക്കാലത്ത് ശീലിക്കേണ്ടത്
• കട്ടികുറഞ്ഞതും അയവുള്ളതും ഇളംനിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
• കായികാധ്വാനം വേണ്ടിവരുന്ന ജോലികളില്‍ സമയക്രമം പാലിക്കുക
• പകല്‍ പുറത്തിറങ്ങുമ്പോള്‍ കൂളിംഗ് ഗ്ലാസ്, കുട, തൊപ്പി ധരിക്കുക. വെയിലത്ത്‌നിന്നു വന്നാല്‍ വിയര്‍പ്പകറ്റിയ ശേഷം കുളിക്കുക. എ.സി. ഉപയോഗിക്കുകയാണെങ്കില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നിലനിര്‍ത്തുക ( 20 0 25 0 ര )
• തണുത്തവെള്ളത്തില്‍ രണ്ടുനേരം കുളിക്കുക. നാല്‍പാമരാദി, പിണ്ഡതൈലം, ക്ഷീരബല തൈലം, ഇവ ഉപയോഗിച്ച് തേച്ചുകുളിക്കുന്നത് ശരീരത്തിന് തണുപ്പേക്കുന്നതിനും ചൂടുകുരു പോലെയുള്ള ത്വക് രോഗങ്ങളെ അകറ്റി നിര്‍ത്താനും സാധിക്കും
• മിതമായ തോതില്‍ മാത്രം വ്യായാമം ചെയ്യുക.
• കുറച്ചുനേരം പകലുറക്കം ആകാവുന്നതാണ്
• രാമച്ചം ഇട്ട് തിളപ്പിച്ചാറിയ വെള്ളംകൊണ്ട് കൂളര്‍ പ്രവര്‍ത്തിപ്പിക്കാം.
• രാമച്ച വീശറി തണുത്തവെള്ളം സ്‌പ്രേ ചെയ്ത് ഉപയോഗിക്കാം
• രാത്രി ഉറങ്ങുന്നതിനുമുമ്പ് മട്ടുപ്പാവില്‍ കാറ്റ്‌കൊണ്ട് വിശ്രമിക്കുകയോ മുറ്റത്ത് നടക്കുകയോ ചെയ്യാം
വേനല്‍ക്കാലത്ത് പാടില്ലാത്തവ
പുളി, ഉപ്പ്, എരുവ് രസമുള്ള ആഹാരപാനീയങ്ങള്‍, മദ്യത്തിന്റെ ഉപയോഗം, ഫാസ്റ്റ് ഫുഡ്, വറുത്ത് പൊരിച്ചതുമായ ആഹാര സാധനങ്ങള്‍, മസാലചേര്‍ത്ത ആഹാരങ്ങള്‍, അച്ചാര്‍, ബേക്കറി പലഹാരങ്ങള്‍ ശീതീകരിച്ച ആഹാരസാധനങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, ചായ, കാപ്പി, പൊറോട്ട, ബ്രെഡ്, മൈദവിഭവങ്ങള്‍ എന്നിവ ഒഴിവാക്കണം.

Share: