ആയിരം ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
കേരള സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളജുകളിലും വിവിധ സർവകലാശാല പഠന വിഭാഗങ്ങളിലും ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിലും ഒന്നാം വർഷ ബിരുദ വിദ്യാർഥികളിൽനിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തിൽ ഈ അധ്യയന വർഷം ആയിരം പേർക്ക് സ്കോളർഷിപ് ലഭിക്കും. പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
സ്കോളർഷിപ്പ് തുക ബിരുദ പഠനത്തിന് ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങൾ യഥാക്രമം 12,000, 18,000, 24,000 രൂപ. ബിരുദാനന്തര ബിരുദതലത്തിൽ തുടർ പഠനത്തിന് ഒന്നാം വർഷം – 40,000 രൂപ, രണ്ടാം വർഷം – 60,000 രൂപയും ലഭിക്കും.
പൊതുവിഭാഗത്തിന് 50 ശതമാനം സ്കോളർഷിപ്പുകൾ നീക്കിവച്ചിരിക്കുന്നു. ഓരോ സർവകലാശാലകളിലും, ഓരോ സ്ട്രീമിലും അനുവദിച്ചിട്ടുള്ള ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.
ഫീസ് ആനുകൂല്യം ഒഴികെ മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പുകളോ സ്റ്റൈപ്പന്റുകളോ കൈപ്പറ്റുന്ന വിദ്യാർഥികൾ ഈ സ്കോളർഷിപ്പിന് അർഹരല്ല.
പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്. സയൻസ് ആൻഡ് ബിസിനസ് സ്റ്റഡീസ് വിഷയങ്ങൾക്ക് 75 ശതമാനവും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനവും മാർക്ക് നേടിയിരിക്കണം.
സംവരണവിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും വിദ്യാർഥികൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19.
ഈ വർഷം സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് നൽകുന്നത് അക്കാഡമിക് മികവ് വിലയിരുത്തിയായിരിക്കും.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്സൈറ്റ് ആയ www.kshec.kerala.gov.in ൽ Scholarship/Higher Education Scholarship എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡിസംബർ 16 വരെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം.