നദികൾ ഇല്ലാതാകുമ്പോൾ
ആനന്ദ്
മനുഷ്യജീവിതം എന്നപോലെ, വിശാലമായ പ്രകൃതിയും വൈവിധ്യങ്ങളുടെ കലവറയാണ്. സ്ഥലവും സന്ദര്‍ഭവുമായി ബന്ധിച്ചുവേണം വസ്തുതകളെയും സംഭവങ്ങളെയും മനസ്സിലാക്കുക. ശാസ്ത്രീയവും യുക്തിയുക്തവുമായ വിശകലനം അതിനെ പിന്തുടരണം. പോരായ്മകള്‍ പിന്നെയും വന്നേക്കാം. പക്ഷേ, അതാണ് ആരോഗ്യകരമായ രീതി. പോരായ്മകള്‍ സ്വീകരിക്കാനും തിരുത്താനുമുള്ള ഇടം ശാസ്ത്രീയസമീപനത്തില്‍ എപ്പോഴുമുണ്ട്.
മറിച്ച്, സാമാന്യവത്കരിക്കപ്പെട്ട വീക്ഷണവും ആധികാരിക നിലപാടും മൗലികവാദത്തിലേക്ക് നയിക്കുന്നു. ധാരണകള്‍ ജനപ്രിയത നേടുകകൂടി ചെയ്യുമ്പോള്‍ എല്ലാം വിശ്വാസങ്ങളായിത്തീരുന്നു. പ്രയോക്താക്കളെന്നപോലെ പൊതുജനവും സ്വയം നിര്‍മിതമായ കൂടുകളില്‍ അടയ്ക്കപ്പെടുന്നു. ലേബലിങ്‌വഴി ആശയവിനിമയത്തിന് വഴിമുടക്കപ്പെടുകയാണ് ഒരു ദുരന്തം. വേറൊന്ന് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ തമസ്‌കരിക്കപ്പെടുകയും അപകടകാരണങ്ങള്‍ പലതും പിന്‍വാതിലിലൂടെ രക്ഷപ്പെടുകയും.
“നദികള്‍ ഒട്ടും സ്പര്‍ശിക്കാനരുതാത്ത പ്രതിഭാസങ്ങളാണെന്ന ധാരണ ശരിയല്ല. ആദികാലംതൊട്ട് മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടിരുന്നു. എല്ലാ ഇടപെടലുകളും ശരിയല്ല എന്നപോലെ എല്ലാം തെറ്റുമല്ല. ഇടപെടലുകള്‍ സന്തുലിതമാക്കുവാനുള്ള ശ്രമത്തിലാണ് നാം”
നദികളെയും ജലത്തെയും കുറിച്ചുള്ള ചില സമകാലീന വിവാദങ്ങളാണ് ഇത്രയും പറയാന്‍ കാരണം. നദികള്‍ മരിക്കുന്നു, ജലം ദുര്‍ലഭമാകുന്നു എന്നൊക്കെ വൈകാരികമായി വിളിച്ചുപറയുമ്പോള്‍ നാം, നമ്മള്‍ സ്വയം കാരണക്കാരായ സുപ്രധാനമായ വസ്തുതകളെ സ്പര്‍ശിക്കാന്‍ മടിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടില്‍ ജലത്തിന്റെ ഉപഭോക്താക്കളുടെ സംഖ്യ മൂന്നോ നാലോ മടങ്ങായി. മാറുന്ന ജീവിതശൈലികാരണം ആളോഹരി ഉപഭോഗം ഗണ്യമായി വര്‍ധിച്ചു. ഭക്ഷ്യോത്പാദനത്തിന്റെ ആവശ്യം ഏറിയതുകാരണം വലിയ ഒരളവ് ജലം ജലസേചനത്തിനായി തിരിച്ചുവിടേണ്ടിവന്നു. പൊതുസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിങ്ങനെ പുതിയ ഉപഭോക്താക്കള്‍ രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ജലമാകട്ടെ, മുമ്പുണ്ടായിരുന്ന മാത്രയില്‍ത്തന്നെ. ഉപരിതല ശേഖരണം എതിര്‍പ്പുകള്‍ നേരിടുമ്പോള്‍ ഭൂഗര്‍ഭശേഖരണത്തെ സഹായിക്കുന്ന ഘടകങ്ങള്‍ നാംതന്നെ ഇല്ലാതാക്കുന്നു. കൃഷിഭൂമിയും വനഭൂമിയും ജനസംഖ്യാസമ്മര്‍ദംമൂലം നഷ്ടമാകുന്നു. തിരിച്ചുപോക്കില്ലാത്തതും ഒഴിവാക്കാനരുതാത്തതുമാണ് പലതും. നിയന്ത്രിക്കാന്‍ സഹായിക്കുന്ന ജീവിതശൈലീമാറ്റത്തിന് നാമാരും തയ്യാറുമല്ല. നദികളെന്നല്ല, ഭൂമിതന്നെയും ക്രമാതീതമായി പെരുകുന്ന മനുഷ്യരെ പോറ്റാമെന്ന് ഏറ്റിട്ടില്ലല്ലോ. ഈ അവസ്ഥയില്‍ പ്രായോഗികവും സന്തുലിതവുമായ ഒരു മധ്യമാര്‍ഗം ആരായുവാനുള്ള ശ്രമമാണ് നടക്കേണ്ടത്. പകരം താരതമ്യേന ചെറിയ ഘടകങ്ങളെ ഉന്നംവെച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ ചുഴിയില്‍ നാം പെട്ടുപോകുന്നു. ഭൂകമ്പംവരെ നദികളിലെ മണല്‍വാരലുമായി ബന്ധിച്ച് കാണിക്കപ്പെടുന്നു. പാറ, മണല്‍ ഖനനത്തെ അപലപിക്കുമ്പോള്‍ ഈ സാമഗ്രികള്‍ ആവശ്യമാക്കുന്ന നിര്‍മാണപ്രക്രിയയില്‍ നമ്മളെല്ലാവരും വ്യക്തിപരമായിത്തന്നെ പങ്കെടുക്കുന്നു. Tragedy of commons എന്ന് പറയാം.
“പ്രായോഗികവും സന്തുലിതവുമായ ഒരു മധ്യമാര്‍ഗം ആരായുവാനുള്ള ശ്രമമാണ് നടക്കേണ്ടത്. പകരം താരതമ്യേന ചെറിയ ഘടകങ്ങളെ ഉന്നംവെച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ ചുഴിയില്‍ നാം പെട്ടുപോകുന്നു. ഭൂകമ്പംവരെ നദികളിലെ മണല്‍വാരലുമായി ബന്ധിച്ച് കാണിക്കപ്പെടുന്നു. പാറ, മണല്‍ ഖനനത്തെ അപലപിക്കുമ്പോള്‍ ഈ സാമഗ്രികള്‍ ആവശ്യമാക്കുന്ന നിര്‍മാണപ്രക്രിയയില്‍ നമ്മളെല്ലാവരും വ്യക്തിപരമായിത്തന്നെ പങ്കെടുക്കുന്നു. Tragedy of commons എന്ന് പറയാം.”
നദികളിലേക്ക് വരാം. നദികളുടെ hydraulics പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. വൃഷ്ടിപാതം, കാച്ച്‌മെന്റിലെ മണ്ണൊലിപ്പ്, പാതയുടെ gradient ഉം വീതിയും തടസ്സങ്ങളും മാനുഷികമായ ഇടപെടലുകളും ഇങ്ങനെയിങ്ങനെ. വ്യത്യസ്തനദികളില്‍ വ്യത്യസ്ത രീതികളെന്നപോലെ, ഒരു നദിയില്‍ത്തന്നെ പലയിടത്തും അത് പലസ്വഭാവം കൈക്കൊള്ളാം. ജലം മാത്രമല്ല, മണലും മണ്ണും കൂടിയാണ് നദികള്‍ വഹിക്കുന്നത്. മണലും മണ്ണും കടല്‍വരെ പോകാതെ പലപ്പോഴും മാര്‍ഗത്തില്‍ പലയിടത്തും നിക്ഷേപിക്കപ്പെടുന്നു. ചിലപ്പോള്‍ പ്രവാഹം അടിത്തട്ടിനെ കാര്‍ന്ന് കൊണ്ടുപോകുന്നു (Degradation). ചിലപ്പോള്‍ മണല്‍ നിക്ഷേപിച്ച് അടിത്തട്ടിനെ ഉയര്‍ത്തുന്നു (Aggradation). ചിലപ്പോള്‍ ഒരു തീരത്തെ ഉയര്‍ത്തുകയും മറ്റേതിനെ കാര്‍ന്നെടുക്കുകയും ചെയ്യുന്നു.
ഇങ്ങനെ വരുമ്പോള്‍ വ്യത്യസ്തനദികള്‍ വ്യത്യസ്ത ശ്രദ്ധ ആവശ്യപ്പെടുന്നതായി കാണാം. ഒരു നദിയില്‍ത്തന്നെ വിവിധ മേഖലകള്‍, വിവിധ സമീപനവും. ഉത്തരേന്ത്യയില്‍ ഗംഗയുടെ ചില പോഷകനദികളുടെ അടിത്തട്ട് തീരങ്ങളോളം ഉയരുന്ന അവസ്ഥയുണ്ട്. വര്‍ഷകാലത്ത് കരകവിഞ്ഞ് അവ വ്യാപകമായ കെടുതികള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഡ്രെഡ്ജിങ് ആവശ്യമായി വരും. വെള്ളമിറങ്ങുമ്പോള്‍ cunnette കള്‍ (ചാലുകള്‍) വെട്ടി നീരൊഴുക്ക് വേണ്ടവഴിക്ക് തിരിച്ചുവിടുകയും. തീരപ്രദേശങ്ങളെ സംരക്ഷിക്കുവാനായി നദിയിലേക്ക് തള്ളിനില്‍ക്കുന്ന തിണ്ടുകള്‍ പണിയും. River Training Works ന് പരീക്ഷണങ്ങളും മോഡല്‍ സ്റ്റഡികളും നടത്തുക പതിവുണ്ട്.
ഇത്രയും പറഞ്ഞത് നദികള്‍ ഒട്ടും സ്പര്‍ശിക്കാനരുതാത്ത പ്രതിഭാസങ്ങളാണെന്ന ധാരണ ശരിയല്ലെന്ന് കാണിക്കുവാനാണ്. ആദികാലംതൊട്ട് മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടിരുന്നു. എല്ലാ ഇടപെടലുകളും ശരിയല്ല എന്നപോലെ എല്ലാം തെറ്റുമല്ല. ഇടപെടലുകള്‍ സന്തുലിതമാക്കുവാനുള്ള ശ്രമത്തിലാണ് നാം. അമിതമായ ഇടപെടലുകള്‍ ഒഴിവാക്കണമെന്നപോലെ ആവശ്യമായവ വേണംതാനും. കാരണം മനുഷ്യന്‍ പ്രകൃതിയും നദികളുമൊത്ത് സഹവസിക്കുന്നു. പരസ്പരം കൊണ്ടും കൊടുത്തും. നമുക്കാവശ്യമായ ജലം മാത്രമല്ല, മണലും ചെളിയും വളവും നദികള്‍ എത്തിക്കുന്നു. വെള്ളത്തില്‍ പൊന്തിവരുന്ന മരത്തടികള്‍ പെറുക്കിയെടുത്ത് ഉപജീവനം തേടുന്നവരെ കാണാം ബ്രഹ്മപുത്രയില്‍.
നദികളില്‍നിന്ന് മണലെടുക്കുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു പാതകംപോലെ ഞെട്ടേണ്ടതില്ലെന്ന് സാരം. Degradation സംഭവിക്കുന്ന നദികളില്‍ അത് അപകടകരമാണ്, തീര്‍ച്ച. Aggradation ഉള്ളിടത്ത് പലപ്പോഴും ആവശ്യമാണ്. ഭാരതപ്പുഴയുടെ ചില മേഖലകള്‍ ഈ വിഭാഗത്തില്‍പ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്. വിശേഷിച്ചും അവിടവിടെ ഉയര്‍ന്നുവന്നിരിക്കുന്ന വലിയ തിട്ടകള്‍. ഇവയെ ഭാവനാത്മകമായി ഉദാത്തവത്കരിക്കുന്ന ഒരു പ്രവണതയുണ്ട്; നദിയുടെ ഹൃദയമായും കരളായും ഉപമിച്ചുകൊണ്ട്. വസ്തുതകളെ കൂടുതല്‍ സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുമ്പോഴായിരിക്കും കവിത അതിന്റെ ധര്‍മം നിവേറ്റുക; അവയില്‍നിന്ന് അകന്നുപോകുമ്പോഴല്ല.
വിവാദം ഉണ്ടാക്കുകയല്ല, വിവാദങ്ങള്‍ തമസ്‌കരിക്കുന്ന യാഥാര്‍ഥ്യങ്ങളെയും വസ്തുതകളെയും കണ്ടെത്തുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വികസന/സംരക്ഷണ പ്രശ്‌നത്തിലേക്ക് കടക്കാതെതന്നെ പറയാം, നദികളില്‍നിന്ന് മണലെടുക്കുന്നതിനെപ്പറ്റി മെട്രോ അഡ്‌വൈസര്‍ ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണനയര്‍ഹിക്കുന്നുവെന്ന്. എവിടെനിന്ന്, എത്രത്തോളം, ഏതുവിധത്തിലാണെന്ന് ശാസ്ത്രീയമായി തീരുമാനിക്കാന്‍ സര്‍വേയും പഠനവും ആവശ്യമായേക്കാം. അത് ചെയ്യാവുന്നതേയുള്ളൂ.
ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി തുറന്ന മനസ്സോടെയുള്ള സമീപനമാണ് ആവശ്യം. തുറന്നതും സുതാര്യവുമായ നയം അഴിമതിയും കരിഞ്ചന്തയും അനാശാസ്യമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കും. ഫലം നദികള്‍ക്കും നദികളെ ആശ്രയിക്കുന്ന മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഗുണകരമാവുകയും ചെയ്യും. കാരണം ഒരു തുറന്ന സമീപനത്തിന്റെ അഭാവത്തില്‍ മോഷണമാണ് നടക്കുക. അതാകട്ടെ അരുതാത്തയിടങ്ങളില്‍ നിന്നാണ് അധികവും ഉണ്ടാകുക.