പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം
തിരുഃ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, സംരംഭകരായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരും, 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിയ്ക്കണം ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ അനുവദിക്കുന്നത്. വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡിയായും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകർക്ക് ആദ്യത്തെ നാലു വർഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോർക്ക റൂട്ട്സ് അനുവദിക്കുന്നതാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക. 3,50 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അഞ്ചു ലക്ഷം രൂപയും, 10 ലക്ഷം വരുമാനമുള്ളവർക്ക് 10 ലക്ഷം രൂപയും, 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക. കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക്, വായ്പയുടെ പലിശനിരക്ക് നാല് ശതമാനം മുതൽ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് അഞ്ചു വർഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതും നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കുകയും വേണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങൾ ഹാജരാക്കണം. നോർക്ക റൂട്ട്സിന്റെ പരിശോധനക്കു ശേഷമായിരിക്കും വായ്പക്കായി പരിഗണിക്കുക.