ബജറ്റ് പ്രവാസികളെ കൈവെടിഞ്ഞു?
കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമാണ് പ്രവാസികൾ. ഒന്നര ലക്ഷം കോടി രൂപ പ്രതിവർഷം വിദേശനാണ്യമായി കേരളത്തിലേക്കയക്കുന്ന പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ ? ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.
മുംതാസ് രഹാസ് : കേന്ദ്ര -സംസ്ഥാന ബജറ്റുകളിൽ ഇന്ത്യയിലെ മൂന്നു കോടിയിലധികം വരുന്ന പ്രവാസികളെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന് പരക്കെ പറയുന്നുണ്ട്. എന്താണഭിപ്രായം ?
രാജൻ പി തൊടിയൂർ: ഇക്കഴിഞ്ഞ സംസ്ഥാന – കേന്ദ്ര ബജറ്റുകൾ പ്രവാസികൾക്ക് ഒട്ടും ആശ്വാസം പകരുന്നതല്ല എന്നതാണ് സത്യം. രാജ്യത്തിൻറെ പുരോഗതിയിൽ ഏറ്റവുമധികം സംഭാവന നൽകുന്ന ജനവിഭാഗമാണ് പ്രവാസി സമൂഹം എന്നത് മാറിമാറി വരുന്ന സർക്കാരുകൾ സമ്മതിക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത് 80 ബില്യൺ ഡോളർ ആണ്. അതായതു ആറു ലക്ഷം കോടി രൂപ. ലോക ബാങ്ക് നൽകിയ കണക്കാണിത്. കേരളത്തിലേക്ക് പ്രവാസികൾ അയച്ചത് ഒന്നര ലക്ഷം കോടി രൂപയുടെ വിദേശ നാണ്യമാണ്. കയറ്റുമതിയിലൂടെ രാജ്യത്ത് കൊണ്ടുവരുന്ന വിദേശപണത്തിൻറെ അഞ്ചു ശതമാനം ഇൻസെന്റീവ് നൽകുന്ന എസ് ഇ ഐ എസ് ( Service Exports from India ) സ്കീം നിലവിലുള്ള രാജ്യമാണ് നമ്മുടേത്. അങ്ങിനെ നോക്കുമ്പോൾ ഒന്നര ലക്ഷം കോടി രൂപയുടെ വിദേശനാണ്യം കേരളത്തിലെത്തിക്കുന്ന പ്രവാസികളുടെ ക്ഷേമ പ്രവർത്തങ്ങൾക്കായി 7500 കോടി രൂപ പ്രതിവർഷം വിനിയോഗിക്കാവുന്നതാണ്. അര നൂറ്റാണ്ട് കാലത്തിലേറെയായി വിദേശ ജോലിക്കു പോകുന്ന മലയാളികൾക്ക് തിരിച്ചുകിട്ടേണ്ട 50,000 കോടിയോളം രൂപ ഇമ്മിഗ്രേഷൻ വകുപ്പിലുണ്ട്. ജീവിതത്തിൻറെ നല്ലകാലം വിദേശത്തു കളഞ്ഞു നാട്ടിൽ തിരിച്ചെത്തിയ , കഷ്ടപ്പെടുന്ന പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കാതെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പണം നൽകുമെന്ന് പറയുന്നതിൽ യാതൊരർത്ഥവുമില്ല.
മുംതാസ് രഹാസ് : പ്രവാസികൾക്ക് ആശ്വാസമായി, സാന്ത്വനം പദ്ധതി 25 കോടി ബജറ്റില് വകയിരുത്തി. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി അനുവദിച്ചു ബജറ്റില് പ്രഖ്യാപിച്ചു. ഇതൊക്കെ നല്ല കാര്യങ്ങളല്ലേ?
രാജൻ പി തൊടിയൂർ: തീർച്ചയായും. പക്ഷെ , കേരളത്തിൽ നിന്ന് മുപ്പതു ലക്ഷം പ്രവാസികൾ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നു. അതിൻറെ ഇരട്ടിയിലേറെപ്പേർ മടങ്ങിവന്നവരായുണ്ട്. അവരുടെ പുനരധിവാസത്തിനായി എന്ത് പദ്ധതിയാണിവിടെ നടപ്പാക്കുന്നത്. മടങ്ങിവന്നവർക്കുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിച്ചിട്ട് വർഷങ്ങളാകുന്നു. എത്രപേർക്ക് സഹായം ലഭിച്ചു? പത്തനാപുരത്തു ഒരു രക്തസാക്ഷിയുണ്ടായി. സുഗതൻ. സ്വയം തൊഴിൽ പദ്ധതി ആരംഭിക്കാനാകാതെ ആത്മഹത്യ ചെയ്തു. ഒരു ബാങ്കും പ്രവാസിക്ക് പണം കൊടുക്കുന്നില്ല. ഉദ്യോഗസ്ഥർ അനുഭാവപൂർവം പെരുമാറുന്നില്ല. ഇതേക്കുറിച്ചൊക്കെ അന്വേഷിക്കാൻ ആരും മെനക്കെടുന്നില്ല. പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ശ്രദ്ധിക്കുന്നില്ല എന്നുവേണം കരുതാൻ.
മുംതാസ് രഹാസ് : വിദേശത്തു നിന്നും മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചെലവ് നോർക്ക വഹിക്കും. ഇതും പ്രവാസികൾക്ക് ഏറെ സഹായകരമാകുകയില്ലേ?
രാജൻ പി തൊടിയൂർ: എല്ലാ രാജ്യത്തിനും അവരവരുടേതായ തൊഴിൽ നിയമങ്ങളുണ്ട്. വിദേശത്തു ജോലിചെയ്യുന്ന ഒരാൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമക്കാണ്. അല്ലെങ്കിൽ അതാത് രാജ്യത്തിനാണ്. അത് ശരിയായി നടപ്പിലാക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കണം. കുടുംബ ശ്രീക്കായി ആയിരം കോടി അനുവദിച്ച സർക്കാർ തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 15 കോടി രൂപയും വികസന പദ്ധതികൾക്ക് ഒന്പത് കോടി രൂപയും അനുവദിച്ചതിൽ നിന്ന് പ്രവാസികളോടുള്ള അവഗണന വ്യക്തമാണ്. പുനരധിവാസത്തിനുള്ള പ്രഖ്യാപനം അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ പരിഗണനയില്ല. വർഷങ്ങളായുള്ള ആവശ്യമായ വിമാന ടിക്കറ്റു നിരക്കിളവിനെ കുറിച്ചു സൂചന പോലുമില്ലാത്തതാണ് കേന്ദ്ര ബജറ്റ് . കേന്ദ്ര സർക്കാർ പ്രവാസികളെ പൂർണ്ണമായും കൈവെടിഞ്ഞു എന്നുതന്നെ പറയാം.ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലെ നല്ലൊരു പങ്ക് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടേതാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വിനിമയം നിർണയിക്കപ്പെടുന്ന ബജറ്റിൽ ഇക്കുറിയും അവർക്കു വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി.
മുംതാസ് രഹാസ് : പ്രവാസികൾ വലിയ തോതിൽ മടങ്ങി വരുന്നു. എന്തുകൊണ്ടാണ് ?
രാജൻ പി തൊടിയൂർ: ഓരോ രാജ്യവും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. അമേരിക്കയിൽ പോലും വിദേശികളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിനുള്ള നിലപാട് ശക്തമായിരിക്കുകയാണ്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഗൾഫ് നാടുകളിൽ ഇത് അതിലേറെ ശക്തമാണ്. കഴിഞ്ഞ കുറെ വർഷമായി വിദേശികളുടെ എണ്ണം കുറക്കാൻ പലവിധ മാർഗങ്ങളാണ് ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വിദേശികൾ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണവും ഗണ്യമായി കുറയുമെന്നാണ് ലോക ബാങ്കിൻറെ വിലയിരുത്തൽ. അതിന്റെ സൂചനകൾ കണ്ടുതുടങ്ങി. സൗദിയിൽ നിലവിൽ 90 ലക്ഷം വിദേശികളാണുള്ളത്. അതിൽ മൂന്നിലൊന്ന് ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശിവൽക്കരണ പദ്ധതികളുടെ ഭാഗമായി വിദേശികളുടെ എണ്ണം കുറയാനും തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതു സൗദിയുടെ മാത്രം കഥയല്ല. മറ്റു ഗൾഫ് രാജ്യങ്ങളും ഇത്തരം നിലപാടുകൾ കടുപ്പിക്കുകയും വിദേശികളുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമത്തിലുമാണ്. ഇങ്ങനെ പലവിധ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുകയും അവർ അയക്കുന്ന പണത്തിൽ കുറവ് കാണിക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വർഷം വിദേശ ഇന്ത്യക്കാരുടെ റമിറ്റൻസിൽ അഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം അതിലും കൂടാനുള്ള സാധ്യതയാണ്. ഇത്തരമൊരു ഘട്ടത്തിലായിരുന്നു കേന്ദ്ര ബജറ്റ് അവതരണം. ഈ സാഹചര്യം മനസ്സിലാക്കി പ്രവാസികൾക്ക് സഹായകമായ നിലപാടുകൾ ബജറ്റിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷ അസ്ഥാനത്തായിരുന്നുവെന്ന് ബജറ്റിന്റെ വിശദാംശങ്ങൾ തെളിയിക്കുന്നു.
വിദേശ രാജ്യങ്ങളുടെ സന്ദർശനത്തിൽ റെക്കോർഡിടുകയും എവിടെയെത്തിയാലും അവിടെയുള്ള ഇന്ത്യക്കാരുടെ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യാനും മടിക്കാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലെന്നുവരെ പ്രവാസികളെ വിശേഷിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ മാസം പ്രവാസി ഭാരതീയ ദിവസ് ആഘോഷമായി തന്നെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമ്മേളനത്തിൽ ഒട്ടേറെ നിർദേശങ്ങൾ പ്രവാസികൾ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പ്രവാസികൾക്ക് ബജറ്റ് നിർദേശങ്ങളിൽ പരിഗണനയുണ്ടാകുമെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാൽ പ്രവാസികളെക്കുറിച്ച് ഒരു പരാമർശവും ബജറ്റിൽ ഇല്ലാതെ പോയത് കടുത്ത നിരാശയാണ് സമ്മാനിച്ചത്.
മുംതാസ് രഹാസ് : പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതികൾ എന്തൊക്കെയാണ്?
രാജൻ പി തൊടിയൂർ: പ്രവാസികൾ തൊഴിൽ നഷ്ട ഭീഷണി നേരിടുമ്പോൾ അവരുടെ തൊഴിൽ വൈദഗ്ധ്യം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ പ്രയോജനകരമാക്കി മാറ്റാനുള്ള നടപടികളാണ് വേണ്ടത്. അതായത് പുനരധിവാസം മുൻനിർത്തിയുള്ള പദ്ധതികൾ. വൈദഗ്ധ്യത്തോടൊപ്പം അവരുടെ നിക്ഷേപങ്ങളും ഇതിനായി പ്രയോജനപ്പെടുത്താനുള്ള സമീപനമുണ്ടായിരുന്നുവെങ്കിൽ അത് രാജ്യത്തിന് പൊതുവെയും പ്രവാസികൾക്ക് പ്രത്യേകിച്ചും ഗുണകരമായി മാറുമെന്നതിൽ സംശയം വേണ്ട. എന്നാൽ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല. ഇത്രയും കാലം രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുക്കുന്നതിൽ പങ്കുവഹിച്ചവരെന്ന പരിഗണനയൊന്നും പ്രവാസികൾക്ക് ലഭിക്കുന്നില്ല. നവകേരള നിർമ്മിതിയിൽ, പ്രവാസികൾക്ക് സജീവ പ്രധിനിധ്യം നൽകണം.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അവർ പണിയെടുക്കുന്ന രാജ്യങ്ങളിലെ വികസന പ്രക്രിയയിൽ നിർണായക പങ്കാണ് വർഷങ്ങളായി വഹിച്ചു വരുന്നത്. അവരുടെ അനുഭവ സമ്പത്തും അവരുടെ നിക്ഷേപവും അവരുടെ ബിസിനസ് ബന്ധങ്ങളുമെല്ലാം പ്രയോജനപ്പെടുത്തുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അതു പ്രവാസികൾക്കു മാത്രമല്ല, രാജ്യത്തിനു തന്നെ മുതൽകൂട്ടാവുമെന്നതിൽ സംശയമില്ല. അത്തരം കാഴ്ചപ്പാടുള്ള രാഷ്ട്രീയ ഇഛാശക്തിയുള്ള നേതാക്കൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. അപ്പോൾ മത്രമായിരിക്കും പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന എവിടെയും ലഭിക്കുക.
www.careermagazine.in