പ്രവാസി മലയാളികൾ നേരിടുന്ന നിയമ പ്രശ്നങ്ങൾ
‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.
പ്രവാസി സമൂഹം നേരിടുന്ന വിവിധ നിയമ പ്രശ്നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരനിർദ്ദേശങ്ങളുമാണ് കേരള പ്രവാസിവെൽഫേർ അസോയിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രാജൻ പി തൊടിയൂരുമായി ചർച്ച ചെയ്യുന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എ ജി ലോ ഫേർമിൻറെ ( SAG Law Firm ) ഇന്ത്യൻ പ്രതിനിധിയായി ( Operational Head – India ) നിയമിതനായ രാജൻ പി തൊടിയൂർ , പ്രവാസികൾക്ക് എങ്ങനെ നിയമ പരമായ ആനുകൂല്യങ്ങൾ നേടിയെടുക്കാം എന്ന് വിശദമാക്കുന്നു.
മുംതാസ് രഹാസ്: പ്രവാസി മലയാളികൾ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് പരിഹാരം അതാതു രാജ്യങ്ങളിൽ തന്നെയുണ്ടെങ്കിലും നിയമപരമായ അഞ്ജത മൂലം അധികം പേർക്കും അതിൻറെ പ്രയോജനം ലഭിക്കുന്നില്ല. എന്താണൊരു പരിഹാരം ?
രാജൻ പി തൊടിയൂർ: പല രാജ്യങ്ങളിലും ശക്തമായ തൊഴിൽ നിയമങ്ങളുണ്ടെങ്കിലും അതേക്കുറിച്ചുള്ള അജ്ഞതമൂലം പ്രവാസികൾക്ക് അവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വീസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശന്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകൾ ധാരാളമാണ് . ഇക്കാര്യത്തിൽ പുതുതായി ജോലിക്കുപോവുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ നമ്മുടെ സർക്കാരിന് കീഴിൽ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. അതുപോലെ തന്നെ ജോലി പൂർത്തിയാക്കി മടങ്ങി വരുന്നവർക്കുള്ള ആനുകൂല്യങ്ങൾ എല്ലാ രാജ്യങ്ങളും തൊഴിൽ നിയമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പലപ്പോഴും കുറെ കടലാസുകളിൽ ഒപ്പിടുവിച്ചു വിസ ക്യാൻസൽ ചെയ്തു വിമാനത്തിൽ കയറ്റിവിടുകയാണ് ഇന്ത്യക്കാരോട് ചെയ്യുന്നത്. വിശേഷിച്ചു മലയാളികളോട്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് കേസുകളാണ് എങ്ങും എത്താതെ നിൽക്കുന്നത്. അത്തരക്കാരെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് എസ് എ ജി ഗ്ലോബൽ ലോ ഫെർമിൻറെ ഇന്ത്യയിലേക്കുള്ള വരവ്.
മുംതാസ് രഹാസ്: ചതിക്കുഴികളിൽ നിന്ന് രക്ഷ നേടാൻ എന്താണ് വിദേശത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ടത്?
രാജൻ പി തൊടിയൂർ: വിദേശ ജോലിക്കായി യാത്രതിരിക്കുന്നതിനുമുൻപും, കരാറിൽ ഒപ്പിടുന്നതിനു മുൻപും ജോലിയുടെ സ്വഭാവം, കരാറിലെ വ്യവസ്ഥകൾ തുടങ്ങിയവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ജോലി ചെയ്യുന്ന രാജ്യത്തെ തൊഴിൽ നിയമങ്ങളും മനസ്സിലാക്കിയിരിക്കണം. തൊഴിൽ രംഗത്ത് നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങൾ, നേരിടാനുള്ള വഴികൾ, ആവശ്യമായ പരിശീലനങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഓറിയന്േറഷൻ നൽകാൻ നോർക്കയ്ക്കു കീഴിൽ സംവിധാനം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
മുംതാസ് രഹാസ്: രോഗം വന്നും അപകടങ്ങളിൽ പെട്ടും വെറും കയ്യോടെ മടങ്ങി വരുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരത്തിലുള്ളവർക്കു എന്ത് സഹായമാണ് നൽകാൻ കഴിയുക ?
രാജൻ പി തൊടിയൂർ: ആശുപത്രികളിൽ മരിച്ച കേസുകളിൽ ചികിൽസാ ചെലവ് നൽകാൻ കന്പനികൾ തയാറാവാതിരിക്കുകയും ബന്ധുക്കൾക്ക് അതിന് ശേഷിയില്ലാതിരിക്കുകയും ചെയ്യുന്നതു മൂലം മൃതദേഹം വിട്ടുകിട്ടാൻ കാലതാമസം നേരിടുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം കേസുകളിൽ ചെലവ് വഹിക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. മടങ്ങിവന്നാൽപോലും ഇത് നേടിയെടുക്കാൻ കഴിയുന്ന നിയമ സംവിധാനം മിക്ക രാജ്യങ്ങളിലും ഉണ്ട്. ഇത്തരം സാഹചര്യത്തിൽ എസ് എ ജി ഗ്ലോബൽ ലോ ഫെർമിൻറെ സഹായം തേടാവുന്നതാണ്.
മുംതാസ് രഹാസ്: ആയുർവേദ മരുന്നുകൾ കൈവശം വച്ചതിന് മയക്കുമരുന്ന് നിയമങ്ങളിൽ കുടുങ്ങി വിദേശരാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്നവർ ധാരാളമായുണ്ട്. എന്താണൊരു പരിഹാരം ?
രാജൻ പി തൊടിയൂർ: ശരിയാണ്.ആയുർവേദ മരുന്നുകൾ കൈവശം വച്ചതിന് മയക്കുമരുന്ന് നിയമങ്ങളിൽ കുടുങ്ങി വിദേശരാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്നവരും വൻതുക പിഴയൊടുക്കേണ്ടിവരുന്നവരും ധാരാളമായുണ്ട് . കേരളത്തിന്റെ അഭിമാനമായ ആയുർവേദ മരുന്നുകൾക്ക് ഇവിടങ്ങളിൽ അംഗീകാരം നേടിയെടുക്കാൻ ഫലപ്രദമായ നടപടി ഉണ്ടാകണം. യാത്രയ്ക്കിടെ മറ്റുള്ളവർ നൽകുന്ന പൊതികൾ സ്വീകരിച്ച് മയക്കുമരുന്നുകേസുകളിൽ പെടുന്ന പ്രവാസികൾ ഏറെയാണ്. ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണം നൽകാൻ പ്രവാസി സംഘടനകൾ തയ്യാറാകണം.
മുംതാസ് രഹാസ്: ചെക്ക് കേസിൽപെട്ട് ജയിലിൽ കഴിയുന്ന നിരവധിയാളുകളുണ്ട്. ഇവരെ എങ്ങനെ സഹായിക്കാൻ പറ്റും ?
രാജൻ പി തൊടിയൂർ: ചെക്ക് കേസിൽ സന്പാദ്യം മുഴുവൻ വിറ്റ് തുകയടച്ചിട്ടും ബാക്കി എത്ര കേസുകളുണ്ടെന്ന് പോലുമറിയാതെ ജയിലുകളിൽ കഴിയുന്ന പ്രവാസികളുണ്ട്. ഇവരുൾപ്പെടെയുള്ള പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് എസ് എ ജി ഗ്ലോബൽ ലോ ഫെർമിൻറെ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.
മുംതാസ് രഹാസ്: പഠനത്തിന് വിദേശത്ത് പോകുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ?
രാജൻ പി തൊടിയൂർ: യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വിദ്യാർഥികളെ കോളജുകളിലെത്തിച്ച് കമ്മീഷൻ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയിലും മറ്റുമുള്ള പല ഏജൻസികളും പ്രവർത്തിക്കുന്നത്. ഇതുമൂലം വിദൂര പ്രദേശങ്ങളിൽ ദുസഹമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ട സാഹചര്യമാണ് വിദ്യാർഥികൾ നേരിടേണ്ടിവരുന്നത്. ഇത് പരിഹരിക്കാൻ ഒൗദ്യോഗിക തലത്തിൽ സംവിധാനം വേണം. വിദേശ യൂനിവേഴ്സിറ്റികൾ കേരളത്തിലെ സർവകലാശാലകളിലേക്ക് വെരിഫിക്കേഷന് അയക്കുന്ന സർട്ടിഫിക്കറ്റുകളിൽ കാലതാമസമില്ലാതെ മറുപടി നൽകണം. അതുപോലെ നിയമ പരമായ സംരക്ഷണം ആവശ്യമുള്ളപ്പോൾ എസ് എ ജി ഗ്ലോബൽ ലോ ഫെർമിൻറെ സഹായം തേടാവുന്നതാണ്.
മുംതാസ് രഹാസ്: എസ് എ ജി ഗ്ലോബൽ ലോ ഫെർമിൻറെ ശാഖകൾ ഏതൊക്കെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്?
രാജൻ പി തൊടിയൂർ: ഇതിൻറെ ആസ്ഥാനം ലണ്ടൻ ആണ്. യു കെ കൂടാതെ യൂ എ ഇ , ഇറാൻ , ടർക്കി , കാനഡ , ഇന്ത്യ എന്നിവിടെങ്ങളിലും ഇത് പ്രവർത്തിക്കുന്നു.
മുംതാസ് രഹാസ്: ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യത്ത് എങ്ങനെയാണ് ഇത് പ്രവർത്തിക്കുക?
രാജൻ പി തൊടിയൂർ: ഇന്ത്യയിലെ പരിചയ സമ്പന്നരായ നിയമജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കൺസോർട്ടിയം രൂപീകരിക്കുക എന്നതാണ് പ്രധാന പരിപാടി. ‘സീനിയർ അഡ്വക്കേറ്റ്സ് ഗ്രൂപ്പ് ‘ എന്നതാണ് എസ് എ ജി ഗ്ലോബൽ ലോ ഫെർമിൻറെ മുദ്രാവാക്യം. നിയമജ്ഞരുടെ ആഗോള കൂട്ടായ്മ. അതിലൂടെ എല്ലാവർക്കും നീതിയുടെ സംരക്ഷണം. താല്പര്യമുള്ള ആർക്കും ഇതിൽ അംഗമാകാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
(കൂടുതൽ വിവരങ്ങൾക്ക് E mail: rajan@saglawfirm.in ഫോൺ :094955 20361 )