പ്ലസ് ടുവിന് ശേഷം എന്ത്? രാജൻ പി തൊടിയൂർ

Share:

‘എൻറെ റേഡിയോ’ 91. 2 എഫ് എം ൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂരുമായി, മുംതാസ് രഹാസ് നടത്തിയ അഭിമുഖം.

മുംതാസ് രഹാസ് : കേരളത്തിലെ ഓരോ വിദ്യാർഥിയും രക്ഷിതാവും നേരിടുന്ന ഒരു ചോദ്യമുണ്ട്. പ്ലസ് ടുവിന് ശേഷം എന്ത്? എന്ത് ജോലി , എന്ത് ഉപരിപഠനം? ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം അതാണ് . പ്ലസ് ടുവിന് ശേഷം എന്ത്? അതേക്കുറിച്ചൊന്ന് വിശദീകരിക്കാമോ ?

രാജൻ പി തൊടിയൂർ : നാല്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഇതേ ചോദ്യം മനസ്സിൽ ഉദിച്ചതിൽനിന്നാണ് , മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ മാസിക, ‘കരിയർ മാഗസിൻ’ മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപ് , ഉണ്ടാകുന്നത്. പത്താം ക്ളാസ്സിന് ശേഷം എന്ത്? വിശേഷിച്ചും നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾ , രക്ഷിതാക്കൾ മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷവും ഇതേ ചോദ്യം നേരിടുകയാണ്.

1984 കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുക എന്നതായിരുന്നു പ്രധാനം . അതിനുവേണ്ടി , ഇത്തരം കാര്യങ്ങൾ ഗൗരവപൂർവ്വം കാണുകയും അതൊരു ജീവിത വ്രതമായി സ്വീകരിക്കുകയും ചെയ്തവരെ കണ്ടെത്തുക ഒരു ‘ഹിമാലയൻ ടാസ്ക്കാ’യിരുന്നു അന്ന് , ഞാനും എൻറെ സഹപ്രവർത്തകരും , എഡിറ്റർ , രഘു കെ തഴവ, സബ് എഡിറ്റർ മാരായിരുന്ന എം സുരേഷ് കുമാർ, പ്രശാന്ത് ചിറക്കര,രാജീവ് പെരുമ്പുഴ , രാജ്മോഹൻ, ജി രാധാകൃഷ്ണൻ, രാജൻ മണപ്പള്ളി തുടങ്ങിയവർ ഒരുപാട് കഷ്ടപ്പെട്ടു . അങ്ങനെയാണ് ഡോ. സുകുമാർ അഴിക്കോട്, ബി എസ് വാരിയർ, പി വി രവീന്ദ്രൻ, ഡോ. എം വി പൈലി , പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ,സന്തോഷ്, ഡോ . എം എ എലിക്കോട്ടിൽ, സിറാജ് മീനത്തേരി , ഡോ. ഡൊമിനിക് , തുടങ്ങിയവർ ഗൗരവമേറിയ പരമ്പരകളുമായി കരിയർ മാഗസിൻറെ സ്ഥിരം എഴുത്തുകാരാകുന്നത്.

ഉദ്യോഗാർഥികളും വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുവാൻ കരിയർ മാഗസിൻ സഹായകമായി. ഇപ്പോൾ അതിൻറെ ഓൺലൈൻ പതിപ്പ് കരിയർ മാഗസിൻ ഡോട്ട് ഇൻ അതെ ധർമ്മമാണ് ചെയ്യുന്നത്.പക്ഷെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇപ്പോഴും സംശയം ബാക്കിനിൽക്കുകയാണ്.
ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എന്ത് പഠിക്കണം, ഏത് സ്ഥാപനമാണ് മികച്ചത്, പഠിച്ചിറങ്ങിയാൽ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ പ്ലസ് ടുപഠിച്ചവർക്ക് മൂന്നിലുണ്ട് .

അടുത്തയിടെ ഒരു രക്ഷിതാവ് പറയുകയായിരുന്നു. എൻറെ മകൻ പ്ലസ് ടു കഴിഞ്ഞു. തുടർന്ന് പഠിക്കാൻ നിർവാഹമില്ല.ജോലി വേണം. എന്താണ് ചെയ്യുക. ജോലി എന്ന് പറയുമ്പോൾ സർക്കാർ ജോലിയാണുദ്ദേശിക്കുന്നത്. അങ്ങനെയുള്ളവർക്ക് ഏറ്റവും മികച്ച അവസരമാണ് കേരള പബ്ലിക് സർവീസ് നടത്തുന്ന എൽ ഡി ക്ളർക് പരീക്ഷ. നമ്മുടെ സിവിൽ സർവിസിൽ ലഭിക്കാവുന്ന ഏറ്റവും മാന്യമായ ജോലി . കഴിഞ്ഞ തവണ വരെ പത്താം ക്ലാസ്സായിരുന്നു കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഇനി അത് പ്ലസ് ടു ആകും.

മുംതാസ് രഹാസ് : പ്ലസ് ടു കഴിഞ്ഞാൽ എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിൻ എന്ന ചിന്തയാണ് മിക്ക രക്ഷിതാക്കളിലും. അതേക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ : ശരിയാണ്.പ്ലസ് ടു കഴിയുന്നതോടെയാണ് ഉപരിപഠനത്തിൻറെ വിവിധ മേഖലകളിലേക്ക് കുട്ടികൾ തിരിയുന്നത്. പ്ലസ് ടു വിനുശേഷം എന്തു പഠിക്കണമെന്ന ചോദ്യം എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്ലസ് ടു പഠനക്രമമനുസരിച്ച് സയൻസ് , ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിലാണ് കുട്ടികൾ പാസാകുന്നത്.
വ്യത്യസ്തമായ പഠനമേഖലയായതിനാൽ പ്ലസ് ടു വിന് പഠിച്ച വിഷയങ്ങളുടെ പിന്തുടർച്ചയുള്ള വിഷയങ്ങളും പഠനമേഖലകളും തെരഞ്ഞെടുക്കാം. അല്ലെങ്കിൽ പുതിയ പഠനവിഷയങ്ങളിലേക്കു തിരിയാം. വിദ്യാർഥികളുടെ അഭിരുചിയും പഠനപ്രാപ്തിയും ആൺ പെൺ വ്യത്യാസവും രക്ഷിതാക്കളുടെ സാമ്പത്തികപ്രാപ്തിയുംഒക്കെ പരിഗണിച്ച് ഉചിതമായ പഠനമേഖലകൾ പഠിതാവ് കണ്ടത്തെണം. എങ്കിലും പൊതുവേ കേരളത്തിലെ പ്ലസ് ടു ജേതാവിനോട് രക്ഷിതാക്കൾ അവശ്യപ്പെടുന്നത് മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ് പഠിക്കുക എന്നതാണ്. എന്നാൽ തുടർ പഠനത്തിനായി ഒരുപാട് വാതിലുകൾ പ്ലസ് ടു കഴിയുന്നവരുടെ മുന്നിൽ തുറന്നുകിടപ്പുണ്ട്.

സയൻസ് വിഷയം പഠിച്ച് പ്ലസ് ടു ജയിച്ച വിദ്യാർത്ഥി സയൻസിൻറെ തുടർ പഠനത്തിനും മാനവിക വിഷയങ്ങളുടെ (Humanities) പഠനത്തിനും കോമേഴ്സ് പഠനത്തിനും ഒരുപോലെ യോഗ്യനാണ്. സയൻസ് ഗ്രൂപ്പ് പഠിച്ച് പ്ലസ് ടു ജയിച്ച വിദ്യാർത്ഥിക്ക് എൻട്രൻസ് എഴുതി മെഡിക്കൽ, എൻജിനീയറിങ്, ഫോറസ്ട്രി ഫിഷറീസ് വിഷയങ്ങളിൽ തുടർ പഠനം നടത്താം. ബയോളജി പഠിച്ചു സയൻസ് ഗ്രൂപ്പ് വിജയിച്ചവർക്ക് പാരാമെഡിക്കൽ കോഴ്സുകൾ (നഴ്സിങ്, ബി.ഫാം, മെഡിക്കൽ ലാബ് ടെക്നീഷ്യൻ മുതലായവ) ആധുനിക മെഡിസിൻ, ആയുർവ്വേദ നഴ്സിങ് എന്നിവയിലും അനുബന്ധ മേഖലയിലും തുടർ പഠനം നടത്താൻ കഴിയും. എൻജിനീയറിങ് മേഖലയിൽ എന്ട്രന്സ് എഴുതാതെ എൻജിനീയറിങ് പഠനം തുടരാൻ പ്ലസ് ടു മാത്തമാറ്റിക്സ് പഠിച്ച കുട്ടികൾക്ക് അവസരമുണ്ട്.

പോളിടെക്നിക് കോളജുകളിലെ എൻജിനീയറിങ് അല്ലെങ്കിൽ നോൺ എൻജിനീയറിങ് ശാഖകളിൽ പഠനം നടത്താം. പോളിടെക്നിക്കിൽ പഠിക്കാൻ പ്ലസ് ടു പരീക്ഷയിലെ മാർക്കല്ല പരിഗണിക്കുക, പത്താംക്ളാസിലേതാണ്. അക്കാരണത്താൽ ഏതു ഗ്രൂപ്പ് പഠിച്ച വിദ്യാവിദ്യാർത്ഥികൾക്കും പോളിടെക്നിക്കോഴ്സിനു ചേർന്ന് ഉപരിപഠനം നടത്താം. അധ്യാപന ജോലിയിൽ താല്പര്യമുള്ളവർക്ക് കേരള സർക്കാരിൻറെയും സ്വകാര്യ മാനേജ്മെന്റിന്റയും നിയന്ത്രണത്തിലുളള ടീച്ചേഴ്സ് ട്രെയ്നിങ് കോളജുകളിൽ ചേർന്ന് ടി.ടി.സി പാസായി പ്രൈമറി സ്കൂൾ ടീച്ചറാകാനുള്ള യോഗ്യത നേടാം. ടി.ടി.സി പഠനത്തിന് യോഗ്യതാമാനദണ്ഡം പ്ളസ്ടു മാർക്കാണ് . ഏതു ഗ്രൂപ്പ് പഠിച്ചാലും ടി.ടി.സി പഠനത്തിനു യോഗ്യരാണ്.

സയൻസ് ഗ്രൂപ്പിൽ പ്ളസ്ടു യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പരമ്പരാഗത ബി.എസ്സി ഡിഗ്രി വിഷയങ്ങൾ (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി, സുവോളജി മുതലായവ) തുടർ പഠനത്തിനായി തെരഞ്ഞെടുക്കാം. അല്ലെ ങ്കിൽ സയൻസ് മേഖലയിലെ ന്യൂ ജനറേഷൻ കോഴ്സുകളായ ബി.ബി.എ, ബി.എസ്സി, കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി ഇലക്ട്രോണിക്സ് പോലുള്ള വിഷയങ്ങൾ പഠിച്ച് ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടി ഗവേഷണ മേഖലയിൽ പ്രവർത്തിക്കാനും പ്ളസ്ടു സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ അധ്യാപകരാകാനും ഉയര്ന്ന ശാസ്ത്ര ഗവേഷണ പഠന സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞരാകാനും അവസരങ്ങൾ ലഭിക്കും.

മാനവിക വിഷയങ്ങൾ, കോമേഴ്സ് എന്നീ ഗ്രൂപ്പുകൾ പഠിച്ച് പ്ളസ്ടു പാസായ വിദ്യാര്ഥികൾക്ക് ഈ പഠനവിഷയങ്ങളിലെ പരമ്പരാഗത ഡിഗ്രി പഠനങ്ങളായ ബി.എ, ബി.കോം പോലുള്ള ഡിഗ്രി പഠനം നടത്തി  ഈ വിഷയങ്ങളിലെ ഉപരിപഠനത്തിൽ പ്രവേശിക്കാം.

മുംതാസ് രഹാസ് : പത്താം ക്ലാസിനുശേഷം എന്ന ഒരു പ്രശ്നവും നാം നേരിടുന്നില്ലേ?

രാജൻ പി തൊടിയൂർ : പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാലുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുകയെന്നത്  ഗൗരവമുള്ള കാര്യമാണ്. പലരും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പ്രവേശനം കിട്ടുന്നിടത്ത് ചേരുന്ന അവസ്ഥയാണുള്ളത്. റിസൾട്ട് വരുംമുമ്പ് തന്നെ സാധ്യതകളും ലഭ്യമാകുന്ന സ്ഥാപനങ്ങളും ഏതെന്ന് കണ്ടുവെക്കണം. വീടിന് ഏറ്റവും അടുത്തുള്ള സ്ഥാപനം എന്നത് മാത്രമായിരിക്കരുത് മാനദണ്ഡം. മികച്ച സ്ഥാപനം, ഉയർന്ന പഠനത്തിന് അവസരങ്ങളുള്ളത്, പൊതുപ്രവേശന പരീക്ഷകകൾക്ക്  ആവശ്യമായ പരിശീലനങ്ങൾ നല്കുന്നവ, കുട്ടിയുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളുള്ളവ എന്നിവ ശ്രദ്ധിച്ചുവേണം പ്ലസ് ടു കോഴ്സ് തിരഞ്ഞെടുക്കാൻ.ഏത് സിലബസിലാണ് തുടർന്ന് പഠിക്കേണ്ടത് എന്നതാണ്പ്ലസ് ടു തിരഞ്ഞെടുക്കുന്നവരുടെ മുന്നിലുള്ള പ്രധാന പ്രശ്‍നം . കേരള സിലബസ് വേണോ, സി ബി എസ് ഇ സിലബസ് വേണോ അതോ മറ്റേതെങ്കിലും കരിക്കുലത്തിൽ പഠിക്കേണമോ എന്നത് പലരെയും കുഴയ്ക്കുന്ന ചോദ്യമാണ്.  പ്രത്യേകിച്ച് പത്താംക്ലാസ് പൂർത്തിയാക്കിയ കുട്ടികളുടെ കാര്യത്തിൽ .
കേരളത്തിലെ പ്ലസ് ടു കോഴ്സുകളുടെ പ്രവേശനം ഏകജാലകം വഴിയാണിപ്പോൾ.  ഇത്തിരി ദോഷങ്ങളുണ്ടെങ്കിലും ഒരുപാട് ഗുണങ്ങൾ ഈ സംവിധാനത്തിലുണ്ട്. സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ ഈ സംവിധാനത്തിന് ഒട്ടൊക്കെ സാധിച്ചിട്ടുണ്ട്. ഇത്തിരി ശ്രദ്ധിച്ചാൽ ഏകജാലകം വഴിയുള്ള പ്രവേശനം നമുക്ക് ഗുണകരമാക്കാം.
കേരള സിലബസ് തെരഞ്ഞെടുക്കുന്നവർക്കാണ് ഏകജാലകം. 10-ാം ക്ലാസ് വരെ സി ബി എസ് ഇ യിൽ പഠിച്ചുവന്ന കുട്ടി പിന്നീട് കേരള സിലബസിലേക്ക് മാറുമ്പോൾ ഈ സംവിധാനം വഴിയാണ് കയറേണ്ടത്.
മിക്ക അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷകളും മത്സര പരീക്ഷകളുടെയും സിലബസ് കേന്ദ്രീയ സിലബസിന്റെ പരിഷ്കരിച്ച രൂപങ്ങളിലാണ് നടക്കാറുള്ളത്.
കേരള പൊതുപ്രവേശന പരീക്ഷ മാത്രമാണ്  ലക്ഷ്യമെങ്കിൽ പ്ലസ് ടുവിന് കേരള സിലബസ് തെരഞ്ഞെടുക്കുകയായിരിക്കും ഉചിതം. കേരളത്തിനകത്ത് തന്നെ തുടർ പഠനം, മറ്റ് കോഴ്സുകൾ എന്നിവ ലക്ഷ്യംവെക്കുന്നവർക്കും കേരള സിലബസ് നന്നായിരിക്കും.

മുംതാസ് രഹാസ് : പ്ലസ് ടു തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ : പ്ലസ് ടു തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും മൂന്നു ഗ്രൂപ്പുകളാണ് മുന്നിലെത്തുന്നത്. സയൻസ് , കോമേഴ്സ്, ഹ്യുമാനിറ്റീസ്. ഏത് ഗ്രൂപ്പിൽ ചേരണമെന്നത് പത്തിൽ ലഭിച്ച എ പ്ലസ് ഗ്രേഡ് നോക്കിയല്ല, കുട്ടിയുടെ അഭിരുചി നോക്കിയാവണം. മിക്ക രക്ഷിതാക്കളും ഇപ്പോൾ ചെയ്യുന്ന കാര്യം, കൂടുതൽ എ പ്ലസ് ഉണ്ടെങ്കിൽ സയന്സിനും കുറവാണെങ്കിൽ ഹ്യുമാനിറ്റീസിനും മക്കളെ പ്രേരിപ്പിക്കുന്നു എന്നതാണ്.

മുംതാസ് രഹാസ് : ആര് സയൻസ് എടുക്കണം?

രാജൻ പി തൊടിയൂർ : സയൻസ് വിഷയങ്ങളായ കണക്ക്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര് സയൻസ് എന്നീ വിഷയങ്ങളോട് താല്പര്യമുള്ളവരും ഇതിലൂടെ തന്നെ തുടർപഠനസാധ്യതയുള്ളവരുമാണ് സയൻസ് എടുക്കേണ്ടത്. ഉദാഹരണം, മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സുകൾ ലക്ഷ്യമിടുന്നവര് സയൻസ് തന്നെ എടുക്കണം. ഭാഷാപഠനമാഗ്രഹിക്കുന്നവര് സയൻസ് എടുക്കുന്നത് ഗുണം ചെയ്യില്ല. ഇന്ന് മിക്ക പ്ലസ് ടു കോഴ്സിനും കണക്കും ബയോളജിയും ചേര്ന്ന സയൻസ് ഗ്രൂപ്പാണുള്ളത്. രണ്ട് വിഷയങ്ങളും വിരുദ്ധമായ വിഷയമാണെങ്കിലും ഒരേ ഗ്രൂപ്പിലാണ് മിക്ക സ്കൂളുകളിലുമുള്ളത്. മെഡിക്കൽ , എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള് രണ്ടും എഴുതാമെന്ന ഗുണം ഇതുവഴി ലഭിക്കുന്നുണ്ട്.

 

Tagstalk
Share: