ദേവസ്വം നിയമനങ്ങള്‍ സുതാര്യമാകും -മുഖ്യമന്ത്രി

ദേവസ്വം നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യ ക്കാന്‍ ദേവസ്വം റിക്രൂട്ട്‌മെൻറ് ബോര്‍ഡിൻറെ പുതിയ സോഫ്ട്‌വെയര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ദേവസ്വം റിക്രൂട്ട്‌മെമെൻറ് ബോര്‍ഡിൻറെ നിയമന നടപടികള്‍ക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ റിക്രൂട്ട്‌മെമെൻറ് മാനേജ്‌മെമെൻറ് സോഫ്ട്‌വെയര്‍ ‘ദേവജാലിക’യുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ ശുപാര്‍ശകള്‍വഴി ചിലഘട്ടങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ ദേവസ്വം നിയമനങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. അങ്ങനെവന്നാല്‍ അര്‍ഹരായവര്‍ തഴയപ്പെടും. അത് ഒഴിവാക്കാന്‍ ഇനി കഴിയും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും മുന്നാക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണം രാജ്യമാകെ ശ്രദ്ധിക്കുന്ന തീരുമാനമായി. മറ്റ് സംവരണവിഭാഗങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ അവരുടേയും സംവരണം വര്‍ധിപ്പിക്കുംവിധമായിരുന്നു ഈ തീരുമാനം.
പട്ടികജാതിക്കാരുള്‍പ്പെടെ പിന്നാക്കക്കാര്‍ക്ക് ശാന്തിനിയമനം നല്‍കിയ തീരുമാനത്തിനും അയല്‍സംസ്ഥാനങ്ങളില്‍നിന്നടക്കം അഭിനന്ദന പ്രവാഹമാണ്. പെരിയോറിന്റെ സ്വപ്‌നമാണ് കേരളത്തില്‍ നടപ്പാക്കാനായതെന്നാണ് തമിഴ്‌നാട്ടുകാര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ദേവജാലിക’ വഴി ദേവസ്വം നിയമനത്തിനുള്ള ആദ്യ വിജ്ഞാപനവും മുഖ്യമന്ത്രി പ്രകാശനം ചെ്‌യ്തു.
ദേവസ്വം നിയമനങ്ങളില്‍ വലിയ മാറ്റത്തിന് പുത്തന്‍ റിക്രൂട്ട്‌മെന്റ് രീതി വഴിതെളിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പി.എസ്.സി പോലെ സുതാര്യമാകും ഇനി നിയമനം. വിപ്ലവാത്മകമായ കാര്യങ്ങളാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി ശങ്കരദാസ്, ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സി-ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. രമണി എന്നിവര്‍ സംബന്ധിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍ സ്വാഗതവും സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.