‘പത്മാവതി’ യെ എന്തിനാണ് വേട്ടയാടുന്നത് ?
ലൂര്‍ദ് എം സുപ്രിയ
സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സിനിമ ‘പത്മാവതി’ക്കെതിരെ വലിയ കോലാഹലമാണ് നടക്കുന്നത്. ചിത്രം നിരോധിച്ചില്ലെങ്കില്‍ വലിയതരത്തിലുള്ള അക്രമങ്ങള്‍ നടത്തുമെന്നാണ് ശ്രീ രജപുത്ര കര്‍ണിസേന എന്ന വലതുപക്ഷ ‘ദേശീയവാദി’ സംഘടനയുടെ ഭീഷണി. സിനിമയ്ക്ക് ‘ചരിത്രപരമായ കൃത്യതയില്ല’ എന്നതാണ് അവരുടെ പ്രധാന ഉല്‍ക്കണ്ഠ.
ഇതാദ്യമല്ല ഒരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണിസേന മുന്നോട്ടുവരുന്നത്. 2008ല്‍ അശുതോഷ് ഗോവാരിക്കറുടെ ‘ജോധ അക്ബര്‍’ എന്ന ചിത്രത്തിനെതിരെയും ഈ സംഘടന മുന്നോട്ടുവന്നിരുന്നു. അതിനുശേഷം 2013ല്‍ ജോധ അക്ബര്‍ എന്ന പേരില്‍ ബാലാജി ടെലിഫിലിം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത സീരിയല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ രംഗത്തെത്തി.
പത്മാവതി സിനിമയ്ക്കെതിരെ ഇതാദ്യമല്ല കര്‍ണിസേന എതിര്‍പ്പുയര്‍ത്തുന്നത്. ജനുവരിയില്‍ ജയ്പുരിലെ ജയ്ഗഡ് കോട്ടയിലെ സിനിമയുടെ ചിത്രീകരണത്തിന്റെ സെറ്റ് ഏതാനും കര്‍ണിസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെ ബന്‍സാലി ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ബാന്‍സാലിയെ അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു. മാര്‍ച്ചില്‍ കര്‍ണിസേനയെ പിന്തുണയ്ക്കുന്നവര്‍ ചിത്തോഡ് കോട്ടയിലെ പത്മാവതി മഹലിലെ കണ്ണാടികള്‍ തകര്‍ത്തു. അലാവുദീന്‍ ഖില്‍ജി ആദ്യമായി പത്മാവതിയെ കാണുന്നത് ആ കണ്ണാടിയിലെ പ്രതിഫലനത്തിലൂടെയായിരുന്നു. ഇതാണ് ഖില്‍ജിയെ പത്മാവതിയെ പ്രണയിക്കുന്നതിലേക്ക് നയിച്ചതെന്നാണ് കഥ. എന്നാല്‍, റാണി പത്മാവതിയുടെ കാലത്തിനുശേഷമാണ് ഈ കണ്ണാടി സ്ഥാപിച്ചതെന്നാണ് കര്‍ണിസേനയുടെ വാദം. അതിനാല്‍ ചരിത്രത്തെ വികലമാക്കുന്നുവെന്നാണ് ആരോപണം. കോല്‍ഹാപുരിലെ മസായി പീഠഭൂമിയിലെ സിനിമാ ചിത്രീകരണ സെറ്റും മാര്‍ച്ചില്‍ തകര്‍ത്തു. സെപ്തംബറില്‍ ചിത്രത്തിന്റെ റിലീസിനെതിരെ കര്‍ണിസേന പത്മാവതി സിനിമയുടെ പോസ്റ്റര്‍ പരസ്യമായി കത്തിച്ചു.
രജപുത് സംഘടനകളുടെയും ചരിത്രകാരന്മാരുടെയും പ്രത്യേകസംഘം കണ്ട് വ്യക്തത വരുത്തുന്നതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് അവരുടെ ആവശ്യം. ചിത്രത്തിന്റെ നിര്‍മാതാവ് ഇത് സമ്മതിക്കുന്നില്ലെങ്കില്‍ ചിത്രം പൂര്‍ണമായും നിരോധിക്കണമെന്നാണ് ആവശ്യം. ചിത്രം നിരോധിക്കുന്നതുവരെ അക്രമപരിപാടികളും മാര്‍ച്ചുകളും സംഘടിപ്പിക്കുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച കോട്ടയിലെ തിയറ്ററിലേക്ക് അത്തരത്തിലുള്ള അക്രമപരിപാടികളുണ്ടായി. കര്‍ണിസേനയെ പിന്തുണച്ച് ജമാഅത്തെ ഇസ്ളാമി ഹിന്ദ് രാജസ്ഥാന്‍ ഘടകവും രംഗത്തെത്തി. ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് മുറിക്കുമെന്ന് കര്‍ണിസേന ഭീഷണി മുഴക്കി. ചിത്രത്തിനെതിരെയുള്ള കര്‍ണിസേനയുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ പ്രതികരിച്ചതിനാണ് അവരുടെ മൂക്ക് മുറിക്കുമെന്ന ഭീഷണി.
രാജസ്ഥാനിലെ ആദരണീയയായ റാണി പത്മാവതിയെയാണ് പത്മാവതിസിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നതാണ് കര്‍ണിസേനയുടെയും അവരെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകളുടെയും എതിര്‍പ്പിന് കാരണം. ചിത്രത്തില്‍ അലാവുദീന്‍ ഖില്‍ജി റാണി പത്മാവതിയെ പ്രണയിക്കുന്നതായി സ്വപ്നം കാണുന്ന രംഗമുണ്ടെന്നത് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടിയാണ് എതിര്‍പ്പ്. “ചിത്രത്തില്‍ റാണി പത്മാവതി അലാവുദീന്‍ ഖില്‍ജിയുമായി പ്രണയിക്കുന്ന സ്വപ്നരംഗങ്ങളുണ്ടെന്ന് ഞങ്ങളറിഞ്ഞു. ഞങ്ങളുടെ രാജ്ഞിയെ ഹീനമായ രീതിയില്‍ ചിത്രീകരിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഇത്തരം സിനിമ കര്‍ണിസേന ഒരിക്കലും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല”- കര്‍ണിസേനയുടെ ഗുജറാത്ത് ഘടകം പ്രസിഡന്റ് മന്‍സിന്‍ റാത്തോഡ് പറഞ്ഞു.
ഒന്നാമത്തേത്, പത്മാവതിയുടെ ചരിത്രപരമായ നിലനില്‍പ്പ് ഇന്നും ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണെന്ന് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി. ഏത് ചരിത്രവസ്തുതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കര്‍ണിസേന ചരിത്രപരമായ കൃത്യതയില്‍ അവകാശവാദം ഉന്നയിക്കുന്നത്? രണ്ടാമതായി, അവരുടെ വാദങ്ങള്‍ക്ക് ചരിത്രപരമായ രേഖകളുടെ പിന്തുണ ഉണ്ടെങ്കില്‍തന്നെ സിനിമ ചരിത്രത്തില്‍നിന്ന് വ്യതിചലിക്കുന്നതില്‍ തെറ്റൊന്നും പറയാനാകില്ല. ഇത് ആവിഷ്കാരസ്വാതന്ത്യ്രമാണ്. ഒരു സംവിധായകന്‍ ചരിത്രത്തില്‍നിന്ന് സ്വാതന്ത്യ്രങ്ങള്‍ കൈക്കൊണ്ടത് ഇതാദ്യമല്ല. ഉദാഹരണത്തിന് മുഗള്‍-ഇ-അസം എന്ന ചിത്രം കാണുക. ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ സമാഹരിച്ച ചിത്രങ്ങളില്‍ ഒന്നാണത്. ചരിത്രപരമായ കൃത്യതകളില്‍ മുഗള്‍-ഇ-അസമില്‍ ധാരാളം തെറ്റുകളുണ്ടായിരുന്നു.
എന്നാല്‍, ചിത്രം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ‘ഗൂമര്‍’ എന്ന ഗാനത്തില്‍ റാണി പത്മാവതി നൃത്തം ചെയ്യുന്നുവെന്നതാണ് ചിത്രം നിരോധിക്കണമെന്നതിന് ഉയര്‍ത്തുന്ന മറ്റൊരു കാരണം. ഇത് ചരിത്രപരമായി തെറ്റാണെന്നാണ് അവര്‍ പറയുന്നത്. കാരണം രജപുത്ത് മഹാറാണിമാര്‍ ആരുടെ മുന്നിലും നൃത്തംചെയ്യാറില്ലത്രേ. റാണി പത്മാവതിയോട് അനാദരവ് കാണിക്കുന്നതാണ് ഈ ചിത്രീകരണമെന്നും അവര്‍ പറയുന്നു. ചരിത്രപരമായ കൃത്യതകളില്‍ എന്തിനാണ് ഇത്ര നിര്‍ബന്ധം? മുഗള്‍-ഇ-അസം എന്ന ചിത്രത്തിലെ ഷീഷ് മഹല്‍ ഡാന്‍സ് ആ കാലഘട്ടത്തിന് അനുയോജ്യമായതായിരുന്നില്ല. 19-ാംനൂറ്റാണ്ടിലെ നൃത്തശൈലിയാണ് 16-ാംനൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ഒരെതിര്‍പ്പും ഉണ്ടായിരുന്നില്ല. രണ്ട്, ഇനി ആര്‍ക്കെങ്കിലും അത്തരം രംഗങ്ങള്‍ അനാദരവാണെന്ന് തോന്നുകയാണെങ്കില്‍ അത് കാണാതിരിക്കാനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്ട്. പക്ഷേ, എന്തിനാണ് അവര്‍ അതൊരു പ്രശ്നമായി തോന്നാത്ത, മറ്റുള്ളവരെ അത് കാണാന്‍ അനുവദിക്കില്ലെന്ന നിര്‍ബന്ധത്തോടെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്?
സിനിമയിലും ചരിത്രരേഖകളിലുമുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശം ഉന്നയിക്കാനുള്ള സ്വാതന്ത്യ്രം കര്‍ണിസേനയ്ക്കും മറ്റ് ഏതൊരു സംഘടനയ്ക്കുമുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ അത് നിരോധിക്കണമെന്ന് പറയുന്നതും സിനിമ സംവിധാനം ചെയ്യാനുള്ള സഞ്ജയ് ലീല ബന്‍സാലിയുടെ അവകാശത്തെ ഹനിക്കുന്നതും തീവ്രമായ നടപടിയാണ്.
കൂടാതെ, ചരിത്രപരമായ കൃത്യതകളുടെ അടിസ്ഥാനത്തില്‍ സിനിമയെ നിര്‍ബന്ധപൂര്‍വം വിലയിരുത്തുന്നത് എന്തിനാണ്? സിനിമയുടെ സംവിധാനം, ഛായാഗ്രഹണം, തിരക്കഥ എന്നിവ നല്ലതാണോ എന്ന രീതിയില്‍ വിലയിരുത്തിയാല്‍ പോരേ? ആത്യന്തികമായി ഒരു സിനിമ എത്രമാത്രം നല്ലതോ ചീത്തയോ ആണെന്ന് തീരുമാനിക്കുന്നത് ഈ വിലയിരുത്തലിലൂടെയാണ്. ചരിത്രപരമായി ഏറ്റവും കൃത്യമായ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടില്ല. നല്ല ഗവേഷണം നടത്താന്‍ സിനിമാ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ണിസേന എല്ലാവര്‍ഷവും അവാര്‍ഡ് ഏര്‍പ്പെടുത്തണം. സിനിമ റിലീസ്ചെയ്തതിനുശേഷം മാത്രമേ കര്‍ണിസേനയ്ക്ക് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ
(കടപ്പാട്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം)